ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റം തടഞ്ഞ് സുപ്രീം കോടതി; പട്ടികയില്‍ രാഹുലിനെ ശിക്ഷിച്ച ജഡ്ജിയും
ദില്ലി: ഗുജറാത്തിലെ 68 ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ അടക്കം സ്ഥാനക്കയറ്റം തടഞ്ഞ് സുപ്രീം കോടതി. സറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്മുഖ്ഭായ് വര്‍മയും ഇതില്‍ വരും. രാഹുല്‍ ഗാന്ധി മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത് ഹരീഷ് വര്‍മയാണ്. ജസ്റ്റിസ് എംആര്‍ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് സ്ഥാനക്കയറ്റം മെറിറ്റിന്റെയും, സീനിയോറിറ്റിയുടെയും അടിസ്ഥാനത്തില്‍ അല്ലെന്നും, നിയമലംഘനമാണെന്നും അഭിപ്രായപ്പെട്ടു.
രവികുമാര്‍ മഹേത്ത, സച്ചിന്‍ പ്രതാപ്‌റായ് മേത്ത എന്നിങ്ങനെയുള്ള രണ്ട് സീനിയര്‍ സിവില്‍ ജഡ്ജ് കേഡര്‍ ഓഫീസര്‍മാരാണ് കോടതിയില്‍ പരാതി നല്‍കിയത്.ജില്ലാ ജഡ്ജിമാരുടെ ഉന്നl കേഡറിലേക്കാണ് ഈ 68 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത്.

ഗുജറാത്ത് ഹൈക്കോടതിയും, സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ജില്ലാ ജഡ്ജിമാര്‍ക്ക് നല്‍കിയ സ്ഥാനക്കയറ്റം നിയമവിരുദ്ധമാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവുന്നുണ്ടെന്ന് കോടതി പറഞ്ഞു. കോടതി വിധിക്കെതിരെയാണ് ഈ തീരുമാനങ്ങള്‍. അതുകൊണ്ട് ഇവ നിലനില്‍ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഈ പ്രമോഷന്‍ പട്ടികയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തുകയാണ്. സ്ഥാനക്കയറ്റം ലഭിച്ചവര്‍ അവര്‍ക്ക് മുമ്പുണ്ടായിരുന്ന പോസ്റ്റിലേക്ക് തന്നെ മടങ്ങണം. എന്താണോ പ്രമോഷന്‍ ലഭിക്കുന്നതിന് മുമ്പ് അവര്‍ക്കുണ്ടായിരുന്ന പദവി അതില്‍ തന്നെ തുടരാമെന്നും കോടതി പറഞ്ഞു. അതേസമയം സര്‍ക്കാരിനും ഹൈക്കോടതിക്കും ഇത് വന്‍ തിരിച്ചടിയാണ്.
അതേസമയം സ്ഥാനക്കയറ്റം തടഞ്ഞ കോടതി, ഈ കേസ് മറ്റൊരു ബെഞ്ച് കേള്‍ക്കുമെന്നും വ്യക്തമാക്കി. ജസ്റ്റിസ് എംആര്‍ ഷായ വിരമിക്കുന്ന സാഹചര്യത്തിലാണ് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റുന്നത്. മെയ് 15നാണ് ജസ്റ്റിസ് ഷാ വിരമിക്കുന്നത്. സൂറത്ത് ഹൈക്കോടതിയിലെ സിജെഎമ്മാണ് ഹരീഷ് വര്‍മ.
ഗുജറാത്ത് സര്‍ക്കാരിലെ അണ്ടര്‍ സെക്രട്ടറി, അസിസ്റ്റ് ഡയറക്ടര്‍ എന്നീ പദവികള്‍ വഹിക്കുന്നവരാണ് പരാതിക്കാര്‍. സംസ്ഥാന സര്‍ക്കാരിനും, ഗുജറാത്ത് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ജനറലിനും നേരത്തെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഏപ്രില്‍ പതിമൂന്നിനായിരുന്നു ഈ നോട്ടീസ് അയച്ചത്.
നോട്ടീസില്‍ രൂക്ഷമായി ഈ തീരുമാനത്തെ വിമര്‍ശിക്കുന്നുണ്ട്. കൃത്യമായ കാരണത്തോടെയല്ല ഈ സ്ഥാനക്കയറ്റമെന്ന് കോടതി നിരീക്ഷിച്ചു. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം തീര്‍ത്തും ദൗര്‍ഭാഗ്യകരമെന്നാണ് കോടതി നിരീക്ഷിച്ചത്. ഇത്തരമൊരു സ്ഥാനക്കയറ്റത്തില്‍ എന്ത് പാലിക്കണമെന്ന് അവര്‍ക്കറിയാം.
എന്നിട്ടും അവര്‍ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സുപ്രീം കോടതിയുടെ സ്‌റ്റേ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബിജെപിക്കും, കേന്ദ്ര സര്‍ക്കാരിനും, ഗവര്‍ണര്‍മാര്‍ക്കുമെല്ലാം സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു.












Click it and Unblock the Notifications