തെലങ്കാനയില്‍ വോട്ടെടുപ്പ് ആരംഭിച്ചു: പ്രതീക്ഷയോടെ കോണ്‍ഗ്രസും ബിആർഎസും, അട്ടിമറിക്കായി ബിജെപി
ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7 മണിയോടെ തന്നെ മിക്കവാറും എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. ഭരണകക്ഷിയായ ബി ആർ എസ് മൂന്നാം വിജയം ലക്ഷ്യം വെക്കുമ്പോള്‍ അധികാരം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ദക്ഷിണേന്ത്യയിൽ തങ്ങളുടെ കാൽപ്പാടുകൾ വിപുലീകരിക്കാൻ ബി ജെ പിയും സജീവമായി തന്നെ രംഗത്തുണ്ട്.
ജനക്ഷേമ പദ്ധതികള്‍, സംസ്ഥാന രൂപീകരണ സമര നായകനായ കെ സി ആർ തുടങ്ങിയ ഘടകങ്ങളിലാണ് ബി ആർ എസിന്റെ ഇത്തവണത്തേയും പ്രതീക്ഷ. എന്നാല്‍ അയല്‍ സംസ്ഥാനമായ കർണാടകയിലെ വിജയത്തിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ്. കർണാടകയിലെ വിജയം തെലങ്കാനയിലും ആവർത്തിക്കുമെന്ന് അവകാശപ്പെടുന്ന അവർ ഇരു സംസ്ഥാനങ്ങളിലും ഏകദേശം സമാനമായ വാഗ്ദാന തിരഞ്ഞെടുപ്പിന് നല്‍കിയിരിക്കുന്നത്.

ബി ആർ എസും ബി ജെ പിയും രഹസ്യമായി ഒത്തുകളിക്കുന്നുവെന്ന ആരോപണവും കോണ്‍ഗ്രസ് സജീവമായി ഉയർത്തുന്നുണ്ട്. ഇതിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിശ്വാസം. ഡൽഹി മദ്യ കുംഭകോണത്തിൽ റാവുവിന്റെ മകൾ കെ കവിതയെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാത്തതും ബി ജെ പി , ബി ആർ എസ് ധാരണയായി കോണ്‍ഗ്രസ് ആരോപിക്കുന്നു.
എൻ ഡി എയിൽ സ്ഥാനം തേടി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തന്നെ സമീപിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും കോൺഗ്രസിന് നേട്ടമായി. അതേസമയം, കർണാടകയിലെ വലിയ നഷ്ടത്തിന് ശേഷം തെലങ്കാനയിൽ ആശ്വാസം പ്രതീക്ഷിക്കുന്ന ബി ജെ പി നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാണിന്റെ ജനസേനയുമായി ചേർന്നാണ് നിയമസഭ തിരഞ്ഞെടുപ്പിനെ നേടിരുന്നത്.
മുഖ്യമന്ത്രി കെ സി ആർ ഉള്‍പ്പെടേയുള്ളവർ ഇന്ന് അങ്കത്തിനിറങ്ങുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്. കാമറെഡ്ഡിയിൽ കോൺഗ്രസിന്റെ രേവന്ത് റെഡ്ഡിക്കെതിരെയും അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ ഗജ്‌വേലിൽ ബി ജെ പിയുടെ എടല രാജേന്ദറിനെതിരെയുമായി അദ്ദേഹം രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നു.
കുക്കട്ട്പള്ളിയിൽ ബിആർഎസിന്റെ എം കൃഷ്ണ റാവുവും ജന സേന പാർട്ടിയുടെ എം പ്രേം കുമാറും തമ്മിലാണ് മത്സരം. അടുത്തിടെ ബി ആർ എസിൽ നിന്ന് കോൺഗ്രസിലേക്ക് മാറിയ മൈനാമ്പള്ളി ഹനുമത് റാവുവും ബി ജെ പിയുടെ എൻ രാമചന്ദറും ബി ആർ എസിലെ എം രാജശേഖർ റെഡ്ഡിയും ചേരുമ്പോള്‍ മൽകാജ്ഗിരിയില്‍ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്.












Click it and Unblock the Notifications