ആദ്യം പാടിയ പാട്ട് സിനിമയില്‍ നിന്നൊഴിവാക്കി; ലതാ മങ്കേഷ്‌കര്‍ ഇന്ത്യയുടെ വാനമ്പാടിയായത് ഇങ്ങനെയാണ്
മുംബൈ: ദുരിതങ്ങളുടെ കുട്ടിക്കാലത്ത് നിന്ന് ഇന്ത്യയുടെ വാനമ്പാടി എന്ന പദവിയിലേക്ക് പാടിക്കയറിയ ജീവിതമാണ് ലതാ മങ്കേഷ്‌കറുടേത്. 1929 സെപ്തംബര്‍ 28 ന് മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടേയും ശുദ്ധമാതിയുടേയും ആറുമക്കളില്‍ മൂത്തയാളായി ആയിരുന്നു ലതയുടെ ജനനം. ആദ്യ നാളില്‍ ഹേമ എന്നായിരുന്നു പേര്. പിന്നീട് ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി പേര് ലത എന്നാക്കി മാറ്റുകയായിരുന്നു. പിതാവില്‍ നിന്നാണ് ലത സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത്. തന്റെ അഞ്ചാമത്തെ വയസില്‍ തന്നെ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങിയ ലതയ്ക്കും കുടുംബത്തിനും തിരിച്ചടിയായത് അച്ഛന്റെ പെട്ടെന്നുള്ള മരണമായിരുന്നു.
ലതയ്ക്ക് 13 വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കുഞ്ഞുലത തന്റെ ജന്മസിദ്ധമായ കലയെ പാകപ്പെടുത്തി വരുമാനം കണ്ടെത്തുകയായിരുന്നു. ആദ്യം അഭിനയത്തിലൂടേയും പിന്നീട് സംഗീതത്തിലൂടേയും ലത ജീവിതം കെട്ടിപ്പടുത്തു. 1942 ലാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ലതാ മങ്കേഷ്‌കറുടെ വരവ്. കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തില്‍ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ലത ആദ്യമായി ആലപിച്ചത്. എന്നാല്‍ ഈ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയില്ല. അതേ വര്‍ഷം തന്നെ ലത, പാഹിലി മംഗള-ഗോര്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ല്‍ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. എന്നാല്‍ ബോളിവുഡില്‍ കാലുറപ്പിക്കാന്‍ ലത പിന്നേയും കാത്തിരുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1948ല്‍ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേര്‍ത്തതാണെന്ന് പറഞ്ഞ് നിര്‍മ്മാതാവ് എസ് മുഖര്‍ജി മടക്കി അയക്കുകയാണുണ്ടായത്. അതേ വര്‍ഷം തന്നെ ഇന്ത്യന്‍ സിനിമാലോകത്തില്‍ തന്റെ പേര് എഴുതിവെക്കാന്‍ ലതയ്ക്കായി എന്നതാണ് വിധിവൈപരീത്യം. ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീത സംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനം ലതാ മങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കി.

പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ലതയ്ക്ക്. 1945 ല്‍ തന്നെ ഇന്‍ഡോറില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറിയ ലതയ്ക്ക് കൈ നിറയെ ഗാനങ്ങള്‍ തേടിയെത്തി. ഇതിനിടെ ഹിന്ദുസ്ഥാനി സംഗീത പരിശീലനം തുടങ്ങിയ ലത മങ്കേഷ്‌കര്‍ തന്റെ ശബ്ദം പാകപ്പെടുത്തിക്കൊണ്ടിരുന്നു. ഉസ്താദ് അമാന്‍ അലി ഖാനായിരുന്നു ഗുരു. 1949 ല്‍ ഉഠായേ ജാ ഉന്‍കി സിതം എന്ന ഹിറ്റ് ഗാനത്തോടെ ലത എന്ന ഗായികയുടെ സുവര്‍ണകാലം ആരംഭിച്ചു. 15 ഭാഷകളിലായി 30000 ത്തിലേറെ സിനിമാഗാനങ്ങള്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലാണ് ലത മങ്കേഷ്‌കറിന്റെ സ്ഥാനം. 1950 കള്‍ മുതല്‍ 90 കള്‍ വരെയുള്ള കാലം അക്ഷരാര്‍ത്ഥത്തില്‍ ലത മങ്കേഷ്‌കര്‍ ബോളിവുഡ് പിന്നണി ഗാനമേഖലയെ നയിച്ചു.

നര്‍ഗീസും വഹീദ റഹ്മാനും തുടങ്ങി മാധുരി ദീക്ഷിതും പ്രിറ്റി സിന്റയും വരെ ലതയുടെ ശബ്ദത്തില്‍ നമുക്ക് മുന്നിലെത്തി. ഇന്ത്യയുടെ വാനമ്പാടി എന്നാണ് ലത മങ്കേഷ്‌കര്‍ അറിയപ്പെടുന്നത്. ലതാ മങ്കേഷ്‌കറിന് 2001 ല്‍ ഭാരതരത്ന നല്‍കി രാജ്യം ആദരിച്ചിരുന്നു. എം എസ് സുബ്ബലക്ഷ്മിയ്ക്ക് ശേഷം ഭാരതരത്നം ലഭിക്കുന്ന സംഗീതജ്ഞയാണ് ലത. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, മൂന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍, ഫ്രാന്‍സിന്റെ ലീജിയന്‍ ഓഫ് ഓണര്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലത മങ്കേഷ്‌കര്‍ സ്വന്തമാക്കി.

കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി, മുകേഷ്, ആര്‍ എന്‍ ചിതാല്‍ക്കര്‍, മന്നാ ഡേ, മഹേന്ദ്ര കപൂര്‍ എന്നിവര്‍ക്കൊപ്പം 60 കളിലും ആര്‍ ഡി ബര്‍മന്‍, അനു മാലിക്, യേശുദാസ് എന്നിവരോടൊപ്പം 70കളിലും 80കളിലും എ ആര്‍ റഹ്മാന്‍, ജതിന്‍ ലളിത്, ദിലീപ് സെന്‍സമീര്‍ സെന്‍, ആദേശ് ശ്രീവാസ്തവ, കുമാര്‍ സാനു, എസ്പി ബാലസുബ്രഹ്മണ്യം, ഉദിത് നാരായണ്‍, അഭിജിത് ഭട്ടാചാര്യ, രൂപ് കുമാര്‍ റാത്തോഡ്, വിനോദ് റാത്തോഡ്, സോനു നിഗം, ഗുരുദാസ് മാന്‍ എന്നിവര്‍ക്കൊപ്പം തൊണ്ണൂറുകളിലും ലത ഗാനങ്ങള്‍ ആലപിച്ചു. നെല്ല് എന്ന ചിത്രത്തിലെ 'കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..' എന്ന് തുടങ്ങുന്ന ഗാനമാണ് ലത മങ്കേഷ്‌കറിന്റെ ഏക മലയാള ഗാനം. വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ക്ക് ഈണമിട്ടത് സലില്‍ ചൗധരിയായിരുന്നു.












Click it and Unblock the Notifications