Get Updates
Get notified of breaking news, exclusive insights, and must-see stories!

32 വര്‍ഷം അധികാരം കിട്ടാതെ കോണ്‍ഗ്രസ്; ഇത്തവണ ഒരുങ്ങുന്നത് ബൃഹദ് പദ്ധതി, പുതിയ നീക്കം ഇങ്ങനെ...

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കഴിഞ്ഞ 32 വര്‍ഷമായി കോണ്‍ഗ്രസിന് യുപി ഭരണത്തില്‍ പങ്കാളിത്തമില്ല. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു യുപി. അന്ന് രാജ്യം ഭരിച്ചതും കോണ്‍ഗ്രസ് തന്നെ. 1980കളുടെ അവസാനത്തിലാണ് യുപിയില്‍ കോണ്‍ഗ്രസിന് അടിപതറാന്‍ തുടങ്ങിയത്.

മുസ്ലിം, പിന്നാക്ക വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. കൂടാതെ ഒട്ടേറെ ചെറുകക്ഷികള്‍ ഉയര്‍ന്നുവരികയും ചെയ്തു. ഇത്തവണ കോണണ്‍ഗ്രസ് വലിയ പദ്ധതിയുമായിട്ടാണ് ഇറങ്ങുന്നത്. പ്രിയങ്കാ ഗാന്ധിയാണ് മുന്നില്‍ നിന്ന് നയിക്കുക. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു വിശദീകരിച്ചു....

1

പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ഇത്തവണ സഖ്യമുണ്ടാക്കില്ലെന്ന് അജയ് കുമാര്‍ ലല്ലു വ്യക്തമാക്കി. സമാജ്‌വാദി പാര്‍ട്ടിയുമായോ ബിഎസ്പിയുമായോ സഖ്യമുണ്ടാകില്ല. പകരം ചെറുകക്ഷികളുമായിട്ടാണ് സഖ്യത്തിന് ശ്രമിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ചെറുകക്ഷികളുമായി നടത്തിയ ചര്‍ച്ചകള്‍ സംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അജയ്കുമാര്‍ ലല്ലു പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2

എസ്പി, ബിഎസ്പി എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്ന കാര്യം ഞങ്ങള്‍ ആലോചിച്ചിട്ടുപോലുമില്ലെന്ന് അജയ് കുമാര്‍ ലല്ലു പറഞ്ഞു. കഴിഞ്ഞ 32 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസിന് ഭരണമില്ല. ബിജെപി, എസ്പി, ബിഎസ്പി എന്നിവരാണ് മാറിമാറി ഭരിച്ചത്. ഇവരുടെ ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഇനി ജനങ്ങള്‍ കോണ്‍ഗ്രസിനെയാണ് തേടുന്നതെന്നും ലല്ലു അവകാശപ്പെട്ടു.

3

ബിജെപിയുടെ പ്രധാന എതിരാളി ഇത്തവണ കോണ്‍ഗ്രസാണ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കും. യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അജയ് കുമാര്‍ ലല്ലു പറഞ്ഞു.

4

സമാജ്‌വാദി പാര്‍ട്ടി ഇത്തവണ വലിയ കക്ഷികളുമായി സഖ്യമുണ്ടാക്കില്ലെന്നും ചെറുകക്ഷികളുമായിട്ടാണ് സഖ്യമെന്നും നേരത്തെ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. എസ്പിയും ബിജെപിയും തമ്മിലാണ് വരുന്ന തിരഞ്ഞെടുപ്പിലെ പ്രധാന പോരാട്ടമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. സമാനമായ വാദങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലുവും മുന്നോട്ടുവെക്കുന്നത്.

5

എസ്പിയും ബിജെപിയും തമ്മിലാണ് പ്രധാന മല്‍സരം എന്നത് മാധ്യമങ്ങളുടെ സൃ്ഷ്ടിയാണെന്ന് അജയ് കുമാര്‍ ലല്ലു പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. പഞ്ചായത്ത് തലത്തില്‍ കോണ്‍ഗ്രസ് പ്രത്യേക പ്രചാരണം നടത്തിവരികയാണ്. കഴിഞ്ഞ മാസം മാത്രം 90 ലക്ഷം ജനങ്ങളുമായി സംവദിച്ചു. പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. സമരരംഗത്തുള്ളതും കോണ്‍ഗ്രസ് മാത്രമാണെന്നും അജയ് കുമാര്‍ ലല്ലു പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യയെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? അമാലിന് ജന്മദിനം, ആശംസയുമായി പൃഥ്വിരാജ്

6

സംസ്ഥാനത്തെ കര്‍ഷകര്‍, യുവജനങ്ങള്‍, തൊഴിലാളികള്‍ എന്നിവരുടെ ശബ്ദമായി മാറാന്‍ കോണ്‍ഗ്രസ് മാത്രമാണ് സാധിക്കുക. സ്ത്രീ സുരക്ഷയ്ക്ക് കോണ്‍ഗ്രസ് വരണം. ഗ്രാമങ്ങളിലെ ദരിദ്രരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കോണ്‍ഗ്രസ് ധികാരത്തിലെത്തണമെന്നും അജയ് കുമാര്‍ ലല്ലു പറഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്മ, തകര്‍ന്നടിഞ്ഞ കാര്‍ഷിക രംഗം എന്നീ വിഷയങ്ങള്‍ കാരണം യോഗി സര്‍ക്കാരിനെതിരെ പൊതുവികാരം ശക്തമാണെന്നും ലല്ലു പറഞ്ഞു.

