യുഎഇ സ്വർണം ഇന്ത്യയിലേക്ക് ഒഴുകും, വിലയും കുറയും: ഇറക്കുമതി നയത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ
ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വർണവ്യാപാരത്തില്‍ കൂടുതൽ ആശ്വാസം നൽകുന്ന നടപടികളുമായി കേന്ദ്ര സർക്കാർ. യു എ ഇയില്‍ നിന്നുമുള്ള സ്വർണ ഇറക്കുമതി നയ വ്യവസ്ഥയിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്രത്തിന്റെ നീക്കം. ഇന്ത്യ-യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (ടിആർക്യു) വ്യവസ്ഥകൾ പ്രകാരം ഇന്ത്യ ഇന്റർനാഷണൽ ബുള്ളിയൻ എക്‌സ്‌ചേഞ്ച് ഐ എഫ് എസ് സി ലിമിറ്റഡ് (ഐ ഐ ബി എക്‌സ്) വഴി ഇറക്കുമതി ചുങ്ക നിരക്കിൽ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. 2022 മെയ് മുതലാണ് ഇന്ത്യയും യു എ ഇയും തമ്മിലുള്ള കരാർ പ്രാബല്യത്തിൽ വന്നത്.
"ഐ എഫ് എസ് സി എ വിജ്ഞാപനം ചെയ്തിട്ടുള്ള സാധുവായ ഇന്ത്യ-യുഎഇ ടി ആർ ക്യൂ ഉടമകൾക്ക് ഐ ഐ ബി എക്‌സ് വഴി സ്വർണ്ണം ഇറക്കുമതി ചെയ്യാനും ഐ എഫ് എസ് സി എ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സ്പെഷ്യല്‍ എക്കണോമിക് സോണുകളില്‍സ്ഥിതി ചെയ്യുന്ന ഐ എഫ് എസ് സി എ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലൂടെ ഫിസിക്കൽ ഡെലിവറി നേടാനും കഴിയും," ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി ജി എഫ് ടി) പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വർണ്ണ വ്യാപാരം സുഗമമാക്കുമെന്നും ഇന്ത്യൻ ആഭരണ വ്യവസായത്തിന് ഗുണം ചെയ്യുമെന്നും ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ വിപുൽ ഷായെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോർട്ട് ചെയ്യുന്നു. പുതിയ അനുമതി ഇടപാട് ചെലവ് കുറയ്ക്കുകയും ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"നീക്കം ഇന്ത്യയിൽ ഊർജ്ജസ്വലമായ ഒരു സ്വർണ്ണ വിപണി സൃഷ്ടിക്കുന്നതിനും മൂല്യവർധിത ആഭരണ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. ഈ പുരോഗമന നയ നടപടി നടപ്പിലാക്കുന്നതിൽ ഇന്ത്യാ ഗവൺമെന്റിന്റെയും ഐ എഫ് എസ് സി എയുടെയും ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു, "ഷാ കൂട്ടിച്ചേർത്തു.
ഉടമ്പടിയുടെ TRQ (താരിഫ് നിരക്ക് ക്വാട്ട) വ്യവസ്ഥകൾക്ക് കീഴിൽ ഒരു നിശ്ചിത അളവിലുള്ള സ്വർണ്ണത്തിന് ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാർ ആഭ്യന്തര ഇറക്കുമതിക്കാർക്ക് ഒരു ശതമാനം നികുതി ഇളവ് നൽകി വരുന്നുണ്ട്. ഇറക്കുമതിക്കായി കമ്പനികൾക്ക് ഡി ജി എഫ് ടിയാണ് ടി ആർ ക്യു സർട്ടിഫിക്കറ്റ് നൽകുന്നത്. കൂടാതെ അവരെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയെ (IFSCA) അറിയിക്കുകയും ചെയ്യുന്നു.
ലോകത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണ വിപണികളില്‍ ഒന്നാണ് ഇന്ത്യ. 90 ശതമാനം സ്വര്‍ണവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. യുഎഇയും സ്വിറ്റ്‌സര്‍ലന്റുമാണ് ഇന്ത്യ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ആശ്രയിക്കുന്ന രാജ്യങ്ങള്‍. സ്വതന്ത്ര വ്യാപാര കരാർ യു എ ഇയില്‍ നിന്നുള്ള സ്വർണ ഇറക്കുമതിക്ക് ആക്കം കൂട്ടുകയും ചെയ്തു. സ്വര്‍ണ്ണത്തിനായുള്ള താരിഫ് റേറ്റ് ക്വാട്ട 2022-23ല്‍ 110 മില്യണ്‍ ടണ്ണില്‍ നിന്ന് 2023-24-ല്‍ 140 മില്യണ്‍ ടണ്‍ ആയി വര്‍ധിച്ചു.
5 വര്‍ഷത്തിനുള്ളില്‍ ഇത് ക്രമേണ പരമാവധി 200 മില്യണ്‍ ടണ്ണിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയില്‍ നിന്നും സ്വര്‍ണ്ണം ഇറക്കുമതിക്ക് 15 ശതമാനമായിരുന്നു നിലവിലെ ഇറക്കുമതി തീരുവ. എന്നാല്‍ യുഎഇയുമായി ഒപ്പുവെച്ച പ്രത്യേക കരാര്‍ പ്രകാരം ഇനി 14 ശതമാനം ഇറക്കുമതി തീരുവ നല്‍കിയാല്‍ മതിയാകും.
ഉഭയകക്ഷി വ്യാപാര ഉടമ്പടി പ്രകാരം, വ്യാപാര ഭാഷയിൽ താരിഫ് റേറ്റ് ക്വാട്ട (TRQ) എന്ന് വിളിക്കുന്ന ഇറക്കുമതി ക്വോട്ട സമ്പ്രദായത്തിലൂടെ യുഎഇയിൽ നിന്ന് ഇളവുള്ള തീരുവയിൽ 140 മെട്രിക് ടണ്‍ സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികള്‍ ഇന്ത്യ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അതായത് 140000 കിലോഗ്രാം സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിലായിരിക്കും ഇറക്കുമതി.












Click it and Unblock the Notifications