2007ൽ അധികാരത്തിൽ ഉണ്ടായിരുന്ന പാർട്ടി, ഇന്ന് കിട്ടിയത് ഒരു സീറ്റ് മാത്രം; തിരഞ്ഞെടുപ്പിൽ ദുരന്തമായി ബിഎസ്പി
ലഖ്നൗ; ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന തോൽവികളിൽ ഒന്നാണ് ബിഎസ്പിയുടേത്. രാജ്യത്തെ ആദ്യ ദളിത് വനിതാ മുഖ്യമന്ത്രി ആയിരുന്ന മായാവതിയുടെ നേതൃത്വത്തിൽ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ട ബിഎസ്പിക്ക് വെറും ഒരു സീറ്റ് മാത്രമാണ് ഇത്തവണ വിജയിക്കാൻ സാധിച്ചത്. 2007ൽ വരെ അധികാരത്തിൽ ഉണ്ടായിരുന്ന പാർട്ടിക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു ഇങ്ങനെ ഒരു തോൽവി.
സത്യത്തിൽ ഉത്തർ പ്രദേശിൽ കോൺ ഗ്രസിന്റെ തോൽവിയേക്കാൾ ഞെട്ടിക്കുന്നതായിരുന്നു ബിഎസ്പിയുടെ തോൽവി. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ ഉത്തർ പ്രദേശ് നിയമസഭയിലെ ഏറ്റവും ചെറിയ കക്ഷിയാണ് ബിഎസ്പി. 2007ൽ 206 സീറ്റുകളോടെ ബിഎസ്പി സർക്കാർ രൂപീകരിക്കുമ്പോൾ 30.43 ശതമാനം വോട്ടുകൾ നേടിയിരുന്നു. 2012ൽ 26% വോട്ട് വിഹിതം നിലനിർത്തുകയും 2017ൽ 19 സീറ്റ് നേടിയപ്പോൾ 22.33% വോട്ട് നേടുകയും ചെയ്തു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 12.84% വോട്ട് മാത്രമാണ് ബിഎസ്പിക്ക് നേടാൻ സാധിച്ചത്. ചരിത്രത്തിൽ 1993ൽ മാത്രമായിരുന്നു ഇതിലും കുറവ് വോട്ട് വിഹിതം ബിഎസ്പിക്ക് ലഭിച്ചത്. അന്ന് 11.12% വോട്ടായിരുന്നു ബിഎസ്പിക്ക് ലഭിച്ചത്.

2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായി 10 സീറ്റുകൾ നേടിയ കക്ഷിക്കാണ് ഈ ദുർഗതിയെന്നതാണ് വലിയ ദുരന്തം. കിഴക്കൻ യുപിയിലെ ബല്ലിയയിലെ രസറയിൽ മാത്രമാണ് ഇത്തവണ ബിഎസ്പിക്ക് വിജയിക്കാൻ കഴിഞ്ഞത്. 2012ലും 2017ലും ഇവിടെ വിജയിച്ച ബിഎസ്പിയുടെ സിറ്റിങ് എംഎൽഎകൂടിയായ ഉമാ ശങ്കർ സിംഗ് ആണ് ഇത്തവണയും ഇവിടെ നിന്ന് വിജയിച്ചത്. ഇത്തവണ സംസ്ഥാനത്തുടനീളം ഇരുപതോളം തിരഞ്ഞെടുപ്പ് റാലികളിൽ മായാവതി പങ്കെടുത്തിരുന്നു. നേരത്തെ മുതൽ ബിജെപിയുടെ ബി ടീം ആയിട്ടായിരിക്കും ഇത്തവണ ബിഎസ്പി മത്സരിക്കുക എന്ന് മറ്റ് പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് ബിഎസ്പി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
യു.പിയിലെ ഗൗതമ ബുദ്ധ നഗർ ജില്ലയിലെ ബാദൽപൂർ ഗ്രാമത്തിൽ അധ്യാപികയായി സേവനം തുടങ്ങിയ മായാവതി രാഷ്ട്രീയത്തിലെത്തിയപ്പോൾ ആദരപൂർവം 'ബെഹൻജി' എന്നാണ് അറിയപ്പെട്ടിരുന്നത്. 1995ൽ ആദ്യമായി മുഖ്യമന്ത്രിയായി. അതുപക്ഷേ, ചെറിയ സമയത്തേക്കു മാത്രമായിരുന്നു. നീണ്ട 12 വർഷം കഴിഞ്ഞാണ് ആധികാരിക വിജയത്തോടെ വീണ്ടും അധികാരത്തിലെത്തുന്നത്. നാലു തവണ അവർ സംസ്ഥാനത്ത് മുഖ്യമന്ത്രി പദം കൈയാളി.












Click it and Unblock the Notifications