പ്രചരണത്തിനിടെ പരസ്പരം അഭിവാദ്യം ചെയ്ത് അഖിലേഷും പ്രിയങ്കയും; അപൂര്‍വ കാഴ്ച
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റോഡ് ഷോയ്ക്കിടെ പരസ്പരം അഭിവാദ്യം ചെയ്ത് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും. ബുലന്ദ്ഷഹറില്‍ വ്യാഴാഴ്ചയായിരുന്നു അപൂര്‍വ സമാഗമം. അഖിലേഷിനൊപ്പം ആര്‍ എല്‍ ഡി നേതാവ് ജയന്ത് ചൗധരിയുമുണ്ടായിരുന്നു. മൂന്ന് നേതാക്കളും തങ്ങളുടെ പ്രചരണ വാഹനം മറികടക്കുമ്പോള്‍ പരസ്പരം കൈ വീശിയാണ് അഭിവാദ്യം ചെയ്തത്. ഇതിന് ശേഷം പ്രിയങ്കയും അഖിലേഷും ഇതിന്റെ ചിത്രങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഇതാദ്യമായല്ല ഇരുനേതാക്കളും ഒരുമിച്ചെത്തുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ദല്‍ഹിയില്‍ നിന്ന് ലഖ്‌നൗവിലേക്കുള്ള യാത്രയ്ക്കിടയില്‍ അഖിലേഷ് യാദവും പ്രിയങ്ക ഗാന്ധിയും പരസ്പരം കണ്ടുമുട്ടിയിരുന്നു. ഇതിന്റെ ഫോട്ടോയും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ആകസ്മികമായ കൂടിക്കാഴ്ചയാണെന്നും മറ്റ് രാഷ്ട്രീയ പ്രാധാന്യമൊന്നും നല്‍കേണ്ടതില്ലെന്നുമായിരുന്നു ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ പറഞ്ഞിരുന്നത്. 2017 ല്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമായാണ് മത്സരിച്ചിരുന്നത്. അന്ന് കോണ്‍ഗ്രസ് പ്രചരണത്തിന് രാഹുല്‍-അഖിലേഷ് കൂട്ടുകെട്ടായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പിയോട് ദയനീയമായി സഖ്യം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് ഇത്തവണ സഖ്യമില്ലാതെ മത്സരിക്കുമെന്ന് ഇരുപാര്‍ട്ടികളും അറിയിച്ചത്.

പ്രിയങ്കയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്, 'ലഡ്കി ഹൂണ്‍, ലഡ് ശക്തി ഹൂണ്‍' (ഞാനൊരു സ്ത്രീയാണ്, എനിക്ക് പോരാടാം) എന്ന മുദ്രാവാക്യവുമായി സ്ത്രീ ശാക്തീകരണത്തെ ചുറ്റിപ്പറ്റിയുള്ള പ്രചാരണം സംസ്ഥാനത്ത് ശക്തമായി വികസിപ്പിക്കുകയാണ്. സംസ്ഥാനത്തുടനീളം നിരവധി സ്ത്രീകളെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. എസ ്പിയും സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പ്രചരണം സംഘടിപ്പിക്കുന്നുണ്ട്. എസ് പി-ആര്‍ എല്‍ ഡി സഖ്യം അധികാരത്തില്‍ വന്നാല്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ആര്‍ എല്‍ ഡി നേതാവ് ജയന്ത് ചൗധരി പറഞ്ഞിരുന്നു. അതേസമയം തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെക്കുറിച്ച് ഇരു പാര്‍ട്ടികളും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

എന്നാല്‍ മറുവശത്ത് ബി ജെ പി, ആര്‍ എല്‍ ഡിയെ എങ്ങനേയും പാട്ടിലാക്കാനുള്ള ശ്രമത്തിലാണ്. ആര്‍ എല്‍ ഡിയെ നേരിട്ട് പലതവണ അമിത് ഷാ എന്‍ ഡി എയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ബുലന്ദ്ഷഹറിലെ അനുപ്ഷഹര്‍ നിയമസഭാ മണ്ഡലത്തില്‍ ഒരു തിരഞ്ഞെടുപ്പ് പരിപാടിയെ അഭിസംബോധന ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രിയും പാര്‍ട്ടി നേതാവുമായ അമിത് ഷാ, അഖിലേഷ് യാദവ് തന്റെ പിതാവിനെയും അമ്മാവനെയും പോലും കേള്‍ക്കുന്നില്ലെന്നും ആര്‍ എല്‍ ഡി തലവന്റെ വാക്കുകള്‍ കേള്‍ക്കാന്‍ സാധ്യത കുറവാണെന്നും പറഞ്ഞിരുന്നു.

ആര്‍ എല്‍ ഡിക്ക് വേണ്ടി തങ്ങളുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ ജയന്ത് ചൗധരി ഇതുവരെ അമിത് ഷായുടെ എല്ലാ വാഗ്ദാനങ്ങളും നിരസിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ സീറ്റുകളിലും ജാട്ടുകള്‍ നിര്‍ണ്ണായക ഘടകമായ പടിഞ്ഞാറന്‍ യുപിയില്‍ ആര്‍ എല്‍ ഡിക്ക് കാര്യമായ സാന്നിധ്യമുണ്ട്. 2013 സെപ്റ്റംബറില്‍ മുസ്ലിം-ജാട്ട് വിഭജനത്തിന് കാരണമായ മുസാഫര്‍നഗറിലെ വര്‍ഗീയ കലാപത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സമവാക്യങ്ങള്‍ പുനര്‍നിര്‍വചിക്കാന്‍ ആര്‍ എല്‍ ഡി-സമാജ്വാദി പാര്‍ട്ടി സഖ്യം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ്. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.
एक दुआ-सलाम ~ तहज़ीब के नाम pic.twitter.com/dutvvEkz5W
— Akhilesh Yadav (@yadavakhilesh) February 3, 2022
Recommended Video
हमारी भी आपको राम राम @jayantrld @yadavakhilesh pic.twitter.com/RyUmXS4Z8B
— Priyanka Gandhi Vadra (@priyankagandhi) February 3, 2022












Click it and Unblock the Notifications