സൗജന്യമായി സിനിമ പ്രദർശിപ്പിക്കുന്നത് നിർത്തണം, ടിക്കറ്റ് വാങ്ങി സിനിമ കാണണം' ; സംവിധായകൻ
ദി കശ്മീർ ഫയൽസ് സിനിമ ബോക്‌സ് ഓഫീസുകളിൽ വൻ കളക്ഷൻ നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്. ജമ്മു കശ്‌മീരിലെ പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രത്തിന് പിന്തുണയുമായി ബിജെപി നേതാക്കളെല്ലാം തന്നെ രംഗത്തെത്തിയിരുന്നു. തുടർന്ന് ഒരാഴ്‌ചക്കുള്ളിൽ തന്നെ സിനിമ 100 കോടി ക്ലബിൽ ഇടം നേടി. തിങ്കളാഴ്‌ചക്കുള്ളിൽ ചിത്രം 175 കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ ബിജെപിക്കെതിരെ ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്.
ഹരിയാനയിലെ രവാരിയിലെ സൗജന്യമായി സിനിമ പ്രദർശിപ്പിച്ചതിനെ തുടർന്ന് സിനിമയുടെ സംവിധായകൻ രംഗത്തെത്തിയത്. ക്രിമിനൽ കുറ്റകൃതമാണ് ഇതെന്നും സംവിധായകൻ ആരോപിച്ചു. ഈ നടപടി അവസാനിപ്പിക്കണമെന്നും രാഷ്‌ട്രീയ നേതാക്കൾ ക്രിയേറ്റീവ് ബിസിനസിനെ ആ രീതിയിൽ തന്നെ നോക്കിക്കാണണമെന്നും നിയമപരമായ രീതിയിൽ ടിക്കറ്റെടുത്ത് സിനിമ കാണുന്നതാണ് ശരിയായ സാമൂഹ്യ സേവനവും ദേശീയതയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറെയും സംവിധായകൻ ടാഗ് ചെയ്‌തിരുന്നു. അതേ സമയം സംവിധായകന് മറുപടിയുമായി ബിജെപി നേതാവ് രംഗത്തെത്തി. സൗജന്യമായി സിനിമ പ്രദർശിപ്പിക്കില്ലെന്നും ആശങ്ക മനസിലാക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അരുൺ യാദവ് പ്രതികരിച്ചു.

അനുപം ഖേർ, പല്ലവി ജോഷി, ദർശൻ കുമാർ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജെപി പ്രചാരണത്തിനിറങ്ങിയതോടെ ചിത്രം ഉത്തരേന്ത്യയിലുടനീളം ബോക്‌സ് ഓഫീസുകളിൽ വലിയ കളക്ഷൻ നേടുന്നുണ്ട്. സിനിമക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നികുതി ഇളവുകൾ വരെ ലഭ്യമാക്കിയിട്ടുണ്ട്. സിനിമ റിലീസ് ആയതിന് പിന്നാലെ ഹിന്ദുത്വ കേന്ദ്രങ്ങളിൽനിന്നും അതിഭയങ്കരമായ പിന്തുണയാണ് സിനിമക്ക് ലഭിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സിനിമക്ക് സമ്പൂർണ നികുതിയിളവ് പ്രഖ്യാപിച്ചു.

മധ്യപ്രദേശ് സർക്കാർ സിനിമ കാണാൻ പൊലീസുകാർക്ക് ഒരു ദിവസത്തെ അവധി അനുവദിച്ചു. അസം സർക്കാർ മുഴുവൻ സർക്കാർ ജീവനക്കാർക്കും സിനിമ കാണുന്നതിനായി അരദിവസത്തെ അവധി അനുവദിച്ചു. ഒരു പടികൂടി കടന്ന് അസം കശ്മീരായി മാറ്റില്ല എന്ന് സംസ്ഥാനത്തെ മുസ്‍ലിംകൾ ഉറപ്പുതരണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 'ദി കശ്മീർ ഫയൽസ്' സിനിമക്കുവേണ്ടി രംഗപ്രവേശം ചെയ്‌തിരുന്നു. സിനിമ എല്ലാവരും കാണണം, സിനിമയെ പ്രോത്സാഹിപ്പിക്കണം എന്നും മോദി അണിയറ പ്രവർത്തകരുമായുള്ള ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു.












Click it and Unblock the Notifications