ക്യാബിനറ്റ് സെക്രട്ടറിയായി ടിവി സോമനാഥന് നിയമനം; എത്തുന്നത് രാജീവ് ഗൗബയ്ക്ക് പകരം, കാലാവധി 2 വർഷം
ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ടിവി സോമനാഥനെ ക്യാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. നിലവിൽ സെക്രട്ടറി രാജീവ് ഗൗബയ്ക്ക് പകരക്കാരനായാണ് സോമനാഥൻ എത്തുന്നത്.
തമിഴ്‌നാട് കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സോമനാഥൻ നിലവിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി സേവനം അനുഷ്‌ഠിച്ചു വരികയായിരുന്നു.
ആഗസ്‌റ്റ് മുപ്പത് മുതലാണ് സോമനാഥന്റെ നിയമനം. രണ്ട് വർഷത്തേക്കാണ് ക്യാബിനറ്റ് സെക്രട്ടറിയായി സോമനാഥന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി ഇതിന് അംഗീകാരം നൽകി. അഞ്ച് വർഷം മുമ്പ് 2019 ആഗസ്‌റ്റ് 30നാണ് ഗൗബ ക്യാബിനറ്റ് സെക്രട്ടറിയായി ചുമതലയേറ്റത്.

കോർപറേറ്റ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി, 2015 മുതൽ 2017വരെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള ആളാണ് ടിവി സോമനാഥൻ. കേന്ദ്രത്തിന് പുറമെ തമിഴ്‌നാട് സർക്കാരിലും നിരവധി ഉന്നത പദവികൾ വഹിച്ചിട്ടുണ്ട് അദ്ദേഹം.
ഡെപ്യൂട്ടി സെക്രട്ടറി (ബജറ്റ്), ജോയിന്റ് വിജിലൻസ് കമ്മിഷണർ, മെട്രോവാട്ടർ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, മുഖ്യമന്ത്രിയുടെ സെക്രട്ടറി തുടങ്ങിയ പദവികളാണ് തമിഴ്‌നാട്ടിൽ ടിവി സോമനാഥൻ വഹിച്ചത്. ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ ആദ്യ എംഡി കൂടിയായിരുന്നു അദ്ദേഹം. സ്ഥാപക എംഡി എന്ന നിലയിൽ, സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനും 14,600 കോടി രൂപയുടെ ചെന്നൈ മെട്രോ റെയിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ ടെൻഡറുകൾ നൽകുന്നതിലും അദ്ദേഹമായിരുന്നു പ്രധാന പങ്കുവഹിച്ചത്.
സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ സോമനാഥൻ ഒരു ചാർട്ടേഡ് അക്കൗണ്ടന്റും കോസ്‌റ്റ് അക്കൗണ്ടന്റും കൂടിയാണ്. കേന്ദ്ര ബജറ്റ് രൂപീകരിക്കുന്നതിലും ധനനയം ഉണ്ടാക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്, പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ സാമ്പത്തിക കാലത്ത്. അതുകൊണ്ട് തന്നെയാണ് ധനകാര്യ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചത്.
1996ൽ അദ്ദേഹം യംഗ് പ്രൊഫഷണൽസ് പ്രോഗ്രാമിലൂടെ വാഷിംഗ്ടണിൽ പ്രവർത്തിച്ചു വരുന്ന ലോകബാങ്കിൽ ചേർന്നു. ഈസ്‌റ്റ് ഏഷ്യ & പസഫിക് റീജിയണൽ വൈസ് പ്രസിഡൻസിയിൽ ഫിനാൻഷ്യൽ ഇക്കണോമിസ്‌റ്റായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.
2000ൽ ബജറ്റ് പോളിസി ഗ്രൂപ്പിന്റെ മാനേജരായി നിയമിതനായപ്പോൾ അദ്ദേഹം ബാങ്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ സെക്‌ടർ മാനേജർമാരിൽ ഒരാൾ കൂടിയായിരുന്നു. പിന്നീടാണ് 2011 മുതൽ 2015 വരെ ലോക ബാങ്ക് ഡയറക്‌ടറായി പ്രവർത്തിച്ചത്.












Click it and Unblock the Notifications