ട്രംപിന്റെ മുന്നറിയിപ്പ് ഫലിക്കുമോ? ബജറ്റില്‍ അമേരിക്കന്‍ ഉത്പന്നങ്ങളുടെ തീരുവ കുറച്ചേക്കും
ഡല്‍ഹി: വരാനിരിക്കുന്ന ബജറ്റില്‍ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവയില്‍ കേന്ദ്ര സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 6 ശതമാനമായി കുറച്ച ഇറക്കുമതി തീരുവ പത്ത് ശതമാനമായെങ്കിലും കുറച്ചേക്കുമെന്നാണ് പ്രതീക്ഷ. ഇതിന് ഇടയില്‍ തന്നെയാണ് യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏതാനും ഉൽപന്നങ്ങൾക്കുള്ള തീരുവ ഇന്ത്യ വെട്ടിക്കുറച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നത്.
രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയുടെ സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു നീക്കമെന്നതാണ് ശ്രദ്ധേയം. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചില രാജ്യങ്ങള്‍ വലിയ തീരുവ ചുമത്തുന്നുണ്ട്. അത്തരം രാജ്യങ്ങള്‍ക്കും തിരിച്ചും അമേരിക്ക വലിയ തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇന്ത്യയേയും ചൈനയേയുമൊക്കെ അദ്ദേഹം പേരെടുത്ത് പറയുകയും ചെയ്തു.

'അമേരിക്കയ്ക്ക് ദോഷം ചെയ്യുന്ന ആളുകള്‍ക്കും രാജ്യങ്ങള്‍ക്കും താരിഫ് ഏർപ്പെടുത്താന്‍ പോകുകയാണ്. നമ്മെ ദ്രോഹിച്ചുകൊണ്ട് അവർ സ്വന്തം രാജ്യത്തെ മികച്ചതാക്കാന്‍ നോക്കുന്നു' എന്നായിരുന്നു തിങ്കളാഴ്ച ഫ്ലോറിഡ റിട്രീറ്റിൽ ഹൗസില്‍ നടന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. മറ്റ് രാജ്യങ്ങളുടെ നേട്ടത്തിനായി നമ്മുടെ പൗരന്മാരുടെ മേല്‍ നികുതി ചുമത്തുന്നതിന് പകരം നമ്മുടെ പൗരന്മാർക്ക് പ്രയോജനം ചെയ്യുന്നതിനായി വിദേശ രാജ്യങ്ങൾക്കുമേൽ താരിഫുകളും നികുതികളും ചുമത്തുകയാണ് വേണ്ടതെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.
അമേരിക്കയുമായി വ്യാപാര രംഗത്ത് ഉള്‍പ്പെടെ ഒരു ഏറ്റുമുട്ടലിന് ഇന്ത്യക്ക് താല്‍പര്യമില്ല. ഈ സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏതാനും ഉത്പന്നങ്ങള്‍ക്കെങ്കിലും ഇന്ത്യ തീരുവ കുറക്കാനാണ് സാധ്യതയെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കന്‍ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുകയാണെങ്കില്‍ ഉരുക്ക്, വിലകൂടിയ മോട്ടർസൈക്കിളുകൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയ്ക്കുള്ള തീരുവയായിരിക്കും കുറയ്ക്കുക.
അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പല ഉത്പന്നങ്ങള്‍ക്കും വലിയ തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. ഇരുപതിലേറെ ഉത്പന്നങ്ങള്‍ക്ക് 100 ശതമാനത്തില്‍ അധികമാണ് തീരുവ. ഇതേ രീതിയില്‍ അമേരിക്ക ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും തീരുവ ഏർപ്പെടുത്താന്‍ തീരുമാനിച്ചാല്‍ രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് അത് തിരിച്ചടിയാകും. അതേസമയം, തീരുവ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ആഭ്യന്തര വിപണിയിൽ കാര്യമായ പ്രതിഫലനം ഉണ്ടാക്കിയേക്കില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു.












Click it and Unblock the Notifications