'ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകാൻ ഗർഭിണികൾ സുന്ദരകാണ്ഡം ജപിക്കണം': തെലങ്കാന ഗവർണർ
ന്യൂഡൽഹി: ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകാൻ ഗർഭിണികൾ സുന്ദരകാണ്ഡം ജപിക്കണമെന്നും രാമായണം പോലുള്ള ഇതിഹാസങ്ങൾ വായിക്കണമെന്നും തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ.
ആർഎസ്എസിന്റെ വനിതാ വിഭാഗമായ രാഷ്ട്രസേവികാസംഘിന്റെ ഘടകമായ സംവർധിനി ന്യാസ് നടത്തിയ 'ഗർഭ സൻസ്കാർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗൈനക്കോളജിസ്റ്റു കൂടിയായ തമിഴിസൈ സൗന്ദരരാജൻ.

സംവർദ്ധിനി ന്യാസ് വികസിപ്പിച്ച 'ഗർഭ സംസ്‌കാർ' പ്രോഗ്രാമിന് കീഴിൽ, സംഘടനയുമായി ബന്ധപ്പെട്ട ഡോക്ടർമാർ ഗർഭിണികൾക്ക് "ശാസ്ത്രീയവും പരമ്പരാഗതവുമായ" നിർദ്ദേശങ്ങൾ നൽകുമെന്നാണ് ഗവർണർ പറഞ്ഞത്. സംസ്കാര സമ്പന്നരും ദേശഭക്തരുമായ കുഞ്ഞുങ്ങൾക്കായി സംവർധിനി ന്യാസുമായി ബന്ധപ്പെട്ടുള്ള ഡോക്ടർമാർ ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും ഗവർണർ പറഞ്ഞു.
ഭഗവദ്ഗീത പോലുള്ള മതഗ്രന്ഥങ്ങൾ വായിക്കാനും സംസ്കൃത മന്ത്രങ്ങൾ ഉരുവിടാനും യോഗ പരിശീലിക്കാനും ഒക്കെയുള്ള നിർദ്ദേശങ്ങൾ അതിൽ ഉൾപ്പെടുമെന്നും ഗവർണർ പറഞ്ഞു. ഗർഭധാരണത്തിനു മുൻപ് മുതൽ കുട്ടിക്ക് രണ്ടു വയസ് ആകുന്നത് വരെയുള്ള നിർദ്ദേശങ്ങൾ ഉണ്ടാകും. ഗർഭ സൻസകാർ മൊഡ്യൂൾ പ്രകാരം ഗർഭിണിയായ സ്ത്രികളുടെ കുടുംബാംഗങ്ങൾക്കും പരിപാടിയിൽ പ്രത്യേക നിർദേശങ്ങൾ നൽകും.
ഗ്രാമങ്ങളിൽ, രാമായണവും മഹാഭാരതവും മറ്റ് ഇതിഹാസങ്ങളും നല്ല കഥകളും വായിക്കുന്ന അമ്മമാരെ നാം കണ്ടിട്ടുണ്ടെന്നും പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ, ഗർഭിണികളായ സ്ത്രീകൾ കമ്പ രാമായണത്തിലെ സുന്ദരകാണ്ഡം പഠിക്കണമെന്ന് ഒരു വിശ്വാസമുണ്ടെന്നും ഗവർണർ പറഞ്ഞു. ഗർഭകാലത്ത് "സുന്ദർകാണ്ഡം" ജപിക്കുന്നത് "കുട്ടികൾക്ക് വളരെ നല്ലതാണെന്നും ഗവർണർ പറയുന്നു.












Click it and Unblock the Notifications