എയർബാഗില്ലെന്ന് ആരോപണം, വാഹനാപകടത്തിൽ ആനന്ദ് മഹീന്ദ്രയ്ക്ക് എതിരെ കേസെടുത്തു, എയർബാഗുണ്ടെന്ന് കമ്പനി
ലഖ്‌നൗ: വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്രക്കെതിരെ ഉത്തര്‍ പ്രദേശ് പോലീസ് കേസെടുത്തു. വാഹനാപകടത്തില്‍ മകന്‍ മരിച്ച രാജേഷ് മിശ്ര എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് കമ്പനിയിലെ 12 ജീവനക്കാരും കേസില്‍ പ്രതികളാണ്. ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മഹീന്ദ്രയുടെ സ്‌കോര്‍പിയോ കാര്‍ 2020ല്‍ രാജേഷ് മിശ്ര വാങ്ങിയിരുന്നു. മകന്‍ അപൂര്‍വിന് ജന്മദിന സമ്മാനമായി നല്‍കാനാണ് കാര്‍ വാങ്ങിയത്. 17.39 ലക്ഷം രൂപയാണ് ഇതിന് ചെലവായത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അപൂര്‍വ് അപകടത്തില്‍ മരിച്ചു. ലഖ്‌നൗവില്‍ നിന്ന് കാണ്‍പൂരിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം വരവെ ഡിവൈഡറില്‍ തട്ടി കാര്‍ മറിയുകയായിരുന്നു.

മോശം കാലാവസ്ഥ കാരണം കാഴ്ച മങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ അപൂര്‍വ് മരിച്ചു. എന്നാല്‍ കാറില്‍ മതിയായ സുരക്ഷാ കവചങ്ങള്‍ ഇല്ലായിരുന്നുവെന്ന് രാജേഷ് മിശ്ര പറയുന്നു. മഹീന്ദ്രയുടെ ഷോറൂമില്‍ പരാതിയുമായി എത്തിയ രാജേഷ് മിശ്രയോട് കമ്പനി ജീവനക്കാര്‍ മോശമായി പെരുമാറിയതാണ് കേസിലേക്കും നിയമ നടപടികളിലേക്കും നയിച്ചത്.
സീറ്റ് ബെല്‍റ്റ് ഉണ്ടായിരുന്നു എങ്കിലും കാറില്‍ എയര്‍ബാഗ് ഉണ്ടായിരുന്നില്ലെന്നാണ് പരാതിക്കാരുടെ ആരോപണം. അപകട സമയം യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് എയര്‍ ബാഗ്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട് എന്നാണ് കാര്‍ വാങ്ങുന്ന വേളയില്‍ കമ്പനി ജീവനക്കാര്‍ പറഞ്ഞിരുന്നത് എന്ന് രാജേഷ് മിശ്ര പറയുന്നു. എയര്‍ ബാഗ് ഉണ്ടായിരുന്നെങ്കില്‍ മകന്‍ മരിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
''വ്യാജമായ ഉറപ്പുകളാണ് കമ്പനി നല്‍കിയത്. കമ്പനി ജീവനക്കാര്‍ വാഹനം കൃത്യമായി പരിശോധിച്ചിരുന്നു എങ്കില്‍ തന്റെ മകന്‍ മരിക്കില്ലായിരുന്നു. ഇക്കാര്യം തിരക്കി ചെന്നപ്പോള്‍ തനിക്കെതിരെ ഭീഷണി മുഴക്കുകയാണ് ചെയ്തത്''. തന്നെയും കുടുംബത്തെയും കൊന്നു കളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും രാജേഷ് മിശ്ര പരാതിയില്‍ പറയുന്നു.
അപകടം നടക്കുന്നതിന് മുമ്പ് വാഹനം ഷോറൂമിലെത്തിച്ച് പരിശോധന നടത്തിയിരുന്നു. മഹീന്ദ്ര കമ്പനിയുടെ റുമയിലെ ഷോറൂമിലാണ് പരിശോധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 420 (വഞ്ചന), 287, 304-എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം സംഭവത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹിന്ദ്ര ലിമിറ്റഡ് വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. അപകടം നടന്ന സ്‌കോര്‍പിയോ എസ്9ല്‍ എയര്‍ ബാഗ് ഉണ്ടായിരുന്നുവെന്നും തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ എയര്‍ ബാഗ് സംവിധാനത്തില്‍ കുഴപ്പമൊന്നും ഇല്ലായിരുന്നുവെന്നും കമ്പനി പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
ഈ കേസ് 18 മാസം പഴക്കമുളളതാണ് എന്നും സംഭവം നടന്നത് 2022 ജനുവരിയില്‍ ആണെന്നും കമ്പനി പറയുന്നു. 2022 ഒക്ടോബറില്‍ തങ്ങള്‍ സാങ്കേതിക വശങ്ങള്‍ സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയിരുന്നു. കേസിപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. തുടരന്വേഷണം ഉണ്ടെങ്കില്‍ അതുമായി സഹകരിക്കുമെന്നും അപകടം സംഭവിച്ച കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.












Click it and Unblock the Notifications