രാഹുലിന്റെ വിശ്വസ്ത തൃണമൂല്‍ കോണ്‍ഗ്രസില്‍, പിണങ്ങിയത് ഈ 3 കാര്യങ്ങളില്‍, മമതയുടെ വിശ്വസ്തയാവും
ദില്ലി: കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവിന്റെ രാജി. ഇപ്പോഴിതാ നേതൃത്വത്തെ മുഴുവന്‍ അമ്പരിപ്പിച്ച് അവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ നയങ്ങളാണ് അവരുടെ ഈ മാറ്റത്തിന് കാരണമെന്നാണ് സൂചന.
അതേസമയം അസം-ത്രിപുര കോണ്‍ഗ്രസുകളില്‍ വലിയ സ്വാധീനമുണ്ടാക്കുന്ന കാര്യമാണിത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തമായ രാഷ്ട്രീയ എതിരാളിയായി മാറുകയാണെന്ന് ഇതോടെ വ്യക്തമാവുകയാണ്. നേരത്തെയും നിരവധി നേതാക്കള്‍ ത്രിപുരയില്‍ അടക്കം കോണ്‍ഗ്രസില്‍ നിന്ന് ടിഎംസിയിലേക്ക് പോയിരുന്നു.

മഹിളാ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ശേഷം സുഷ്മിത നേരെ അഭിഷേക് ബാനര്‍ജിയെ കാണാനാണ് പോയത്. മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ തൃണമൂലില്‍ ചേരുകയും ചെയ്തു. അഭിഷേകും ഡെറക് ഒബ്രയനും ചേര്‍ന്ന് സുഷ്മിതയെ തൃണമൂലിലേക്ക് സ്വാഗതം ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊതുജീവിതത്തിലെ പുതിയൊരു അധ്യായം തുടങ്ങുകയാണെന്ന് നേരത്തെ സുഷ്മിത കുറിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് ക്യാമ്പില്‍ സുഷ്മിതയുടെ രാജി വലിയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്. രാജിക്കത്ത് ഇതുവരെ സോണിയാ ഗാന്ധിക്ക് ലഭിച്ചിട്ടില്ലെന്നാണ് രണ്‍ദീപ് സുര്‍ജേവാല പറയുന്നത്.

സുഷ്മിതയുടെ രാജിക്കുള്ള പ്രധാന കാരണം അവഗണനയാണ്. ത്രിപുരയുടെ ചുമതല അവര്‍ക്ക് നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അസമില്‍ നിന്നുള്ള നേതാവാണ് അവര്‍. അതുകൊണ്ട് ത്രിപുര അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവര്‍ക്ക് നല്ല സ്വാധീനവുമുണ്ടായിരുന്നു. ബംഗാളില്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് അവര്‍. അതുകൊണ്ട് തന്നെ ത്രിപുര രാഷ്ട്രീയം അവരുടെ തട്ടകമായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ അവരുടെ അഭ്യര്‍ത്ഥനകളൊന്നും കോണ്‍ഗ്രസ് കേട്ടില്ല. അവരുടെ അഭ്യര്‍ത്ഥനകളെ സംഘടനാ സെക്രട്ടറി കെസി വേണുഗോപാല്‍ തള്ളിക്കളയുകയായിരുന്നു.

വേണുഗോപാലിന്റെ തണുത്ത സമീപനത്തില്‍ നിരാശയായിരുന്നു സുഷ്മിത. അതേസമയം പാര്‍ട്ടിയില്‍ വലിയ തോതില്‍ വളരാനുള്ള ലക്ഷ്യം കൂടിയായിരുന്നു ഇത്. അസമിലെ ബരാക് വാലിയാണ് സുഷ്മിത ദേവിന്റെ സ്വാധീന മേഖല. ഇവിടെ അടക്കം പാര്‍ട്ടി തന്നെ ദുര്‍ബലമാക്കുന്നു എന്ന തോന്നല്‍ അവര്‍ക്കുണ്ടായെന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ തന്നെ പറയുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് കരിയര്‍ മെച്ചപ്പെടുത്തുക മാത്രമായിരുന്നു ഏക മാര്‍ഗം. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ ടീമും ഈ രാജിക്ക് കാരണക്കാരായി എന്നാണ് കോണ്‍ഗ്രസ് സീനിയര്‍ ഗ്രൂപ്പുകളും പറയുന്നത്. അത് ഒരു പരിധി വരെ ശരിയുമാണ്.

