ഉത്തർപ്രദേശിലൂടെ പുതിയ തുടക്കം കുറിക്കുന്നു: കോണ്‍ഗ്രസ് വാക്ക് പാലിച്ചെന്ന് രാഹുല്‍ ഗാന്ധി
ദില്ലി: സംസ്ഥാന ഭരിക്കുന്ന ബി ജെ പി സർക്കാറില്‍ നിന്നും അനീതി നേരിട്ട സാധാരണക്കാരായ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയതിലൂടെ വലിയ മാറ്റമാണ് ഉത്തർപ്രദേശില്‍ കോണ്‍ഗ്രസ് കൊണ്ടുവന്നതെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് തുടങ്ങിവെച്ച ഈ മാറ്റം ഉത്തർപ്രദേശില്‍ ഒതുങ്ങില്ല. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്താകെ ഇതിന്റെ അലയൊലികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുമായുള്ള പങ്കാളിത്തത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. സേവനമെന്ന പേരില്‍ "നാടക"ത്തിൽ ഏർപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങൾ രാജ്യത്ത് ഒരു വലിയ മാറ്റം കൊണ്ടുവരുന്നു, ഉത്തർപ്രദേശിൽ നിന്നാണ് തുടക്കം കുറിച്ചിരിക്കുന്നത്," മുൻ കോൺഗ്രസ് മേധാവിയായ രാഹുല്‍ ഹിന്ദിയിൽ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഞങ്ങൾ ചൂഷണത്തിനെതിരെ പോരാടുകയും അവർക്ക് നീതി ലഭിക്കുന്നതിന് ജനങ്ങളുടെ ശബ്ദമാകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിച്ചിടുമോ അനുശ്രീ: വർക്ക് ഔട്ട് ചിത്രങ്ങളുമായി താരം, ഏറ്റെടുത്ത് ആരാധകർ

'ജനസേവ' എന്ന നാടകമല്ല ഞങ്ങൾ ചെയ്യുന്നത്. ഞങ്ങൾ ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് വേണ്ടി പ്രവർത്തിക്കുന്നു. വിദ്വേഷത്തിന്റെ രാഷ്ട്രീയം നീങ്ങുന്നതോടെ കോൺഗ്രസ് അധികാരത്തിൽ വരും. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള 125 സ്ഥാനാർത്ഥികളിൽ 50 സ്ത്രീകളെ മത്സരിപ്പിക്കുമെന്ന വാഗ്ദാനമാണ് കോൺഗ്രസ് പാലിച്ചിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബി ജെ പിയിൽ നിന്നും അവർ നയിക്കുന്ന സർക്കാരില്‍ നിന്നും അനീതി നേരിട്ടവരും ഈ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുന്നു എന്നതാണ് പ്രത്യേകത. ഉന്നാവോ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മ, ബിജെപി ഭരണത്തിൽ ആശാ വർക്കർമാരെ ചൂഷണം ചെയ്യുന്നതിനെതിരെ ശബ്ദമുയർത്തിയ സ്ത്രീ, നിഷാദ് സമുദായത്തിനെതിരായ അതിക്രമങ്ങൾക്കെതിരെ വർഷങ്ങളോളം സമരം ചെയ്ത സ്ത്രീ എന്നിവർക്ക് സ്ഥാനാർത്ഥിത്വം നല്‍കിയ കാര്യവും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. വരാനിരിക്കുന്ന സ്ഥാനാർത്ഥി പട്ടികയിലുംപാർട്ടി സ്ത്രീകൾക്ക് വലിയ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ പുറത്തിറക്കിയ ആകെയുള്ള 125 സ്ഥാനാർത്ഥികളിൽ 40 ശതമാനം സ്ത്രീകളും 40 ശതമാനം യുവാക്കളുമാണ്. ഈ ചരിത്രപരമായ തീരുമാനത്തിലൂടെ, സംസ്ഥാനത്ത് ഒരു പുതിയ തരം രാഷ്ട്രീയം കൊണ്ടുവരാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു

ഓണറേറിയം വർധിപ്പിക്കുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ആശാ വർക്കർ പൂനം പാണ്ഡെ ഷാജഹാന്‍ പൂരില്‍ നിന്നാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത്. സ്ത്രീപക്ഷ മുദ്രാവാക്യം ഉയർത്തിക്കാട്ടുന്നതിലൂടെ സംസ്ഥാനത്ത് ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നത്. അതേസമയം 2017 ലെ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ എസ്പി സഖ്യത്തില്‍ മത്സരിച്ചിട്ടും കേവലം 7 സീറ്റുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. ഇത്തവണ പ്രധാന കക്ഷികളില്‍ ആരുമായി സഖ്യമില്ലാതെയാണ് കോണ്‍ഗ്രസ് മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications