'നിതീഷിന്റെ പ്രധാനമന്ത്രി മോഹം ഒരിക്കലും നടക്കില്ല, മൂന്നാം തവണയും മോദി വരും'; തുറന്നടിച്ച് അമിത് ഷാ
പാറ്റ്‌ന; ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. അധികാരത്തോടുള്ള ആര്‍ത്തികൊണ്ട് നിതീഷ് ലാലു പ്രസാദ് യാദവിന്റെ മടിയില്‍ ഇരിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. ബീഹാര്‍ സന്ദര്‍ശനത്തിടെയാണ് അമിത് ഷാ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. രാമനവമി ദിനത്തില്‍ ബീഹാറില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും അമിത് ഷാ വിമര്‍ശനം ഉന്നയിച്ചിരുന്നു.
സസാറാം, ഷെരീഫ് നഗരങ്ങളിലെ വര്‍ഗീയ അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞു. ജെ ഡി യു നേതാക്കള്‍ക്കായുള്ള എന്‍ ഡി എ വാതിലുകള്‍ അടഞ്ഞെന്നും ജനങ്ങള്‍ നരേന്ദ്ര മോദിയെ മൂന്നാം തവണയും തിരഞ്ഞെടുക്കുമെന്നതിനാല്‍ പ്രധാനമന്ത്രിയാകാനുള്ള നിതീഷ് കുമാറിന്റെ മോഹം ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു.

നിതീഷ് കുമാറും ലാലുപ്രസാദ് യാവും ഇപ്പോള്‍ നടക്കാത്ത സ്വപ്‌നത്തിന്റെ പിറകെയാണ്. തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. അത് സംഭവിച്ചുകഴിഞ്ഞാല്‍, പ്രധാനമന്ത്രിയാകാനുള്ള തന്റെ സ്വപ്നങ്ങള്‍ തകരുമെന്നതിനാല്‍ നിതീഷ് കുമാര്‍ തേജസ്വി യാദവിന് മേലങ്കി കൈമാറുമെന്നും അമിത് ഷാ പറഞ്ഞു.
ഇവരുടെ പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയതോടെ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതെന്ന് അമിത് ഷാ ആരോപിച്ചു. മൂഢമായ പ്രതീക്ഷകളുമായാണ് ജീവിക്കുന്നത്. നിതീഷിന്റെ പ്രധാനമന്ത്രി മോഹം ഒരിക്കലും നടക്കില്ല. രാമനവമി ദിനത്തില്‍ സസാരമില്‍ സംഭവിച്ച കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ബീഹാറില്‍ ഇപ്പോള്‍ കാട്ടുനീതിയാണ് നടപ്പിലാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
സംഘര്‍ഷം ഉടലെടുത്ത സാസരമിലേക്ക് താന്‍ പോകേണ്ടതായിരുന്നെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ ഇവിടെ ജനങ്ങള്‍ കൊല്ലപ്പെടുകയാണ്. കണ്ണീര്‍ വാതക പ്രയോഗവും ഷെല്ലാക്രമണവും നടക്കുകയാണ് അവിടെ. അടുത്ത തവണ വരുമ്പോള്‍ ഉറപ്പായും അവിടെ സന്ദര്‍ശിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
അതേസമയം, രാമനവമി ദിനത്തില്‍ വലിയ സംഘര്‍ഷമാണ് ബീഹാറില്‍ ഉടലെടുത്തത്. കഴിഞ്ഞ ദിവസം സസാറാം നഗരത്തില്‍ സ്‌ഫോടനം നടന്നിരുന്നു. ബിഹാര്‍ ഷെരീഫില്‍ സമാനമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാമനവമി ആഘോഷങ്ങള്‍ക്കിടെ പൊട്ടിപ്പുറപ്പെട്ട സസാരാമിലും ഷെരീഫിലും ഉണ്ടായ വര്‍ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട് 45 പേരെ സംസ്ഥാന പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും അക്രമകാരികള്‍ തീയിട്ടിരുന്നു.












Click it and Unblock the Notifications