മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്താണ് താല്‍പര്യം: ഒരു മതപഠനവും വേണ്ടെന്നാണോ? ചോദ്യങ്ങളുമായി സുപ്രീംകോടതി
ഡല്‍ഹി: രാജ്യത്തെ മദ്രസകള്‍ അടച്ച് പൂട്ടണമെന്ന് നിർദേശിച്ച ദേശീയ ബാലാവകാശ കമ്മീഷനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. കുട്ടികള്‍ക്ക് യാതൊരു വിധത്തിലുള്ള മതപഠനവും പാടില്ലെന്നോ ബാലവകാശ കമ്മീഷന്‍ നിർദേശം എന്ന് ചോദിച്ച സുപ്രീംകോടതി നിർദേശം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമാണോയെന്നും ചോദിച്ചു. ' രാജ്യം സംസ്കാരങ്ങളുടെയും നാഗരികതകളുടെയും മതങ്ങളുടെയും ഒരു കലവറയായിരിക്കണം' എന്നും കോടതി ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായി സമർപ്പിക്കപ്പെട്ട ഹർജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിർണ്ണായക ചോദ്യങ്ങള്‍. ഹർജിയില്‍ ഇന്നലെ മുതല്‍ വാദം കേള്‍ക്കല്‍ ആരംഭിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് വാദം പൂർത്തിയാക്കുകയും വിധി പറയാനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയും ചെയ്തു.

ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് ഹാജരായത്. അലഹബാദ് ഹൈക്കോടതി വിധി ഭരണഘടനയുടെ 28 (2) അനുച്ഛേദം 28 (1) എന്നിവയ്ക്ക് എതിരാണെന്നായിരുന്നു അദ്ദേഹം ഉയർത്തിയ പ്രധാന വാദം. ആർട്ടിക്കിൾ 28 (2) അനുസരിച്ച്, ട്രസ്റ്റുകൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ വഴി മതപരമായ പഠനങ്ങള്‍ നൽകാമെന്നും അദ്ദേഹം കോടതിക്ക് മുമ്പാകെ പറഞ്ഞു.
ആർട്ടിക്കിൾ 28(3) പ്രകാരം ഒരു വിദ്യാർത്ഥിക്ക് മതപരമായ പഠനം സ്വമേധയാ നേടാമെന്നും, എന്നാല്‍ അതിന് നിർബന്ധിതരാകരുത് എന്ന കാര്യമുണ്ടെന്ന് ചീഫ് ജസ്റ്റിസും ചൂണ്ടിക്കാട്ടി. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് മതേതരത്വം. മദ്രസകളിലേക്ക് മാത്രമല്ല ഒരു മതത്തിന്റേയും പാഠശാലകളിലേക്കും കുട്ടികളെ അയക്കരുതെന്നാണോ ബാലവാകാശ കമ്മീഷന്റെ നിലപാടെന്ന് ചോദിച്ച കോടതി കുട്ടികളെ മഠങ്ങളിലേക്കും വേദപാഠശാലകളിലേക്കും അയക്കുന്നതിലും സമാനമായ നിർദേശമുണ്ടോയെന്ന് ചോദിച്ചു.
മദ്രസ മാറാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് യുപി സര്‍ക്കാരിനോട് പറഞ്ഞ സുപ്രീം കോടതി മതപഠനം ഭരണഘടന വിലക്കുന്നില്ലെന്നും വ്യക്തമാക്കി. നമ്മുടെ രാജ്യം സംസ്കാരങ്ങളുടെയും നാഗരികതകളുടെയും മതങ്ങളുടെയും സംഗമഭൂമിയാണെന്ന സുപ്രധാനമായ പരാമർശവും ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുമുണ്ടായി.
അതേസമയം, രാജ്യത്ത് പ്രവർത്തിക്കുന്ന മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലവാകശ കമ്മീഷന്റെ നിർദേശത്തിന് സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്റ്റേ അനുവദിച്ചിരുന്നു. നിർദേശം വന്നതിന് പിന്നാലെ ഉത്തർപ്രദേശ്, മണിപ്പൂർ സർക്കാറുകള്‍ മദ്രസകള്‍ അടച്ച് പൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതേ തുടർന്ന് ഉത്തർപ്രദേശ് സർക്കാറിനെതിരെ ജംഇയത്തുല്‍ ഉലമ ഇ ഹിന്ദ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ സ്റ്റേ ഉത്തരവ്.












Click it and Unblock the Notifications