ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി; സീറ്റ് കുറയുമെന്ന് സര്‍വ്വെ, എസ്പി മുന്നേറും, കോണ്‍ഗ്രസ് തിളങ്ങില്ല
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേല്‍ക്കാന്‍ സാധ്യത. എബിപി-സിവോട്ടര്‍ അഭിപ്രായ സര്‍വ്വെയില്‍ ബിജെപിക്ക് സീറ്റ് കുറയുമെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം, അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിക്ക് സീറ്റുകള്‍ കൂടും. കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും. മായാവതിയുടെ ബിഎസ്പിക്ക് ഇടിവ് സംഭവിക്കും.
രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ഉത്തര്‍ പ്രദേശിലേത്. ഉത്തര്‍ പ്രദേശ് ഭരണം നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി. തൊട്ടുപിന്നാലെ വരുന്ന ദേശീയ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് രാഷ്ട്രീയ നേതൃത്വം യുപി തിരഞ്ഞെടുപ്പിനെ കാണുന്നത്. സര്‍വ്വെയിലെ വിശദാംശങ്ങള്‍ ഇങ്ങനെ...

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. 403 അംഗങ്ങളാണ് യുപി നിയമസഭയിലുള്ളത്. 202 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് അല്ലെങ്കില്‍ മുന്നണിക്ക് സംസ്ഥാനം ഭരിക്കാന്‍ സാധിക്കും. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായിട്ടാണ് നടത്തിയത്. 61 ശതമാനമായിരുന്നു പോളിങ്. ബിജെപി വലിയ കുതിപ്പാണ് അന്ന് നടത്തിയത്.

2012ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 47 സീറ്റായിരുന്നു. 2017ല്‍ ഇത് 312 സാറ്റായി വര്‍ധിച്ചു. 265 സീറ്റുകളാണ് കൂടിയത്. എന്നാല്‍ മൊത്തം രേഖപ്പെടുത്തിയതിന്റെ 39 ശതമാനം വോട്ടേ ബിജെപിക്ക് ലഭിച്ചുള്ളൂ എന്നത് മറ്റൊരു കാര്യം. കൂടുതല്‍ കക്ഷികള്‍ മല്‍സരിക്കുകയും വോട്ടുകള്‍ ചിതറുകയും ചെയ്തതാണ് ബിജെപിക്ക് അന്ന് നേട്ടമായത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 259-267 സീറ്റുകള്‍ ലഭിക്കുമെന്നാണ് എബിസി സി-വോട്ടര്‍ സര്‍വ്വെ പറയുന്നത്. അതായത് 60ലധികം സീറ്റുകള്‍ കുറയും. എങ്കിലും പാര്‍ട്ടിക്ക് ഭരണം നഷ്ടമാകില്ല. തിളക്കം കുറയുമെന്ന് മാത്രം. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ചില നയങ്ങള്‍ വലിയ തോതില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത് മറികടക്കാനുള്ള നീക്കങ്ങള്‍ നടത്തിവരികയാണ് കേന്ദ്ര-യുപി സര്‍ക്കാരുകള്‍.

അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക് 109-117 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്. 2012ല്‍ 224 സീറ്റ് നേടി യുപിയുടെ ഭരണം പിടിച്ച പാര്‍ട്ടിയാണ് എസ്പി. 2017ല്‍ ഇവരുടെ സീറ്റുകള്‍ 47 ആയി കുറഞ്ഞു. 177 സിറ്റിങ് സീറ്റുകള്‍ എസ്പിക്ക് അന്ന് നഷ്ടമായി. എങ്കിലും 21 ശതമാനം വോട്ട് എസ്പി പിടിച്ചിരുന്നു. ഇത്തവണ 350ലധികം സീറ്റുകളില്‍ വിജയിക്കുമെന്നാണ് അഖിലേഷിന്റെ അവകാശവാദം.

വരുന്ന തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പിക്ക് 12-16 സീറ്റുകള്‍ ലഭിക്കുമെന്നാണ് എബിപി സിവോട്ടര്‍ സര്‍വ്വെ പറയുന്നത്. 2012ല്‍ 80 എംഎല്‍എമാര്‍ യുപിയില്‍ ബിഎസ്പിക്കുണ്ടായിരുന്നു. 2017ല്‍ ഇത് 19 ആയി കുറയുകയാണ് ചെയ്തത്. എസ്പിയുടെയും ബിഎസ്പിയുടെയും സീറ്റുകള്‍ ബിജെപി പിടിക്കുന്ന കാഴ്ചയായിരുന്നു 2017ല്‍. ഇത്തവണ ബിഎസ്പിക്ക് ഇനിയും സീറ്റ് കുറയുമെന്ന് സര്‍വ്വെയില്‍ പറയുന്നു.

വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 3-7 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നാണ് എബിപി സിവോട്ടര്‍ സര്‍വ്വെയിലെ പ്രവചനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രണ്ടു വര്‍ഷമായി യുപിയില്‍ സജീവമാണ്. പക്ഷേ, തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കില്ലെന്നാണ് പ്രവചനത്തില്‍ നിന്ന് വ്യക്തമാകുന്നത്. കോണ്‍ഗ്രസ് ട്വിറ്റര്‍ പാര്‍ട്ടിയാണ് എന്ന ആക്ഷേപം ബിജെപി നേതാക്കള്‍ ഉന്നയിച്ചിരുന്നു.

2012ല്‍ കോണ്‍ഗ്രസിന് 28 സീറ്റുകളാണുണ്ടായിരുന്നത്. 2017ല്‍ ഇത് ഏഴായി കുറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ ഇനിയും കുറയുമെന്നാണ് പറയുന്നത്. യുപിയിലെ കോണ്‍ഗ്രസ് കേന്ദ്രങ്ങളിലും കഴിഞ്ഞ തവണ ബിജെപി വിജയിച്ചിരുന്നു. ജാതീയ സമവാക്യങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തിയാണ് ബിജെപി കൂടുതല്‍ സീറ്റുകള്‍ കഴിഞ്ഞ തവണ പിടിച്ചത്. അതേ നീക്കം തന്നെ ഇപ്പോഴും ബിജെപി നടത്തുകയാണ്.
Recommended Video

മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിങ്ങള്‍ തൃപ്തനാണോ എന്ന ചോദ്യത്തിന് സര്‍വ്വെയില്‍ പങ്കെടുത്ത 44 ശതമാനം ആളുകള്‍ അതെ എന്ന് മറുപടി നല്‍കി. 37 ശതമാനം പേര്‍ സംതൃപ്തരല്ല എന്ന് വ്യക്തമാക്കി. 18 ശതമാനം നേരിയ തൃപ്തി പ്രകടിപ്പിച്ചു. ഒരു ശതമാനം അഭിപ്രായം പറഞ്ഞില്ല. കഴിഞ്ഞ തവണ ആരെയും മുന്നില്‍ നിര്‍ത്താതെയാണ് ബിജെപി പ്രചാരണം നടത്തിയിരുന്നത്. ഗോരഖ്പൂര്‍ എംപിയായ യോഗിയെ ഫലം വന്ന ശേഷം മുഖ്യമന്ത്രിയായി നിയോഗിക്കുകയായിരുന്നു.












Click it and Unblock the Notifications