റിപ്പബ്ലിക് ടിവിയും പറയുന്നു തെലങ്കാന കോണ്‍ഗ്രസിനെന്ന്: ബിആർഎസിന് വന്‍ തിരിച്ചടി
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രഖ്യാപിച്ച് റിപ്പബ്ലിക് ടിവി - മെട്രിസ് എക്സിറ്റ് പോള്‍ സർവ്വേ ഫലവും. 58 മുതല്‍ 68 വരെ സീറ്റുകള്‍ നേടി സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഏജന്‍സി പ്രവചിക്കുന്നത്. അതേസമയം അധികാരത്തിലിരിക്കുന്ന കെ സി ആറിന്റെ ബി ആർ എസിന് 46 മുതല്‍ 56 സീറ്റുകള്‍ ലഭിക്കുമെന്നും സർവ്വേ അവകാശപ്പെടുന്നു.
ബി ജെ പിക്ക് റിപ്പബ്ലിക് ടിവി - മെട്രിസ് സർവ്വേയും കാര്യമായ മുന്നേറ്റം പ്രവചിക്കുന്നില്ല. നാല് മുതല്‍ ഒമ്പത് വരെ സീറ്റുകളില്‍ അവർ ഒതുങ്ങിയേക്കും. അതേസമയം ഒവൈസിയുടെ എ ഐ എം ഐ എം അവരുടെ പതിവ് സഖ്യയായ അഞ്ച് മുതല്‍ ഏഴ് വരെ സീറ്റുകള്‍ നിലനിർത്തിയേക്കും. മറ്റുള്ളവർക്ക് സീറ്റുകളൊന്നും സർവ്വെ പ്രവചിക്കുന്നില്ല.

അതേസമയം, ചാണക്യ സ്ട്രാറ്റജീസ് പുറത്ത് വിട്ട സർവ്വേ പ്രകാരം വ്യക്തമായ ഭൂരിപക്ഷമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 67 മുതല്‍ 78 വരെ സീറ്റുകള്‍ ലഭിക്കും. ആകെ 119 സീറ്റുകളാണ് സംസ്ഥാന നിയമസഭയിലുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 60 സീറ്റുകള്‍ മാത്രം. നിലവിലെ ഭരണ കക്ഷിയായ ബി ആർ എസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും. അവർ 22 മുതല്‍ 31 സീറ്റിലേക്ക് വരെ ഒതുങ്ങും. സംസ്ഥാനത്ത് വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന ബി ജെ പിക്കും വലിയ പ്രതീക്ഷയില്ല. ആറ് മുതല്‍ ഒമ്പത് വരെ സീറ്റുകള്‍ മാത്രമായിരിക്കും ബി ജെ പിക്ക് ലഭിക്കുകയെന്നാണ് പ്രവചനം. എ ഐ എം ഐ എമ്മിന് പതിവ് സഖ്യകള്‍ നിലനിർത്താന്‍ സാധിക്കും.
ജനക്ഷേമ പദ്ധതികള്‍, സംസ്ഥാന രൂപീകരണ സമര നായകനായ കെ സി ആർ തുടങ്ങിയ ഘടകങ്ങളിലാണ് ബി ആർ എസിന്റെ ഇത്തവണത്തേയും പ്രതീക്ഷ. എന്നാല്‍ അയല്‍ സംസ്ഥാനമായ കർണാടകയിലെ വിജയത്തിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസ്. കർണാടകയിലെ വിജയം തെലങ്കാനയിലും ആവർത്തിക്കുമെന്ന് അവകാശപ്പെടുന്ന അവർ ഇരു സംസ്ഥാനങ്ങളിലും ഏകദേശം സമാനമായ വാഗ്ദാന തിരഞ്ഞെടുപ്പിന് നല്‍കിയിരിക്കുന്നത്.
തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായ 2014- ല്‍ 119 നിയോജക മണ്ഡലങ്ങളിൽ ബി ആർ എസ് 63 സീറ്റുകളായിരുന്നു നേടിയത്. കോൺഗ്രസ് 21, എ ഐ എം ഐ എം 7, ബിജെപി 5 സീറ്റുകളും നേടി. 2018 ലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ആർ എസ് 88, കോൺഗ്രസ് 19, എ ഐ എം ഐ എം 7, ബി ജെ പി ഒരു സീറ്റ് എന്നതായിരുന്നു നില.












Click it and Unblock the Notifications