പുലർച്ചെ 4 മണിക്ക് കാമുകനെ കാണാൻ വീട്ടിൽ നിന്നിറങ്ങി; മകളേയും കാമുകനേയും വെട്ടിക്കൊലപ്പെടുത്തി അച്ഛൻ
ലക്നൗ: പുലർച്ചെ നാല് മണിക്ക് കാമുകനെ കാണാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ യുവതിയേയും കാമുകനേയും യുവതിയുടെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. ഇവരെ ഇയാൾ തൂമ്പ കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം, കൊലപാതകത്തിന് ശേഷം രക്തം പുരണ്ട തൂമ്പയുമായി ഇയാൾ പോലീസ് സ്റ്റേഷനിലെത്തി പോലീസുകാർക്ക് മുൻപിൽ കീഴടങ്ങി.
ചൊവ്വാഴച പുലർച്ചെ ആയിരുന്നു സംഭവം. മഹേഷ് എന്ന ആളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ 19 വയസ്സുകാരിയായ മകളെയും മകളുടെ സുഹൃത്തായ 20 വയസ്സുകാരനേയുമാണ് കൊലപ്പെടുത്തിയത്. യുവാവിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം മഹേഷിനേയും ബന്ധുക്കളായ ഏതാനും പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കൊല്ലപ്പെട്ട യുവതിയും യുവാവും ഒരേ സമുദായത്തിൽ പെട്ടവരാണ്. ഇരുവരും രണ്ട് വർഷമായി പരിചയത്തിലാണ്. മകൾ അയൽവാസിയുടെ മകന്റെ കൂടെ ഒഴിച്ചോടുമെന്ന് താൻ ഭയപ്പെട്ടിരുന്നുവെന്നും അത് കൊണ്ട് തന്നെ അവളുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും അച്ഛൻ പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ യുവതി വീട്ടിൽ നിന്ന് പുറത്തിറങ്ങി സുഹൃത്തിന്റെ അടുത്തേക്ക് പോയി.
എന്നാൽ വഴിയിൽ വെച്ച് ഇരുവരേയും ഇയാൾ കണ്ടു. രണ്ട് പേരെയും ഇയാൾ വെട്ടിക്കൊല്ലുകയും ചെയ്തു. തൂമ്പ കൊണ്ട് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് പോയി കാര്യങ്ങൾ പറഞ്ഞ് കീഴടങ്ങി. കൊല്ലപ്പെട്ട യുവാവ് ഹിമാചൽ പ്രദേശിലാണ് ജോലി ചെയ്യുന്നത്. ഏതാനും ദിവസം മുമ്പാണ് ഇയാൾ നാട്ടിൽ വന്നതെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയച്ചു.












Click it and Unblock the Notifications