വിവാദ എംഎല്‍എ രാജ സിംഗിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ബിജെപി; സ്ഥാനാര്‍ത്ഥിത്വം ഉറപ്പ്?
ഹൈദരാബാദ്: തെലങ്കാന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഗോഷാമഹല്‍ എം എല്‍ എ ടി രാജ സിംഗിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ബി ജെ പി. പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുന്നതിന് തൊട്ടുമുന്‍പാണ് ബി ജെ പിയുടെ നീക്കം.രാജാ സിംഗ് നല്‍കിയ മറുപടിയും വിശദീകരണവും കമ്മിറ്റി പരിഗണിച്ചിട്ടുണ്ടെന്ന് ബി ജെ പിയുടെ കേന്ദ്ര അച്ചടക്ക സമിതി അംഗം സെക്രട്ടറി ഓം പഥക് പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കാന്‍ സമിതി തീരുമാനിച്ചത്. ഇസ്ലാമോഫോബിക് പ്രസംഗത്തിന്റെ പേരില്‍ കുപ്രസിദ്ധനാണ് രാജ സിംഗ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് അറസ്റ്റിലായതിന് ശേഷമാണ് രാജ സിംഗിനെ ബി ജെ പി സസ്പെന്‍ഡ് ചെയ്തത്. 2022 ഓഗസ്റ്റില്‍ നഗരത്തില്‍ ഒരു ഷോ അവതരിപ്പിക്കാന്‍ ഹാസ്യനടന്‍ മുനവര്‍ ഫാറൂഖിയ്ക്ക് അനുമതി നല്‍കിയിരുന്നു.

ഇതിന് മറുപടിയെന്നോണമായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷ പ്രതികരണം. രാജാ സിംഗിനെ പിഡി ആക്ട് പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐ പി സി 153 എ (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 (മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ മുറിവേല്‍പ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക), 505 (പൊതു ജനദ്രോഹം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാജ സിംഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
നൂപുര്‍ ശര്‍മ്മ വിവാദം കൊടുമ്പിരിക്കൊണ്ട സമയത്തായിരുന്നു രാജ സിംഗിന്റേയും പ്രസ്താവന പുറത്ത് വന്നത്. വിഷയത്തില്‍ മറ്റ് പല രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചതോടെ കേന്ദ്രസര്‍ക്കാരും സമ്മര്‍ദത്തിലായിരുന്നു. ഇതോടെയാണ് രാജ സിംഗിനെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം പിഡി ആക്ട് പ്രകാരമുള്ള അറസ്റ്റ് തെലങ്കാന ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് 2022 നവംബറില്‍ രാജ സിംഗ് ജയില്‍ മോചിതനായി.
നേരത്തെ പല ഹിന്ദു സംഘടനകളും സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബി ജെ പിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. അതിനിടെ 2023-ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി തനിക്ക് ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ഹിന്ദു സമൂഹത്തെ സേവിക്കുമെന്ന് പ്രഖ്യാപിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.
അതേസമയം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ രാജ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും നന്ദി പറഞ്ഞു.












Click it and Unblock the Notifications