മുസ്ലിങ്ങള്‍ കെസിആറിനെ കൈവിട്ട് കോണ്‍ഗ്രസിനൊപ്പം ചേരുമോ? മാറിയാല്‍ തെലങ്കാനയില്‍ സംഭവിക്കുന്നത്
ഹൈദരാബാദ്: കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും തെലങ്കാനയില്‍ മുസ്ലിം വിഭാഗത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് കെ ചന്ദ്രശേഖര റാവുവിന്റെ ബി ആർ എസിന് ലഭിച്ചത്. കോണ്‍ഗ്രസിനെ നേരിടാന്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ ഈ പിന്തുണ ബി ആർ എസിന് വലിയ കരുത്തുമായി. എന്നാല്‍ ഇത്തവണ മുസ്ലിം ജനത വലിയ തോതില്‍ തന്നെ ബി ആർ എസിനെ വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
തെലങ്കാനയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 13% വരുന്ന മുസ്ലീങ്ങൾ, സംസ്ഥാനത്തെ 119 നിയമസഭാ മണ്ഡലങ്ങളിൽ 45 എണ്ണത്തിലെങ്കിലും നിർണ്ണായക ശക്തികളാണ്. ഇവരുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കുകയാണ് അത് ബി ആർ എസിന് കനത്ത തിരിച്ചടിയാവും. സംയോജിത ആന്ധ്രാപ്രദേശിന്റെ കാലത്ത് മുസ്ലീങ്ങൾ കോൺഗ്രസിനെ പിന്തുണച്ചത് അത് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീനുമായി (എഐഎംഐഎം) സൗഹൃദത്തിലായതിനാലും ഭാരതീയ ജനതാ പാർട്ടിയെ ഉടനീളം എതിർക്കുന്നതിനാലുമാണെന്നാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള പണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനുമായ മിർ അയൂബ് അലി ഖാൻ പറയുന്നത്.

"ഒരു വിഭാഗം മുസ്ലീങ്ങള്‍ തെലുങ്ക് ദേശം പാർട്ടിയെ പിന്തുണച്ചിരുന്നുവെങ്കിലും കോൺഗ്രസിനും അവരുടെ പിന്തുണ വലിയതോതിൽ ലഭിച്ചു. വൈ എസ് രാജശേഖർ റെഡ്ഡി സർക്കാരിന്റെ കാലത്ത് അവർക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും നാല് ശതമാനം സംവരണം പോലും ലഭിച്ചിരുന്നു, "അദ്ദേഹം പറഞ്ഞു.
എന്നാല്‍ 2009-ൽ വൈ എസ് ആറിന്റെ മരണശേഷം, മുസ്‌ലിംകൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാൻ തുടങ്ങി. 2010-ലും 2011-ലും കിരൺ കുമാർ റെഡ്ഡി ഭരണകാലത്ത് മുസ്‌ലിംകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായി. എ ഐ എം ഐ എം 2011-ൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുകയും സ്വതന്ത്ര നിലപാട് സ്വീകരിക്കുകയും ചെയ്തു. . 2014-ൽ ബി ആർ എസ് സ്വതന്ത്രമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, മുസ്ലീങ്ങൾ അവർക്ക് വോട്ട് ചെയ്തുവെന്നും ഖാൻ പറഞ്ഞു.
2014 നും 2018 നും ഇടയിൽ, കെസിആർ സർക്കാർ മുസ്ലീങ്ങൾക്കായി ഷാദി ഖാനകളുടെ നിർമ്മാണം, ഷാദി മുബാറക്ക് (ദരിദ്ര മുസ്ലീം കുടുംബങ്ങൾക്ക് വിവാഹ ചെലവുകൾക്കായി ഒരു ലക്ഷം രൂപ) തുടങ്ങിയ ക്ഷേമ പദ്ധതികൾ നടപ്പിലാക്കി. "മുസ്ലിംകളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി മുസ്ലീങ്ങൾക്ക് മാത്രമായി 206 റെസിഡൻഷ്യൽ സ്കൂളുകളും കോളേജുകളും സ്ഥാപിച്ചതാണ് ഏറ്റവും വലിയ സംരംഭം. തെലങ്കാനയിൽ ഒരിടത്തും വർഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ല. എഐഎംഐഎമ്മുമായുള്ള സൗഹൃദ സഖ്യം ബിആർഎസിനെ ഒരു പരിധി വരെ സഹായിച്ചു, അത് 2018 ലെ തിരഞ്ഞെടുപ്പിൽ മുസ്‌ലിംകൾ ബിആർഎസിന് രണ്ടാമതും വോട്ട് ചെയ്യുന്നതിൽ കലാശിച്ചു," ഖാൻ പറയുന്നു.
ഇത്തവണയും എ ഐ എം ഐ എം, ബി ആർ എസിന് പിന്തുണ പ്രഖ്യാപിച്ചതോടെ കെ സി ആറിന്റെ നേതൃത്വത്തിൽ മുസ്ലീങ്ങൾ വിശ്വാസം അർപ്പിക്കുമെന്ന് ബി ആർ എസ് ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍, മുസ്ലീങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള വലിയ ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. അയല്‍ സംസ്ഥാനമായ കർണാടകയിൽ മുസ്‌ലിംകൾ വൻതോതിൽ തങ്ങള്‍ക്ക് വോട്ട് ചെയ്‌തതിൽ നിന്നാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം ഉടലെടുത്തത്. ഇത് തീർച്ചയായും തെലങ്കാനയിലും സ്വാധീനം ചെലുത്തുമെന്നാണ് മറ്റൊരു രാഷ്ട്രീയ നിരീക്ഷകനായ പ്രൊഫ.നാഗേശ്വർ ചൂണ്ടിക്കാണിക്കുന്നത്.
കർണാടകയിലെ സാഹചര്യം വ്യത്യസ്തമാണ്. അവിടെ പ്രധാന എതിരാളി ബി ജെ പിയാണ്. അതിനാൽ മുസ്ലീങ്ങൾക്ക് കോൺഗ്രസിന് വോട്ട് ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. തെലങ്കാനയിലേക്ക് വരുമ്പോള്‍ ബി ജെ പിയല്ല ബി ആർ എസാണ് പ്രധാന എതിരാളി. എന്നാല്‍ ദേശീയ തലത്തിൽ ബി.ജെ.പി.യെ നേരിടാൻ കഴിയുന്ന ഒരേയൊരു പാർട്ടി കോൺഗ്രസാണെന്ന ആഖ്യാനം രാജ്യത്തുടനീളവും തെലങ്കാനയിലും മുസ്ലീങ്ങൾക്കിടയിലും അതിവേഗം പടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
" ബി ആർ എസിന് ബി ജെ പിയുമായി മൗന ധാരണയുണ്ടെന്ന പൊതുധാരണ തെലങ്കാനയിലെ മുസ്ലീങ്ങൾക്കിടയിലും ശക്തമായി വളരുകയാണ്. അത് കോൺഗ്രസിന് അനുകൂലമായേക്കും. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പില്‍ അവർ വലിയ മുന്നേറ്റമുണ്ടാക്കിയേക്കും' നാഗേശ്വർ പറഞ്ഞു.












Click it and Unblock the Notifications