അസം തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് പൗരത്വ നിയമത്തിനെതിരെയായിരുന്നു പ്രചാരണം നടത്തിയത്. എന്നാല്‍ സുഷ്മിത സിഎഎയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അസമിലെ സിഎഎ വിരുദ്ധ വികാരം മുതലെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സുഷ്മിതയുടെ ബരാക് വാലി മണ്ഡലത്തില്‍ നേരെ തിരിച്ചായിരുന്നു കാര്യങ്ങള്‍. ഇവിടെ സിഎഎ നടപ്പാക്കണമെന്ന ആവശ്യമായിരുന്നു നിലനിന്നിരുന്നത്. ബംഗ്ലാദേശില്‍ നിന്നടക്കം വരുന്ന കുടിയേറ്റക്കാര്‍ ഇവിടെയായിരുന്നു ഉണ്ടായിരുന്നത്. അവര്‍ക്കെതിരെയുള്ള വികാരം മണ്ഡലത്തില്‍ ശക്തമായിരുന്നു. ഇത് തിരിച്ചറിയാത്ത കോണ്‍ഗ്രസിനെ തിരുത്തുന്ന സമീപനമാണ് സുഷ്മിത സ്വീകരിച്ചത്.

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ത ഗ്രൂപ്പിലെ നേതാവായിരുന്നു സുഷ്മിത. അതുകൊണ്ട് തന്നെ അവരുടെ രാജി അമ്പരിപ്പിക്കുന്നതായിരുന്നു. സിഎഎ അനുകൂല നിലപാട് അവരെടുത്തത് രാഹുലിനെ ചൊടിപ്പിച്ചിരുന്നു. ബംഗാളി ഹിന്ദു കുടിയേറ്റക്കാരെ ബരാക് വാലിയില്‍ താമസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് സുഷ്മിതയുടെ പിതാവ് സന്തോഷ് മോഹന്‍ ദേവ്. ഈ വിഭാഗത്തിന്റെ പ്രിയ നേതാവുമായിരുന്നു അദ്ദേഹം. സില്‍ച്ചറില്‍ നിന്ന് അഞ്ച് തവണ സന്തോഷ് വിജയിച്ചിരുന്നു. 2014ലെ മോദി തരംഗത്തിലും സുഷ്മിത ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. എന്നാല്‍ ബാരക് വാലിയില്‍ കോണ്‍ഗ്രസ് സിഎഎ വിരുദ്ധ നിലപാട് സുഷ്മിതയുടെ കോട്ടയിലും വിള്ളല്‍ വീഴ്ത്തുകയായിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ ശിബ്‌സാഗറില്‍ അടക്കം അഗ്രസീവായി സിഎഎയ്‌ക്കെതിരെ പ്രചാരണം നടത്തിയത് സുഷ്മിതയെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ഈ നിയമത്തെ എതിര്‍ക്കാന്‍ സുഷ്മിത തയ്യാറായില്ല. രാഷ്ട്രീയപരമായി വലിയ നാണക്കേട് തനിക്കുണ്ടായതായി സുഷ്മിത പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിരുന്നു. ഇതിന് പുറമേ രാഹുലുമായും ഗൗരവ് ഗൊഗോയിയുമായും സുഷ്മിത ഇടഞ്ഞു. പ്രധാന കാരണം ബദ്‌റുദ്ദീന്‍ അജ്മലിന്റെ അഖിലേന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള സഖ്യത്തിലായിരുന്നു അത്. സഖ്യം വേണ്ടെന്ന് പലതവണ അവര്‍ പറഞ്ഞിരുന്നു. അത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും രാഹുലിനെ അറിയിച്ചിരുന്നു.

