തമിഴ്‌നാട്ടില്‍ ബിജെപി പുതിയ കളിക്ക്; ഡിഎംകെ ശക്തി തകര്‍ക്കാന്‍ തന്ത്രം, പിടികൊടുക്കാതെ വിജയ്
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവം. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ രാഷ്ട്രീയ രംഗത്തും സംഘടനാ രംഗത്തും ശക്തമായ കെട്ടുറപ്പോടെയാണ് നില്‍ക്കുന്നത്. മറ്റു പാര്‍ട്ടികള്‍ക്ക് മുന്നേറ്റം സാധ്യമാകണമെങ്കില്‍ ഈ കെട്ടുറപ്പില്‍ വിള്ളലുണ്ടാകുകയോ പ്രതിപക്ഷ ചേരിയില്‍ ഐക്യമുണ്ടാകുകയോ വേണം.
പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ പല തട്ടുകളായി വിഭജിച്ചു നില്‍ക്കുകയാണ്. എടപ്പാടി പളനിസ്വാമി, ഒ പനീര്‍ശെല്‍വം, കെ ശശികല, ടിടിവി ദിനകരന്‍ എന്നിവര്‍ക്ക് കീഴില്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ് എഐഎഡിഎംകെ. പാര്‍ട്ടിയുടെ രണ്ടില ചിഹ്നം ആര്‍ക്കാണ് കിട്ടേണ്ടത് എന്ന കാര്യത്തില്‍ കോടതി അനുമതി നല്‍കിയതോടെ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതായി മാറിയിരിക്കുകയാണ്.

രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള വടംവലിയും എഐഎഡിഎംകെയിലുണ്ട്. പനീര്‍ശെല്‍വം, ശശികല, ദിനകരന്‍ എന്നിവരെല്ലാം തേവര്‍ സമുദായത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ എടപ്പാടി പളനിസ്വാമിയാകട്ടെ ഗൗണ്ടര്‍ സമുദായക്കാരനും. തേവര്‍ സമുദായം കൂടെ നിന്ന വേളയില്‍ തെക്കന്‍ തമിഴ്‌നാട് മൊത്തം എഐഎഡിഎംകെയുടെ നിയന്ത്രണത്തിലായിരുന്നു. ഗ്രൂപ്പ് പോര് കാരണം ഇവരുടെ വോട്ട് ഭിന്നിച്ചതാണ് ഡിഎംകെയ്ക്ക് അനുഗ്രഹമായത്.
അതേസമയം, ഗൗണ്ടര്‍ സമുദായം എഐഎഡിഎംകെയെ നിയന്ത്രണത്തിലാക്കി എന്ന അഭിപ്രായം പാര്‍ട്ടിയിലെ തേവര്‍ സമുദായ നേതാക്കള്‍ക്കുണ്ട്. ഈ അവസരം മുതലെടുക്കാന്‍ ബിജെപി ശ്രമിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന നേതാവ് കെഎ സെങ്കോട്ടയ്യനെ മുന്നില്‍ നിര്‍ത്തി എടപ്പാടിയെ ഒതുക്കാന്‍ എഐഎഡിഎംകെയിലെ ഒരുവിഭാഗം നടത്തുന്ന നീക്കം ബിജെപിയുടെ പിന്തുണയോടെയാണ് എന്നാണ് സൂചന.
ഒരുമിച്ച് നിന്നാല്‍ പാര്‍ട്ടിയുടെ രണ്ടില ചിഹ്നം തേവര്‍ സമുദായ നേതാക്കള്‍ക്ക് കിട്ടിയേക്കും. ബിജെപിയുമായി സഹകരിക്കുന്നതിനും സഖ്യമുണ്ടാക്കുന്നതിനും ശശികലയ്ക്കും പനീര്‍സെല്‍വത്തിനും എതിര്‍പ്പില്ലെങ്കിലും എടപ്പാടി പളനിസ്വാമി ശക്തമായി എതിര്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടില ചിഹ്നം പനീര്‍സെല്‍വം പക്ഷത്തിന് കിട്ടണം എന്നാണ് ബിജെപിയുടെയും താല്‍പ്പര്യം. ഇക്കാര്യത്തില്‍ ഇനി അവസാന തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാകും.
വിജയ് വന്നതോടെ സംഭവിക്കുന്നത്
അതിനിടെയാണ് നടന്‍ വിജയ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. വലിയ ജനപിന്തുണയുള്ള താരം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. പര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയിയെ ഉയര്‍ത്തിക്കാട്ടാനും ടിവികെ തീരുമാനിച്ചിട്ടുണ്ട്. ടിവികെയുമായി സഖ്യം ചേരാനുള്ള സാധ്യത എഐഎഡിഎംകെ നേതാക്കള്‍ തള്ളുന്നില്ല. ഒരു വര്‍ഷം മുമ്പ് ഇക്കാര്യം തള്ളി പ്രതികരിച്ച ടിവികെ നേതാക്കള്‍ പുതിയ ചര്‍ച്ചകളില്‍ മൗനം പാലിക്കുകയുമാണ്.
അതേസമയം, ബിജെപി സഖ്യത്തിന് വിജയ് ഒരിക്കലും തയ്യാറല്ല. എഐഎഡിഎകെയുമായി നേരത്തെ സഹകരിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം വിജയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡിഎംകെയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ വിജയ്-എഐഎഡിഎംകെ സഖ്യത്തിന് ബിജെപി പരോക്ഷ പിന്തുണ നല്‍കിയേക്കും.
എഐഎഡിഎംകെയില്‍ എടപ്പാടി ദുര്‍ബലാനായാല്‍ ബിജെപിക്ക് കൂടുതല്‍ ആശ്വാസമാകും. എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് സാധ്യത തെളിയുകയും ചെയ്യും. ഈ വേളയില്‍ ന്യൂനപക്ഷ, ദളിത് വോട്ടുകള്‍ നഷ്ടമാകുമോ എന്ന ആശങ്ക എഐഎഡിഎംകെയ്ക്കുണ്ട്. ശശികലയ്‌ക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം തുടരുന്നതും ഈ വേളയില്‍ ചര്‍ച്ചയാണ്.
എഐഎഡിഎംകെയുമായി സഖ്യം സാധ്യമായില്ലെങ്കില്‍ എഐഎഡിഎംകെ-ടിവികെ സഖ്യത്തിന് പുറത്തുനിന്നുള്ള പിന്തുണ നല്‍കി ബിജെപി അവസരം കാത്തിരുന്നേക്കും. ഡിഎംകെ തളര്‍ന്നാല്‍ മാത്രമേ ബിജെപിക്ക് തമിഴ് രാഷ്ട്രീയത്തില്‍ ഇടിച്ചുകയറാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ബിജെപിയുടെ അടുത്ത നീക്കമാണ് തമിഴ് രാഷ്ട്രീയത്തെ ഇളക്കിമറിക്കുക.












Click it and Unblock the Notifications