കെസിആര്‍ രണ്ട് സീറ്റില്‍ മല്‍സരിക്കും; സീറ്റൊഴിച്ചിട്ടത് ബിജെപി നേതാവിനെന്ന് അഭ്യൂഹം, തെലങ്കാന പോര്
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് ഭാരതീയ രാഷ്ട്ര സമിതി (ബിആര്‍എസ്). പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖറ റാവു (കെസിആര്‍) ആണ് സ്ഥാനാര്‍ഥി പട്ടിക പരസ്യമാക്കിയത്. കെസിആര്‍ ഇത്തവണ രണ്ട് മണ്ഡലങ്ങള്‍ ജനവിധി തേടുമെന്നതാണ് എടുത്തുപറയേണ്ട കാര്യം.
119 നിയമസഭാ മണ്ഡലങ്ങളാണ് തെലങ്കാനയിലുള്ളത്. 115 സീറ്റില്‍ സ്ഥാനാര്‍ഥികളൈ തീരുമാനിച്ചു. മൂന്നാമതും പാര്‍ട്ടി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബിആര്‍എസ്. തന്റെ സിറ്റിങ് മണ്ഡലമായ ഗാജ്വലിന് പുറമെ കാമറെഡ്ഡി മണ്ഡലത്തിലും ഇത്തവണ കെസിആര്‍ മല്‍സരിക്കും. പാര്‍ട്ടി ആസ്ഥാനമായ തെലങ്കാന ഭവനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പട്ടിക പരസ്യമാക്കിയത്.

ഒമ്പത് മണ്ഡലത്തില്‍ മാത്രമാണ് പുതിയ സ്ഥാനാര്‍ഥികളുള്ളത്. കുരുത്‌ല, സെക്കന്തരാബാദ് കന്റോണ്‍മെന്റ്, മുലുഗ്, കാമറെഡ്ഡി, വെമുലവാഡ, വൈറ, ഹുസൂറാബാദ്, സ്റ്റേഷന്‍ ഗാന്‍പൂര്‍, ആസിഫാബാദ് എന്നീ മണ്ഡലങ്ങളില്‍ നേരത്തെ മല്‍സരിച്ചവരെ മാറ്റി. നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ജംഗാവ്, ഗോഷമഹല്‍, നമ്പള്ളി, നര്‍സാപൂര്‍ എന്നീ മണ്ഡലങ്ങളാണ് ഒഴിച്ചിട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് നാല് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം, ഗോഷമഹല്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ജയിച്ചത് വിവാദ ബിജെപി നേതാവ് രാജാസിങ് ആണ്. വിദ്വേഷ പ്രസംഗങ്ങളാല്‍ കുപ്രസിദ്ധനാണ് ഇദ്ദേഹം. വിവാദത്തെ തുടര്‍ന്ന് ബിജെപി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.
രാജാസിങ് കഴിഞ്ഞ മാസം ബിആര്‍എസ് നേതാവും മന്ത്രിയുമായ ഹരീഷ് റാവുവുമായി ചര്‍ച്ച നടത്തിയിരുന്നു. രാജാസിങ് ബിആര്‍എസില്‍ ചേരുമെന്ന പ്രചാരണത്തിന് ഇത് കാരണമായി. എന്നാല്‍ ബിജെപിയില്‍ നിന്ന് രാജിവയ്ക്കില്ലെന്നും പാര്‍ട്ടി സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് അവധി എടുത്താലും മറ്റു കക്ഷികളില്‍ ചേരില്ലെന്നാണ് രാജാസിങിന്റെ പ്രതികരണം.

അതേസമയം, ഗോഷമഹല്‍ മണ്ഡലത്തില്‍ ബിആര്‍എസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരുന്നതോടെ മണ്ഡലം വീണ്ടും ചര്‍ച്ചയായി. രാജാസിങ് ബിആര്‍എസില്‍ ചേരുമെന്ന പ്രചാരണം വീണ്ടും ശക്തിപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി കെസിആര്‍ രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നത് എന്തിന് എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു. ബിജെപിയും കോണ്‍ഗ്രസുമാണ് ബിആര്‍എസിന്റെ എതിരാളികള്‍. ഒരുമുഴം മുന്നേയാണ് കെസിആറിന്റെ എല്ലാ നീക്കങ്ങളും.
നിസാമാബാദ് പാര്‍ലമെന്റ് മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലമാണ് കെസിആര്‍ തിരഞ്ഞെടുത്ത രണ്ടാമത്തെ മണ്ഡലമായ കാമറെഡ്ഡി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിസാമാബാദില്‍ കെസിആറിന്റെ മകള്‍ കവിത പരാജയപ്പെട്ടിരുന്നു. കാമറെഡ്ഡിയില്‍ കെസിആര്‍ മല്‍സരിക്കുന്നതോടെ നിസാമാബാദില്‍ മകള്‍ക്കും ജയിക്കാവുന്ന രാഷ്ട്രീയ സാഹചര്യം രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെസിആറിന്റെ പൂര്‍വികരുടെ നാട് കൂടിയാണ് കാമറെഡ്ഡി.












Click it and Unblock the Notifications