ബിജെപിക്ക് മമതയുടെ മറുപടി, മുകുള്‍ റോയിയുടെ ക്ലിപ്പ് പുറത്ത്, തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ചോ?
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയും തൃണമൂലും തമ്മിലുള്ള പോര് കടുക്കുന്നു. മമതയുടെ ഫോണ്‍ വിളി ബിജെപി പുറത്തുവിട്ടതിന് പിന്നാലെ മുകുള്‍ റോയിയുടെ ക്ലിപ്പ് പുറത്തുവിട്ട് തൃണമൂല്‍ തിരിച്ചടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാനായി മുകുള്‍ റോയ് നടക്കുന്ന ഫോണ്‍ സംഭാഷണമാണ് ക്ലിപ്പില്‍ ഉള്ളത്. മുകുള്‍ റോയിയും മറ്റൊരു ബിജെപി നേതാവ് ശിശിര്‍ ബജോരിയയുമാണ് ഈ ക്ലിപ്പിലുള്ളത്. എങ്ങനെയൊക്കെ തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാമെന്നാണ് ഈ ക്ലിപ്പില്‍ മുകുള്‍ റോയ് വിശദീകരിക്കുന്നത്. അതേസമയം ഈ ക്ലിപ്പ് വന്നതോടെ ബിജെപി പ്രതിരോധത്തിലാണ്.

ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടാനാണ് മുകുള്‍ റോയ് പറയുന്നു. നിയമം മാറിയാല്‍ മാത്രമേ പ്രദേശവാസികള്‍ അല്ലാത്തവരെയും ബൂത്തുകളില്‍ നിയമിക്കാനാവൂ. അങ്ങനെയല്ലെങ്കില്‍ ഒരുപാട് ബൂത്തുകളില്‍ ബിജെപി ഏജന്റുമാരെ ഉള്‍പ്പെടുത്താന്‍ പോലും സാധിക്കില്ലെന്നും മുകള്‍ റോയ് പറയുന്നു. അതേസമയം മുകുള്‍ റോയ് പറഞ്ഞത് പോലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആ തീരുമാനം നടപ്പാക്കിയെന്നും തൃണമൂല്‍ പറഞ്ഞു. മറ്റ് പാര്‍ട്ടികളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് ഇത്തരമൊരു തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കിയതെന്നും തൃണമൂല്‍ പറഞ്ഞു.
്അതേസമയം മമതയുടെ പേരില്‍ പുറത്തുവന്ന ശബ്ദരേഖയെ ന്യായീകരിക്കാനും തൃണമൂല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മമതാ ബാനര്‍ജിയെ പോലൊരു നേതാവ് തൃണമൂലിന് ഉണ്ടായതില്‍ അഭിമാനിക്കുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. ഒരു മികച്ച പ്രവര്‍ത്തകനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് യഥാര്‍ത്ഥ നേതാവിന്റെ ലക്ഷ്ണമാണ്. തൃണമൂലിന്റെ യഥാര്‍ത്ഥ ജനാധിപത്യ സ്വഭാവമാണ് ഇത് കാണിക്കുന്നത്. തൃണമൂലിന്റെ കഴിവുള്ള പ്രവര്‍ത്തകരാണെങ്കില്‍ അവരെ തിരികെയെത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. ആ സംഭാഷണം മികച്ച രീതിയില്‍ അവസാനിച്ചു. മമത എതിര്‍പ്പുകള്‍ക്കിടയില്‍ ആ നേതാവിനെ ആശീര്‍വദിക്കുകയാണ് ചെയ്തതെന്നും തൃണമൂല്‍ ചൂണ്ടിക്കാണിച്ചു.
മമതാ ബാനര്‍ജി പ്രവര്‍ത്തകരെ ഏറ്റവും നല്ല രീതിയില്‍ ബഹുമാനിക്കുന്ന നേതാവാണ്. ഏറ്റവും സത്യസന്ധതയുള്ള നേതാവാണ് അവര്‍. മമതയെ പോലുള്ള നേതാവിനെ കിട്ടിയതില്‍ അഭിമാനമുണ്ടെന്നും തൃണമൂല്‍ എംപി സുബ്രത മുഖര്‍ജി പറഞ്ഞു. എന്നാല്‍ തോല്‍വി തിരിച്ചറിഞ്ഞത് കൊണ്ടാണ് മമത ഈ നീക്കങ്ങളെല്ലാം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. നന്ദിഗ്രാമില്‍ നിന്ന് അവര്‍ തോല്‍ക്കും. തൃണമൂല്‍ ബംഗാളിലും തോല്‍ക്കുമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ഏപ്രില്‍ ഒന്നിന് രണ്ടാം ഘട്ടത്തിലാണ് നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. സുവേന്ദു അധികാരിക്കെതിരെയാണ് മമത മത്സരിക്കുന്നത്.












Click it and Unblock the Notifications