'എന്തിനാണ് അവരെ കൊണ്ട് പരേഡ് ചെയ്യിപ്പിച്ചത്'; അതിഖ് വധത്തില്‍ യുപി സര്‍ക്കാരിനോട് സുപ്രീം കോടതി
ദില്ലി: സമാജ്‌വാദി പാര്‍ട്ടി മുന്‍ എം പിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. എന്തുകൊണ്ട് രണ്ട് പേരും വന്ന ആംബുലന്‍സ് ആശുപത്രി ഗേറ്റില്‍ കയറ്റിയില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. എന്തിനാണ് അവരെ കൊണ്ട് ആശുപത്രിയില്‍ വച്ച് പരേഡ് ചെയ്യിപ്പിച്ചതെന്നും സുപ്രീം കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ചോദിച്ചു.

അതിഖിനെയും അഷ്റഫിനെയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമെന്ന് ഷൂട്ടര്‍മാര്‍ എങ്ങനെ അറിഞ്ഞെന്നും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഏപ്രില്‍ 15ന് നടന്ന വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന സമഗ്രമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സംഭവങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും ജസ്റ്റിസ് ഡോ ചൗഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് കീഴിലുള്ള തുടര്‍നടപടികളും സത്യവാങ്മൂലത്തില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. അതിഖ് അഹമ്മദിന്റെ കൊലപാതരം സ്വതന്ത്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചത്.
ഏപ്രില്‍ 15ന് രാത്രിയോടെയായിരുന്നു ആക്രമികള്‍ രണ്ട് പേരെയും വെടിവച്ച് കൊലപ്പെടുത്തിയത്. മാധ്യമങ്ങളോട് അതിഖ് സംസാരിക്കുന്നതിനിടെ ഒരാള്‍ ആതിഖിന്റെ തലയ്ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. തലയ്ക്ക് ചേര്‍ത്ത് തോക്കുപിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അതിഖ് വെടിയേറ്റതിന് പിന്നാലെയാണ് സാഹോദരന്‍ അഷ്റഫിനും വെടിയേല്‍ക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടലില്‍ അതിഖ് അഹമ്മദിന്റെ മകന്‍ അസദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവവും. 2005ലെ ബി എസ് പി എം എല്‍ എ രാജു പാല്‍ വധക്കേസിലും ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഉമേഷ് പാല്‍ വധക്കേസിലും അതിഖ് അഹമ്മദ് പ്രതിയായിരുന്നു.
സംഭവത്തിന് പിന്നാലെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിഖിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ലവ്ലേഷ് തിവാരി, സണ്ണി. അരുണ്‍ മൗര്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ എത്തിയതെന്ന് കരുതുന്ന രണ്ട് മോട്ടോര്‍ സൈക്കിളും പൊലീസ് ക്സ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.












Click it and Unblock the Notifications