തിരുപ്പതി ലഡ്ഡു വിവാദം: സിബിഐ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
ഹൈദരാബാദ്: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ സിബിഐ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിനായി നിയോഗിച്ച എസ്‌ഐടി ടീമില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച കോടതി, സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ആയിരിക്കണം അന്വേഷണമെന്നും അഭിപ്രായപ്പെട്ടു.
പുതിയ എസ്‌ഐടി ടീമില്‍ ആന്ധ്ര പോലീസിലെ രണ്ട് ഓഫീസര്‍മാരുണ്ടാവും. സിബിഐ ഡയറക്ടര്‍ നിര്‍ദേശിക്കുന്ന രണ്ട് പേരും, എഫ്എസ്എസ്എഐയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും ഈ ടീമിലുണ്ടാവുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോടതി നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം എന്ന കൃത്യമായ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് അടക്കം ചേര്‍ക്കുന്നുവെന്നായിരുന്നു വിവാദം. ഇത് രാഷ്ട്രീയമായ ഏറ്റുമുട്ടലുകള്‍ക്ക് കാരണമായിരുന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കാലത്താണ് തിരുപ്പതിയിലെ പ്രസാദത്തിന്റെ നിലവാരം മോശമായതെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു.
ആരോപണങ്ങളെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ജഗന്‍ മോഹന്‍ റെഡ്ഡിയും തള്ളിക്കളഞ്ഞിരുന്നു. ചന്ദ്രബാബു നായിഡു തിരുപ്പതി ഭക്തരെ അപമാനിച്ചുവെന്നും, രാഷ്ട്രീയം കളിക്കുകയാണെന്നും ജഗന്‍ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ജഗന്‍ ഈ വിഷയത്തില്‍ കത്തയച്ചിരുന്നു.
അതേസമയം കേസില്‍ ആരോപണ പ്രത്യാരോപണങ്ങളിലേക്ക് പോകുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കായി കോടതിയെ ഉപയോഗിക്കാനാവില്ലെന്നും ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.
ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടിയിലെ ഉദ്യോഗസ്ഥരില്‍ വിശ്വാസക്കുറവില്ല. അവരെ മോശക്കാരായി കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. കോടതിക്ക് മുന്നില്‍ നിരവധി ഹര്‍ജികളാണ് തിരുപ്പതി ലഡ്ഡു വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എത്തിയത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജികളില്‍ ആവശ്യപ്പെട്ടിരുന്നത്.
വാദം കേള്‍ക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു സുപ്രീം കോടതി ബെഞ്ച്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഇത്. അതേസമയം കോടതി ഈ വിഷയം പരിഗണിക്കുന്നതിനാല്‍ ആന്ധ്രപ്രദേശ് പോലീസ് എസ്‌ഐടി അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.
പ്രഥമദൃഷ്ട്യാ തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കുന്നുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ചന്ദ്രബാബു നായിഡു ഈ വിഷയത്തില്‍ രാഷ്ട്രീയം കളിച്ചു. അദ്ദേഹം ദൈവത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതായിരുന്നു. ആരോപണങ്ങളില്‍ യാഥാര്‍ത്ഥ്യമുണ്ടോ എന്ന് തെളിയും മുമ്പ് അദ്ദേഹം നടത്തിയ പരാമര്‍ശം തെറ്റാണെന്നും കോടതി പറഞ്ഞു.
വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലവാരം കുറഞ്ഞ നെയ്യ് ഉപയോഗിച്ചു എന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ഇതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ കൈയ്യില്‍ നിലവാരം കുറഞ്ഞ നെയ്യ് ഉപയോഗിച്ചതിന് തെളിവുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു.
ബിജെപി നേതാവ് ഡോ സുബ്രഹ്ണ്യന്‍ സ്വാമി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വൈവി സുബ്ബ റെഡ്ഡി, ചരിത്രകാരന്‍ വിക്രം സമ്പത്ത്, വേദ പ്രഭാഷകന്‍ ദുഷ്യന്ത് ശ്രീധര്‍, സുദര്‍ശന്‍ ന്യൂസ് അവതാരകന്‍ സുരേഷ് ചവാന്‍കെ എന്നിവരാണ് കേസിലെ പ്രധാന ഹര്‍ജിക്കാര്‍.












Click it and Unblock the Notifications