ശരത് കുമാര്‍ എഐഎഡിഎംകെ സഖ്യത്തില്‍ നിന്നും പിന്മാറി
ചെന്നൈ: തമിഴ് നടന്‍ ശരത് കുമാര്‍ നേതൃത്വം നല്‍കുന്ന സമത്വ മക്കള്‍ കച്ചി എഐഎഡിഎംകെ സഖ്യത്തില്‍ നിന്നും പിന്മാറിയതായി അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പിന്മാറ്റം. സര്‍ക്കാരിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച താന്‍ ജനങ്ങള്‍ക്കും നല്‍കിയ വാഗ്ദാനവും അതിലേറെയും പാലിച്ചുവെന്ന് ശരത് കുമാര്‍ പറഞ്ഞു.
വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയിലെ എട്ട് എംഎല്‍എമാര്‍ രാജിവെച്ചതുപോലെ ശരത് കുമാറിനും ഒരു എംഎല്‍എയെ നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. ഇവരില്‍ എംഎല്‍എ എര്‍ണാവുര്‍ നാരായണന്‍ ആണ് പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചതെന്ന് ശരത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എഐഎഡിഎംകെ സഖ്യത്തില്‍ നിന്നും പിന്മാറാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് എംഎല്‍എയുടെ കാലുമാറ്റം.

ഡിഎംകെ നേതാവ് കെ പി കന്ദസ്വാമിയാണ് ശരത് കുമാറിനെ ഡിഎംകെയിലൂടെ രാഷ്ട്രീയത്തിലേക്കെത്തിച്ചത്. സൗതേണ്‍ ജില്ലയിലെ നാടാര്‍ സമുദായത്തില്‍ സ്വാധീനമുള്ള നേതാവായിരുന്നു കന്ദസ്വാമി. ഈ സമുദായത്തിന്റെ പിന്തുണ ലഭിച്ചതോടെ ശരത്കുമാര്‍ ഡിഎംകെയില്‍ പ്രബലനായി. സൗത്തിന്റെ നേതൃസ്ഥാനം ശരത് കുമാറിന് നല്‍കാന്‍ കരുണാനിധി തീരുമാനിച്ച ഘട്ടത്തില്‍ തന്നെ ശരത് കുമാര്‍ പാര്‍ട്ടി വിട്ടു.
2006ല്‍ എഐഎഡിഎംകെയില്‍ ചേര്‍ന്നെങ്കിലും പിന്നീട് ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചി രൂപീകരിക്കുകയായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യുവനിരയെ രംഗത്തിറക്കാനാണ് ശരത് കുമാറിന്റെ തീരുമാനം. യുവതയ്ക്ക് രാഷ്ട്രീയത്തില്‍ കാര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും തെരഞ്ഞെടുപ്പില്‍ മികച്ച ജയം നേടുകയാണ് ലക്ഷ്യമെന്നും ശരത് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications