'മാഫിയകളെ പ്രോത്സാഹിപ്പിക്കുന്നവർ ഒരിക്കലും പാവപ്പെട്ടവരുടെ വാക്കുകൾ കേട്ടില്ല'; പ്രധാനമന്ത്രി
'മാഫിയകളെ പ്രോത്സാഹിപ്പിക്കുന്നവർ ഒരിക്കലും പാവപ്പെട്ടവരുടെ വാക്കുകൾ കേട്ടില്ല'; പ്രധാനമന്ത്രി
ഉത്തർപ്രദേശ്: സമാജ്‌വാദി പാർട്ടിക്ക് എതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിതാപൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പാർട്ടിക്കെതിരെ മോദി രംഗത്ത് എത്തിയത്. മാഫിയകളെ പ്രോത്സാഹിപ്പിക്കുന്നവർ ഒരിക്കലും പാവപ്പെട്ടവരുടെ വാക്കുകൾ ശ്രദ്ധിച്ചില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
"യുപിയിലെ ബിജെപി എന്നാൽ, കലാപ ഭരണം, മാഫിയ ഭരണം, ഗുണ്ടാഭരണം എന്നിവയുടെ മേലുള്ള നിയന്ത്രണമാണ്. എല്ലാ ഉത്സവങ്ങളും ആഘോഷിക്കാനുള്ള സ്വാതന്ത്ര്യവുമാണ്. യുപിയിൽ ബിജെപി ഉള്ളതിനാൽ, പെൺമക്കളെയും സ്ത്രീകളെയും സംരക്ഷിക്കുന്നു. യുപി ബിജെപി കേന്ദ്രത്തിന്റെ പദ്ധതികൾ ഇരട്ടി വേഗത്തിലാണ് നടപ്പാക്കുന്നത്," പ്രധാനമന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം, സമാജ്‌വാദി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് മോദി വ്യക്തമാക്കി. "മാഫിയ ഭരണ കാലത്ത് ആരും പാവപ്പെട്ടവരെ കേട്ടില്ല. ഉത്തർപ്രദേശ് ഭരിച്ചിരുന്ന രാജവംശങ്ങൾ അത്തരമൊരു അന്തരീക്ഷം സൃഷ്ടിച്ചു. കലാപകാരികളെയും മാഫിയകളെയും പിന്തുണയ്ക്കുന്നവർക്ക് സംസ്ഥാനത്തെ വികസിപ്പിക്കാൻ കഴിയില്ല." - പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, മുതിർന്ന ബിജെപി നേതാക്കളും പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയ്ക്ക് എതിരെ രംഗത്ത് എത്തുകയായിരുന്നു. ക്രമ സമാധാന പ്രശ്‌നവും ബിജെപി ചൂണ്ടിക്കാട്ടി.അതേസമയം, യോഗി ആദിത്യനാഥ് സർക്കാരിന്റെ വികസന പദ്ധതികളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി സംസാരിച്ചു.
"പതിറ്റാണ്ടുകളായി, ഗുരു രവിദാസിന്റെ ജന്മസ്ഥലം വികസിപ്പിക്കാൻ മുൻ സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അനുയായികളാണ് ആവിശ്യം ഉന്നയിച്ചതി. എന്നാൽ, ഗുരു രവിദാസിന്റെ ജന്മ സ്ഥലം വികസിപ്പിക്കാനുള്ള പദ്ധതിയിലാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്." പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ഡൽഹി കരോൾ ബാഗിലെ ഗുരു രവിദാസ് വിശ്വാസ് ധാം മന്ദിറിലെ ദലിത് പ്രതിമയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മോദി എത്തിയത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 21 ശതമാനത്തോളം വരുന്ന ദലിതർക്ക് ഇടയിൽ ഗുരു രവിദാസ് ജയന്തി ജനപ്രിയമാണ്. പതിനഞ്ചാം നൂറ്റാണ്ടിലെ കവിയും തത്ത്വചിന്തകനുമാണ് ഗുരു രവിദാസ്. വാരണാസിക്ക് അടുത്താണ് ഇദ്ദേഹം ജനിച്ചത്. എല്ലാ വർഷവും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കാൻ വാരണാസിയിലേക്ക് എത്താറുണ്ട്.
അതേസമയം, 403 അംഗ നിയമസഭയെ തിരഞ്ഞെടുക്കാൻ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ വോട്ടെടുപ്പ്. ഫെബ്രുവരി 10, 14 തീയതികളിൽ വോട്ടെടുപ്പ് നടന്നിരുന്നു. 113 മണ്ഡലങ്ങളിൽ ആദ്യ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ബാക്കി ഘട്ടങ്ങൾ ഫെബ്രുവരി 20, 23, 27, മാർച്ച് 3, 7 എന്നീ തീയതികളിൽ നടക്കും. വോട്ടെണ്ണൽ മാർച്ച് 10 - ന് നടക്കും.












Click it and Unblock the Notifications