ഇത് 21ാം നൂറ്റാണ്ടാണ്, വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ മതം നോക്കാതെ നടപടിയെടുക്കണം; സുപ്രീം കോടതി
ദില്ലി: വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണെന്നും മതത്തിന്റെ പേരിൽ എവിടെയാണ് നമ്മൾ എത്തി നിൽക്കുന്നതെന്നും കോടതി ചോദിച്ചു. പരാതികൾക്ക് വേണ്ടി കാത്ത് നിൽക്കാതെ സംസ്ഥാന സർക്കാരും പോലീസും സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ കെഎം ജോസഫ്, ഹൃഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

'ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്. നമ്മൾ മതത്തിന്റെ പേരിൽ എവിടെയാണ് എത്തി നിൽക്കുന്നത്. എല്ലാ മതങ്ങളേയും ഒരുപോലെ കാണേണ്ട രാജ്യത്ത് മതത്തിന്റെ പേരിൽ നടക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്', കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിലുള്ള സർക്കാരിന്റെ നിഷ്ക്രിയത്വത്തെ ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ പ്രതികരണം.
'ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് മതേതരത്വമാണ്. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന മാർഗനിർദ്ദേശ തത്വങ്ങളിലൊന്നാണ്. നിരവധി നിയമങ്ങളും വ്യവസ്ഥകളും രാജ്യത്ത് ഉണ്ടായിട്ടും വിദ്വേഷ പ്രാസംഗികർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഹർജിക്കാരി ചൂണ്ടിക്കാട്ടിയത്. ഭരണഘടന തത്വങ്ങൾ പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകഥയെ കുറിച്ചും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. മൗലികാവകാശങ്ങൾ സംരക്ഷിക്കാനും നിയമവാഴ്ച നിലനിർത്തുന്ന ഭരണഘടനയെ സംരക്ഷിക്കാനും സേവിക്കാനും ഈ കോടതിക്കും ബാധ്യതയുണ്ട്',സുപ്രീം കോടതി പറഞ്ഞു.
വിദ്വേഷ പ്രസംഗങ്ങളിൽ അന്വേഷണം നടത്താനും ശക്തമായ നടപടികൾ ആരംഭിക്കാനും സംസ്ഥാനങ്ങൾക്ക് കോടതി നിർദ്ദേശം നൽകണമെന്നായിരുന്നു. ഹരജിക്കാരനായ ഷഹീൻ അബ്ദുള്ള സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്












Click it and Unblock the Notifications