7

ജാതി സെന്‍സസിന് കോണ്‍ഗ്രസ് അനുകൂലമാണ്. മുമ്പും ഇക്കാര്യം കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ജാതി വിവരങ്ങള്‍ യുപിഎ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിരുന്നു. ബിജെപി അധികാരത്തിലെത്തിയതോടെയാണ് ഇത് നിര്‍ത്തിവച്ചത്. ജാതി സെന്‍സസ് നടത്തണം. കര്‍ഷകരെ അടിച്ചമര്‍ത്തുന്ന ബിജെപിയുടെ നയം വരുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് തിരിച്ചടിയാകും. കര്‍ഷകര്‍ക്ക് വേണ്ടി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങളാണ് ഇതിനകം യുപിയില്‍ നടന്നതെന്നും അജയ് കുമാര്‍ ലല്ലു പറഞ്ഞു.

8

403 അംഗങ്ങളാണ് യുപി നിയമസഭയിലുള്ളത്. 202 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനം ഭരിക്കാം. 2012ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 47 സീറ്റായിരുന്നു. 2017ല്‍ ഇത് 312 സാറ്റായി വര്‍ധിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 259-267 സീറ്റുകള്‍ ലഭിക്കുമെന്നാണ് എബിപി സി-വോട്ടര്‍ സര്‍വ്വെ പറയുന്നത്. സീറ്റ് കുറയുമെങ്കിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.

9

2012ല്‍ 224 സീറ്റ് നേടി യുപിയുടെ ഭരണം പിടിച്ച പാര്‍ട്ടിയാണ് എസ്പി. 2017ല്‍ ഇവരുടെ സീറ്റുകള്‍ 47 ആയി കുറഞ്ഞു. ഇത്തവണ 350ലധികം സീറ്റുകളില്‍ വിജയിക്കുമെന്നാണ് അഖിലേഷ് യാദലിന്റെ അവകാശവാദം. സമാജ്‌വാദി പാര്‍ട്ടിക്ക് 109-117 സീറ്റുകള്‍ ലഭിക്കുമെന്നാണ് എബിപി സി-വോട്ടര്‍ സര്‍വ്വെയില്‍ പറയുന്നത്. 2012ല്‍ 80 എംഎല്‍എമാര്‍ യുപിയില്‍ ബിഎസ്പിക്കുണ്ടായിരുന്നു. 2017ല്‍ ഇത് 19 ആയി കുറയുകയാണ് ചെയ്തത്. ബിഎസ്പി ഇത്തവണ തനിച്ച് മല്‍സരിക്കുമെന്നാണ് മായാവതിയുടെ പ്രഖ്യാപനം.

10

2012ല്‍ കോണ്‍ഗ്രസിന് 28 സീറ്റുകളാണുണ്ടായിരുന്നത്. 2017ല്‍ ഇത് ഏഴായി കുറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ ഇനിയും കുറയുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍ പറയുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 3-7 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നാണ് എബിപി സിവോട്ടര്‍ സര്‍വ്വെയിലെ പ്രവചനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രണ്ടു വര്‍ഷമായി യുപിയില്‍ സജീവമാണ്. പക്ഷേ, തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കില്ലെന്നാണ് പ്രവചനത്തില്‍ നിന്ന് വ്യക്തമാകുന്നത്.

11

7 സീറ്റില്‍ നിന്ന് 200ലധികം സീറ്റുകള്‍ നേടിയാല്‍ മാത്രമേ അജയ് കുമാര്‍ ലല്ലു പറയുന്ന പോലെ യുപിയുടെ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കു. പ്രധാന പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാതെ എങ്ങനെ കോണ്‍ഗ്രസ് ഇത് നേടുമെന്ന ചോദ്യം ബാക്കിയാണ്. ചെറിയ കക്ഷികളുമായി സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ തന്നെ ആരുമായും ഇതുവരെയുള്ള ചര്‍ച്ചകള്‍ വിജയകരമല്ല എന്നതാണ് സത്യം. കോണ്‍ഗ്രസും എസ്പിയും സഖ്യം ചേരുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അഖിലേഷ് യാദവ് ഇത് തള്ളിക്കുളയുകയാണ് ചെയ്തത്.

12

ഓം പ്രകാശ് രാജ്ഭാറിന്റെ പാര്‍ട്ടിയാണ് എസ്ബിഎസ്പി. ഇദ്ദേഹത്തിനൊപ്പം പിന്നാക്ക വിഭാഗത്തില്‍പ്പെട്ട നിരവധി ചെറിയ കക്ഷികളുണ്ട്. ഈ സഖ്യത്തില്‍ ചേരുമെന്ന് അസദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ സഖ്യത്തിലുള്ളവരെ കൂടെ നിര്‍ത്താന്‍ ബിജെപിയും എസ്പിയും ശ്രമിച്ചുവരികയാണ്. രാജ്ഭാറിന്റെ നേതൃത്വത്തിലുള്ള സഖ്യം കോണ്‍ഗ്രസിന് തിരിച്ചടിയാകും. ഇവരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+