ബലാല്‍സംഗ കേസിലെ പ്രതി യുപി മന്ത്രി; അഖിലേഷിന് ഗവര്‍ണറുടെ കത്ത്, എന്തുകൊണ്ട് പുറത്താക്കുന്നില്ല?
ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ച് ഗവര്‍ണര്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന് കത്തയച്ചുവെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ദില്ലി: ബലാല്‍സംഗ കേസിലെ പ്രതിയായ മന്ത്രി ഗായത്രി പ്രജാപതിയെ എന്തുകൊണ്ടാണ് മന്ത്രിസഭയില്‍ നിന്നു പുറത്താക്കാത്തതെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്. ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ച് ഗവര്‍ണര്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന് കത്തയച്ചുവെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു.
കൂട്ടബലാല്‍സംഗ കേസിലെ പ്രതിയാണ് യുപി മന്ത്രിയായ ഗായത്രി പ്രജാപതി. യുവതിയെ മന്ത്രിയും സഹായികളും കൂട്ടബലാല്‍സംഗം ചെയ്യുകയും യുവതിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. മന്ത്രിയെ പോലിസ് തിരയുന്നുണ്ടെങ്കിലും ഇദ്ദേഹം ഇപ്പോഴും യുപി മന്ത്രിയാണ്.

സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗായത്രി പ്രജാപതിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കവെ സമാജ്‌വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് സംഭവം.

മന്ത്രിയെ കാണാനില്ലെന്നും പിടികൂടാനുള്ള ശ്രമത്തിലാണെന്നുമാണ് പോലിസ് പറയുന്നത്. ഗായത്രി പ്രജാപതിക്ക് വേണ്ടി സംസ്ഥാന വ്യാപകമായി തിരച്ചില്‍ നടക്കുന്നുണ്ടെന്നും പോലിസ് അവകാശപ്പെടുന്നു. എന്നാല്‍ കേസ് വിവാദമാവും വരെ മന്ത്രി പൊതുരംഗത്ത് ഉണ്ടായിരുന്നു.

സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടിയെ കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ജാവുന്‍പൂരില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് മോദി അഖിലേഷ് സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. എല്ലാവരും നല്ലത് സംഭവിക്കുമ്പോള്‍ ഗായത്രി മന്ത്രം ഉരുവിടും. എന്നാല്‍ എസ്പിയും കോണ്‍ഗ്രസും ഗായത്രി പ്രജാപതി മന്ത്രമാണ് ഉരുവിടുന്നതെന്നായിരുന്നു മോദിയുടെ പരിഹാസം.

ഒരു പെണ്‍കുട്ടി നീതിക്ക് വേണ്ടി കരയുമ്പോള്‍ മുഖ്യമന്ത്രി കുറ്റവാളിയെ സംരക്ഷിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. സംഭവം സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യത്തിനെതിരേ തിരഞ്ഞെടുപ്പില്‍ ആയുധമാക്കിയിരിക്കുയാണ് ബിജെപി. അവരുടെ തിരഞ്ഞെടുപ്പ് റാലികളില്ലെല്ലാം വിഷയം ഉന്നയിക്കുന്നുണ്ട്.

മന്ത്രി ഗായത്രി പ്രജാപതിയെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കുകയെങ്കിലും വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട മന്ത്രിയാണ് പ്രജാപതി എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കേസില്‍ പ്രതിയായ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നു മൗര്യ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഏഴ് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ആറ് ഘട്ടങ്ങളും പൂര്‍ത്തിയായി. ഇനി ഒരു ഘട്ടവും കൂടി കഴിഞ്ഞാല്‍ മാര്‍ച്ച് 11ന് ഫലം പ്രഖ്യാപിക്കും. അതുവരെ മാത്രമേ ഗായത്രി പ്രജാപതിയെ നിങ്ങള്‍ക്ക് ഒളിപ്പിക്കാന്‍ സാധിക്കൂവെന്ന മൗര്യ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ യുപിയില്‍ ബിജെപി അധികാരത്തിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications