ഭീകരര്‍ ഇന്ത്യയുടെ സ്ത്രീശക്തിയെ വെല്ലുവിളിച്ചു, സ്വന്തം കുഴി തോണ്ടി: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഭീകരവിരുദ്ധ നടപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭോപ്പാലില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പാകിസ്ഥാന്‍ സൈന്യത്തിന് പോലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര ആഴത്തിലുള്ള ഭീകര ക്യാമ്പുകള്‍ നമ്മുടെ സായുധ സേന തകര്‍ത്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്രവാദികള്‍ വഴിയുള്ള നിഴല്‍ യുദ്ധം പൂര്‍ണ്ണമായും അസ്വീകാര്യമാണെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാന് മനസിലാക്കി കൊടുത്തു എന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ പ്രദേശത്തിനുള്ളില്‍ ആക്രമണം നടത്തും, തീവ്രവാദികളെ പിന്തുണയ്ക്കുന്നവര്‍ക്കും കനത്ത വില നല്‍കേണ്ടിവരും,' പാകിസ്ഥാനും ഭീകരതയെ പിന്തുണയ്ക്കുന്നവര്‍ക്കും ശക്തമായ സന്ദേശം നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ 'നാരി ശക്തി'യെ വെല്ലുവിളിച്ചുകൊണ്ടാണ് പാകിസ്ഥാനിലെ തീവ്രവാദികള്‍ സ്വന്തം കുഴിതോണ്ടിയത് എന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാമില്‍ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെടുന്നത് നോക്കിനില്‍ക്കേണ്ടി വന്നതിനെ സൂചിപ്പിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 'പഹല്‍ഗാമില്‍, തീവ്രവാദികള്‍ രക്തം ചൊരിയുക മാത്രമല്ല ചെയ്തത്. അവര്‍ നമ്മുടെ സംസ്‌കാരത്തെയും ആക്രമിച്ചു.
അവര്‍ നമ്മുടെ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിച്ചു. ഇന്ത്യയുടെ നാരി ശക്തിയെ തീവ്രവാദികള്‍ വെല്ലുവിളിച്ചു, ഈ വെല്ലുവിളി തീവ്രവാദികള്‍ക്കും അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കും നാശമായി മാറി,' റാണി അഹല്യഭായ് ഹോള്‍ക്കറിന്റെ 300-ാം ജന്മവാര്‍ഷികത്തില്‍ ഭോപ്പാലില്‍ നടന്ന 'മഹിള സശക്തികരണ്‍ മഹാ സമ്മേളന'ത്തില്‍ പങ്കെടുക്കവേ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സൈനിക നിശ്ചയദാര്‍ഢ്യത്തെ മാത്രമല്ല, വളര്‍ന്നുവരുന്ന സ്ത്രീശക്തിയെയും ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ സ്ത്രീശക്തിയുടെ പ്രതീകമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഭോപ്പാലിലെ ജംബൂരി മൈതാനത്ത് നടന്ന പരിപാടിയില്‍, ഇന്‍ഡോര്‍ മെട്രോ, ദാതിയ, സത്ന വിമാനത്താവളങ്ങളുടെ സൂപ്പര്‍ പ്രയോറിറ്റി കോറിഡോര്‍ മോദി വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു.
ഒപ്പം വിവിധ വികസന പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു. 483 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 1,271 പുതിയ അടല്‍ ഗ്രാമസേവാ സദന്റെ (പഞ്ചായത്ത് ഭവന്റെ) ആദ്യ ഗഡുവും മോദി കൈമാറി. ഇന്‍ഡോര്‍ മെട്രോയുടെ ആറ് കിലോമീറ്റര്‍ നീളമുള്ള സൂപ്പര്‍ പ്രയോറിറ്റി കോറിഡോര്‍, അഞ്ച് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മെട്രോ യെല്ലോ ലൈനിന്റെ ഭാഗമാണ്.












Click it and Unblock the Notifications