രജനികാന്തിന് രക്തക്കുഴലില്‍ തടസം; ശസ്ത്രക്രിയ കഴിഞ്ഞു... ആശുപത്രിക്ക് പുറത്ത് വന്‍ സുരക്ഷ
ചെന്നൈ: നടന്‍ രജനികാന്തിന് ശസ്ത്രക്രിയ കഴിഞ്ഞതായി കാവേരി ആശുപത്രി അധികൃതര്‍. തലച്ചോറിലേക്കും കഴുത്തിലേക്കുമുള്ള രക്തക്കുഴലില്‍ തടസമുണ്ടായതിനെ തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് രജനികാന്തിനെ വ്യാഴാഴ്ച വൈകീട്ട് ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധിച്ചു. എംആര്‍ഐ സ്‌കാനിങ് എടുത്തു. അപ്പോഴാണ് രക്തക്കുഴലില്‍ തടസം കണ്ടത്.
രക്തചക്രമണം ശരിയായ വിധം നടക്കാത്തതാണ് അസ്വാസ്ഥ്യത്തിന് ഇടയാക്കിയത്. തുടര്‍ന്ന് കഴുത്തില്‍ ശസ്ത്രക്രിയ നടത്തി. ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടാനില്ലെന്നും ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും കാവേരി ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. അതേസമയം, രജനിയുടെ ആരാധകര്‍ കൂട്ടത്തോടെ എത്താനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ആശുപത്രിക്ക് പുറത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ടാണ് രജിനികാന്തിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലവേദനയും ശ്വാസ തടസവും അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയിലെത്തിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍. ബന്ധു വൈജീ മഹേന്ദ്രന്‍ ആശുപത്രിയിലെത്തി രജിനിയെ കണ്ടു. നടന്റെ ആരോഗ്യ വിവരങ്ങള്‍ ആദ്യമായി പുറത്തുവിട്ടത് മഹേന്ദ്രനാണ്. രജിനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് മഹേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ സിനിമയായ അണ്ണാത്തെ റിലീസ് ആകുന്നതിന് മുമ്പ് രജിനി ആശുപത്രി വിടുമെന്നും മഹേന്ദ്രന്‍ പറഞ്ഞു. പതിവ് പരിശോധനകള്‍ക്ക് വേണ്ടിയാണ് രജിനികാന്ത് ആശുപത്രിയില്‍ പോയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലതയും സഹായികളും അറിയിച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് രജിനികാന്ത് ന്യൂഡല്‍ഹിയിലെത്തി ദാദാസാഹിബ് അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

രജനികാന്ത് ഏറെ ആദരവോടെ കാണുന്ന കെ ബാലചന്ദര്‍, സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്ക്‌വാദ്, കര്‍ണാടകയിലെ പഴയ കാല സുഹൃത്ത് രാജ് ബഹാദൂര്‍ എന്നിവര്‍ക്കായി ദാദാ സാഹിബ് അവാര്‍ഡ് സമര്‍പ്പിക്കുന്നു എന്നായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം രജനി പറഞ്ഞത്. രാജ് ബഹാദൂര്‍ പഴയ ബസ് ഡ്രൈവറാണ്. ആ ബസില്‍ കണ്ടക്ടറായിരുന്നു രജനികാന്ത്.

1975ല്‍ പുറത്തിറങ്ങിയ അപൂര്‍വ രാഗങ്ങള്‍ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് രജനി ചലച്ചിത്ര ലോകത്തെത്തിയത്. തന്നില്‍ ഒരു താരമുണ്ടെന്നും അഭിനയ കഴിവുണ്ടെന്നും ആദ്യം തിരിച്ചറിഞ്ഞ് പ്രോല്‍സാഹനം നല്‍കിയത് രാജ് ബഹാദൂര്‍ ആണെന്ന് രജനികാന്ത് പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരോഗ്യ പ്രശ്‌നങ്ങള്‍ രജനിയെ അലട്ടുന്നുണ്ട്.

കൃത്യമായ ഇടവേളകളില്‍ രജിനികാന്ത് വൈദ്യ പരിശോധന നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രജിനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദത്തിലുള്ള വ്യതിയാനമായിരുന്നു കാരണം. ആശുപത്രി വിട്ട ശേഷം അണ്ണാത്തെ ചിത്രീകരണത്തിലേക്ക് കടന്നു. അണ്ണാത്തെ നവംബര്‍ നാലിന് റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

അതേസമയം, ആരാധകര്‍ കൂടുതലായി ആശുപത്രിയിലേക്ക് എത്തുമെന്ന് സൂചനയുണ്ട്. കാവേരി ആശുപത്രിക്ക് പുറത്ത് 30 പോലീസുകാരെ വിന്യസിച്ചു. കൂടുതല്‍ പോലീസുകാര്‍ വൈകാതെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനിയുടെ ആരാധകര്‍ ആശുപത്രിക്ക് സമീപം പലയിടങ്ങളിലായി നില്‍പ്പുണ്ട്. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് പോലീസുകാരെ വിന്യസിച്ചത്. വനിതാ പോലീസുകാരുമുണ്ട്. പരിശോധനകള്‍ക്ക് ശേഷമേ ആളുകളെ ആശുപത്രിക്ക് അകത്തേക്ക് കടത്തിവിടുന്നുള്ളൂ.

നേരത്തെ രാഷ്ട്രീയത്തിലിറങ്ങുമെന്ന് രജിനികാന്ത് സൂചിപ്പിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തിലിറങ്ങില്ലെന്ന് അറിയിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് രജിനി രാഷ്ട്രീയ ലക്ഷ്യം ഉപേക്ഷിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍. ബിജെപിയുമായി രജിനികാന്ത് സഹകരിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അമിത് ഷാ ചെന്നൈയിലെത്തിയ വേളയില്‍ രജിനിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. പിന്നീടാണ് താരം രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications