കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി; സ്ഥാനാര്‍ഥി രാജിവച്ച് എസ്പിയുടെ സ്ഥാനാര്‍ഥിയായി
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്. എന്നാല്‍ കടുത്ത വെല്ലുവിളി പാര്‍ട്ടി നേരിടുന്നു. എസ്പിയുമായി സഖ്യത്തിലെത്താന്‍ സാധിക്കാതെ വന്നതോടെ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ ഭാവി എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് യുപിയില്‍ നടത്തുന്നത്. എന്നാല്‍ ബിജെപിയും എസ്പിയും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്നതിനാല്‍ കോണ്‍ഗ്രസ് അപ്രസക്തമായി എന്ന വികാരം നേതാക്കള്‍ക്കുണ്ട്. ഇതേ തുടര്‍ന്ന് നേതാക്കളുടെ രാജിയും തുടര്‍ക്കഥയാകുകയായാണ്.
ഏറ്റവും ഒടുവില്‍ സുപ്രിയ ആരോണിന്റെ രാജിയാണ് കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചത്. ബറേലിയിലെ കന്റോണ്‍മെന്റ് സീറ്റില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട വ്യക്തിയാണ് സുപ്രിയ. ഇവരുടെ ഭര്‍ത്താവ് മുന്‍ എംപി പ്രവീണ്‍ സിങ് ആരോണും രാജിവച്ചു. ഇരുവരും എസ്പിയില്‍ ചേര്‍ന്നു. മാത്രമല്ല, ഇതേ സീറ്റില്‍ എസ്പിക്ക് വേണ്ടി മല്‍സരിക്കാനും തീരുമാനിച്ചു. ബറേലിയിലെ മുന്‍ മേയറാണ് സുപ്രിയ ആരോണ്‍. മുന്‍ എംഎല്‍എ രാജ മഹാവീര്‍ സിങിന്റെ ഭാര്യ റിത സിങും എസ്പിയില്‍ ചേര്‍ന്നിട്ടുണ്ട്. ലഖ്‌നൗവിലെ വാര്‍ത്താസമ്മേളനത്തില്‍ മൂന്ന് പേരെയും അഖിലേഷ് അഭിനന്ദിച്ചു.

അതേസമയം, രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായ ധര്‍മേന്ദ്ര പ്രതാപ് സിങ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. അഖിലേഷ് യാദവിന്റെയും എസ്പിയുടെയും നയങ്ങളോടുള്ള താല്‍പ്പര്യമാണ് ധര്‍മേന്ദ്രയെ എസ്പിയിലെത്തിച്ചത്. സമാജ് വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നരേഷ് പട്ടേല്‍ ധര്‍മേന്ദ്രയെ സ്വീകരിച്ചു. അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ധര്‍മേന്ദ്ര പ്രതാപിന്റെ ചിത്രം എസ്പി നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. എട്ട് അടി രണ്ട് ഇഞ്ച് നീളമുള്ള വ്യക്തിയാണ് ധര്‍മേന്ദ്ര പ്രതാപ്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയാണ് ഈ 46കാരന്‍. ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടംപിടിച്ച ധര്‍മേന്ദ്ര പ്രതാപ് ഏഷ്യയിലെ ഏറ്റവും നീളംകൂടിയ വ്യക്തികളില്‍ ഒരാളാണ്.
ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലെ നര്‍ഹാര്‍പൂര്‍ കസിയാഹി ഗ്രാമ വാസിയാണ് ധര്‍മേന്ദ്ര പ്രതാപ് സിങ്. പിജി ബിരുദ ധാരിയാണിദ്ദേഹം. ഉയരം കൂടിയത് കാരണം ജോലി ലഭിക്കാന്‍ ഏറെ പ്രയാസപ്പെടുന്ന ധര്‍മേന്ദ്രയെ കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതുവരെ ജോലി ലഭിച്ചിട്ടില്ല. വിവാഹം കഴിച്ചിട്ടുമില്ല. ഉയരം കൂടിയത് കാരണം അരക്കെട്ടില്‍ അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ട് ധര്‍മേന്ദ്രയ്ക്ക്. ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിനും ഏറെ പ്രയാസം നേരിടുന്നുണ്ട്. ലഖ്‌നൗവില്‍ വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി ഡോക്ടറെ കണ്ടിരുന്നെങ്കിലും ശസ്ത്രക്രിയ ചെയ്യാനായിരുന്നു നിര്‍ദേശം. പണമില്ലാത്തതിനാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അദ്ദേഹം സഹായം അഭ്യര്‍ഥിച്ചിരുന്നു. 2019ല്‍ ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ ഏപ്രിലില്‍ ഉത്തര്‍ പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധര്‍മേന്ദ്രയുടെ സുഹൃത്ത് മല്‍സരിച്ചിരുന്നു. ഈ വേളയില്‍ പ്രചാരണത്തിന് എത്തിയിരുന്നു ധര്‍മേന്ദ്ര.












Click it and Unblock the Notifications