സംഗ്ലിയില്‍ ശിവസേന യുബിടിയെ കോണ്‍ഗ്രസ് കാലുവാരി, സ്വതന്ത്രനെ വിജയിപ്പിച്ചു; ഉദ്ധവ് കട്ടക്കലിപ്പില്‍
മുംബൈ: ഇന്ത്യ സഖ്യത്തിന് യോഗത്തിനെത്തും മുമ്പ് കടുത്ത അതൃപ്തി അറിയിച്ച് ഉദ്ധവ് താക്കറെ. കോണ്‍ഗ്രസും ശിവസേന ഉദ്ധവും തമ്മിലാണ് പ്രശ്‌നങ്ങള്‍. മഹാരാഷ്ട്രയിലെ സംഗ്ലി മണ്ഡലത്തിലെ തോല്‍വിയാണ് വലിയ പ്രശ്‌നമായിരിക്കുന്നത്. സംഗ്ലി സ്ഥാനാര്‍ത്ഥി നിര്‍ണയ സമയം മുതല്‍ വിവാദത്തിലായിരുന്നു. കോണ്‍ഗ്രസിന്റെ കോട്ടയായ മണ്ഡലത്തില്‍ ശിവസേന മത്സരിക്കുന്നതില്‍ നേതാക്കളിലും പ്രവര്‍ത്തകരിലും ഒരുപോലെ എതിര്‍പ്പുണ്ടായിരുന്നു.
എന്നാലും സഖ്യധാരണ മാനിച്ച് കോണ്‍ഗ്രസ് ഈ സീറ്റ് ഉദ്ധവ് വിഭാഗത്തിന് വിട്ടുകൊടുക്കുകയായിരുന്നു. എന്നാല്‍ ഈ സീറ്റില്‍ ശിവസേന തോറ്റിരിക്കുകയാണ്. കോണ്‍ഗ്രസിലെ വിമതനായ വിശാല്‍ പാട്ടീല്‍ സ്വതന്ത്രനായി നിന്ന് വിജയിക്കുകയായിരുന്നു. വിശാല്‍ പാട്ടീല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്.

ശിവസേന യുബിടി ഇവിടെ ചന്ദ്രഹാര്‍ പാട്ടീലിനെയാണ് മത്സരിപ്പിച്ചിരുന്നത്. എന്നാല്‍ ഈ തോല്‍വി ഉദ്ധവിനെ ചൊടിപ്പിച്ചിരിക്കുകയാണ്. സ്വതന്ത്രനായ വിശാലിനെ കോണ്‍ഗ്രസ് രഹസ്യമായി പിന്തുണച്ചുവെന്നാണ് ഉദ്ധവ് ആരോപിക്കുന്നത്. ശിവസേനയുടെ സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് യാതൊന്നും ചെയ്തിട്ടില്ല.
ചന്ദ്രഹാര്‍ പാട്ടീലിന്റെ തോല്‍വി ഉറപ്പാക്കുന്ന തരത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും ഉദ്ധവ് ആരോപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരസ്യ പ്രതികരണം ഉദ്ധവ് നടത്തിയിട്ടില്ല. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തെ ഈ വിഷയത്തിലുള്ള അതൃപ്തി ഉദ്ധവ് അറിയിക്കുമെന്നാണ് ഈ സൂചന.
പ്രചാരണ സമയത്ത് സംഗ്ലിയില്‍ കോണ്‍ഗ്രസ് രഹസ്യമായി വിശാല്‍ പാട്ടീലിനെ സഹായിച്ചുവെന്നാണ് ഉദ്ധവ് ആരോപിക്കുന്നത്. അതേസമയം സംഗ്ലിയിലെ തോല്‍വിയില്‍ കോണ്‍ഗ്രസും ശിവസേനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കും. അതേസമയം സംഗ്ലിയില്‍ ഒഴിച്ച് സംസ്ഥാനത്താകെ മികച്ച പ്രകടനമാണ് മഹാവികാസ് അഗാഡി സഖ്യം നടത്തിയത്.
മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വസന്ത് ദാദാ പാട്ടീലിന്റെ പേരക്കുട്ടിയാണ് സ്വതന്ത്രനായി മത്സരിച്ച വിശാല്‍ പാട്ടീല്‍. സംഗ്ലിയില്‍ ത്രികോണ പോരാട്ടം കൂടിയാണ് നടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് വിശാല്‍ ഇവിടെ വിജയിച്ചത്. ബിജെപിയുടെ സഞ്ജയ് കാക്ക പാട്ടീലും വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
സംഗ്ലി സീറ്റ് കോണ്‍ഗ്രസിന്റെ വലിയ കോട്ടയാണ്. നേരത്തെ തന്നെ ഇവിടെ കോണ്‍ഗ്രസ് നേതാക്കളാണ് വിജയിച്ച് വരാറുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് ഈ സീറ്റ് ശിവസേനയ്ക്ക് വിട്ടുകൊടുത്തത് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. ഇതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ശിവസേന മുമ്പ് ഇവിടെ മത്സരിച്ച് പരിചയമില്ലാത്ത പാര്‍ട്ടിയാണ്.
എന്നാല്‍ പാര്‍ട്ടി തീരുമാനത്തിന് പിന്നാലെ ഈ സീറ്റ് വിട്ടുകൊടുക്കാമെന്നായിരുന്നു ധാരണ. പ്‌ഷേ വിശാല്‍ പാട്ടീലിന്റെ നേതൃത്വത്തില്‍ വിമത ഭീഷണി ആരംഭിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വം വിശാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. നോമിനേഷന്‍ പിന്‍വലിക്കാനും നിര്‍ദേശം നല്‍കി. എന്നാല്‍ നേതൃത്വത്തെ ധിക്കരിച്ച് അദ്ദേഹം മത്സരിക്കുകയായിരുന്നു.












Click it and Unblock the Notifications