അയോധ്യ സന്ദർശിച്ച് യുപി കോൺഗ്രസ് അധ്യക്ഷനും സംഘവും, ഇരട്ട മുഖമെന്ന് ബിജെപി
ലഖ്‌നൗ: രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനുളള ക്ഷണം കോണ്‍ഗ്രസ് നേതൃത്വം നിരസിച്ചതിന് പിന്നാലെ അയോധ്യ സന്ദര്‍ശിച്ച് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍. ജനുവരി 22നാണ് അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. മുന്‍ ബിജെപി നേതാവ് കൂടിയായ യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയത്.
ഉത്തര്‍ പ്രദേശിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി ധീരജ് ഗുര്‍ജര്‍, അവിനാശ് പാണ്ഡെ, ആരാധന മിശ്ര, മുതിര്‍ന്ന നേതാവായ ദീപേന്ദര്‍ സിംഗ് ഹൂഡ എന്നീ നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അജയ് റായിക്കൊപ്പമുണ്ടായിരുന്നത്. നേതാക്കള്‍ അയോധ്യയിലെ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സരയൂ നദിയില്‍ മുങ്ങിക്കുളിച്ച ശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്രത്തിലേക്ക് പോയത്.

ശ്രീരാമ ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടിയാണ് അയോധ്യയില്‍ പോയതെന്ന് ഭൂപേന്ദര്‍ സിംഗ് ഹൂഡ പ്രതികരിച്ചു. രാമന്‍ എല്ലാവരുടേതുമാണ്. താന് ഇതാദ്യമായിട്ടല്ല അയോധ്യ സന്ദര്‍ശിക്കുന്നത്. ഇന്ന് മകരസംക്രാന്തി ദിനത്തില്‍ രാമഭഗവാന്റെ അനുഗ്രഹം തേടിയാണ് തങ്ങള്‍ എത്തിയിരിക്കുന്നത് എന്നും ഭൂപേന്ദര്‍ ഹൂഡ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതാക്കളുടെ അയോധ്യ സന്ദര്‍ശനത്തിന് എതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഇരട്ടസ്വഭാവം കാണിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
അയോധ്യയില്‍ ആര് വരുന്നതിനോടും എതിര്‍പ്പില്ല. കോണ്‍ഗ്രസിന്റെ ഇരട്ടമുഖമാണ് ഇന്ന് ജനം കണ്ടത്. ഒരു വശത്ത് അവര്‍ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്കുളള ക്ഷണം നിരസിക്കുന്നു. മറുവശത്ത് രാമക്ഷേത്രം സന്ദര്‍ശിക്കുന്നതിന് വേണ്ടി ഒരു സംഘത്തെ പറഞ്ഞയയ്ക്കുന്നു, ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കെപി മൗര്യ പ്രതികരിച്ചു. അതിനിടെ അയോധ്യയിലെ രാമക്ഷേത്രത്തിന് പുറത്തുളള കോണ്‍ഗ്രസ് പതാക ഒരു സംഘം നശിപ്പിച്ചു. ചില സാമൂഹ്യ ദ്രോഹികള്‍ പാര്‍ട്ടിയുടെ പതാക നശിപ്പിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു.












Click it and Unblock the Notifications