ബദറുദ്ദീന്‍ അജ്മലുമായി ചേര്‍ന്നത് കൊണ്ടാണ് കോണ്‍ഗ്രസ് തോറ്റതെന്ന് പിന്നീട് തെളിയുകയും ചെയ്തു. ടിക്കറ്റ് വിതരണത്തിലും അവര്‍ പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നു. കച്ചാറിലെ കുറച്ച് സീറ്റുകളില്‍ യാതൊരു സാധ്യതയുമില്ലാത്തവരെയാണ് ഹൈക്കമാന്‍ഡ് മത്സരിപ്പിച്ചത്. ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്ന് കൊണ്ടിരിക്കുകയായിരുന്നു. ഇവര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമായിരുന്നു. എന്നാല്‍ മുസ്ലീങ്ങള്‍ അജ്മലിലേക്കും അസം സംസാരിക്കുന്ന വോട്ടര്‍മാര്‍ ബിജെപിയിലേക്കും പോയി. ഇവരെയും കൂടി കോണ്‍ഗ്രസ് പിണക്കിയതോടെ തകര്‍ച്ച പൂര്‍ണമായി. രാഹുല്‍ ഗാന്ധിയുടെ ഇടപെടലാണ് ഇവരുടെ കോട്ട തകര്‍ത്തത്. ദേശീയ റോള്‍ കൊണ്ട് യാതൊരു ഉപകാരവുമില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു.

സുഷ്മിത ഹിമന്ത ശര്‍മയുമായി വളരെ അടുത്ത ബന്ധമുള്ളവരാണ്. എന്നാല്‍ തന്ത്രപരമായ നീക്കമാണ് അവര്‍ നടത്തിയത്. ബാരക് വാലിയില്‍ ശക്തരായ നിരവധി ബിജെപി നേതാക്കളുണ്ട്. അവരെല്ലാം ആര്‍എസ്എസ് പശ്ചാത്തലമുള്ളവരുമാണ്. ഈ സാഹചര്യത്തില്‍ ബിജെപിയില്‍ അവര്‍ക്ക് വളര്‍ച്ച അസാധ്യമാണ്. സില്‍ച്ചറില്‍ അവര്‍ തോറ്റതുമാണ്. ഈ സാഹചര്യത്തില്‍ തൃണമൂലാണ് അവര്‍ ഏറ്റവും ആവശ്യമുള്ള പാര്‍ട്ടി. ത്രിപുരയിലും അസമിലും പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമത്തിലാണ് മമത. തൃണമൂലിന്റെ നിര്‍ണായക നേതാവായി അവര്‍ മാറാനും സാധ്യത ശക്തമാണ്. വേണ്ടി വന്നാല്‍ പാര്‍ട്ടിയുമായി മുഖമായി അവര്‍ ത്രിപുരയില്‍ മാറാനും സാധ്യത ശക്തമാണ്.
Recommended Video

കെസി വേണുഗോപാലിന്റെ സമീപനത്തില്‍ പാര്‍ട്ടി വിടുന്ന ആദ്യ നേതാവല്ല സുഷ്മിത. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് രുചി ഗുപ്തയും പാര്‍ട്ടി വിട്ടിരുന്നു. പാര്‍ട്ടിയിലെ മാറ്റങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന നേതാവാണ് വേണുഗോപാലെന്നും അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സുഷ്മിത അത്തരമൊരു ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. എന്നാല്‍ സംഘടനയെ നിയന്ത്രിക്കുന്ന റോളില്‍ വളരെ മോശം പ്രവര്‍ത്തനമാണ് വേണുഗോപാല്‍ നടത്തുന്നത്. ഹൈക്കമാന്‍ഡ് പ്രവര്‍ത്തനവും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. നേരത്തെ അസമില്‍ രണ്ട് എംഎല്‍എമാര്‍ തന്നെ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഹിന്ദുക്കളുടെ പിന്തുണയും അപ്പര്‍ അസമിലെയും സ്വാധീനമേഖലയും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications