മഥുരയില്‍ ക്ഷേത്ര നിര്‍മാണത്തിന് ഒരുങ്ങുന്നു; എരിതീയില്‍ എണ്ണയൊഴിച്ച് യുപി ഉപമുഖ്യമന്ത്രി
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിഭാഗീയ നീക്കങ്ങള്‍ക്ക് ശ്രമം. ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എടുത്തുപറഞ്ഞ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പ്രതികരണം. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കേശവ് പ്രസാദ് മൗര്യ അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിലെ ക്ഷേത്ര നിര്‍മാണത്തെ പറ്റി പറഞ്ഞത്. മഥുരയില്‍ ചരിത്ര പ്രസിദ്ധമായ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്നും പള്ളിയില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്നും ഹിന്ദുത്വ സംഘടനകള്‍ ഭീഷണി മുഴക്കിരുന്നു. തൊട്ടുപിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.
അയോധ്യയിലും കാശിയിലും വലിയ ക്ഷേത്രങ്ങള്‍ നിര്‍മാണത്തിലാണ്. മഥുരയില്‍ ക്ഷേത്രത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി- എന്നാണ് മൗര്യയുടെ ട്വീറ്റ്. 1990കളില്‍ ഹിന്ദുത്വ സംഘടനകള്‍ വ്യാപകമായി പ്രചരിപ്പിച്ച വിഷയങ്ങളായിരുന്നു അയോധ്യ, കാശി, മഥുര എന്നിവ. അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച ശേഷം ഇത്തരം മുദ്രാവാക്യങ്ങള്‍ വ്യാപകമായി മുഴങ്ങിയിരുന്നു. അയോധ്യ തുടക്കം മാത്രം, കാശിയും മഥുരയും ബാക്കിയാണ് എന്നായിരുന്നു മുദ്രാവാക്യം.

മഥുര ക്ഷേത്ര വിഷയത്തില്‍ ഏറെ നാളായി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ നിയമനടപടിക്ക് വഴിയൊരുക്കുന്നു. മഥുരയില്‍ 17ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഈദ്ഗാഹ് മസ്ജിദ് നിലനില്‍ക്കുന്നത് കൃഷ്ണന്റെ ജന്മസ്ഥലത്താണ് എന്നാണ് വാദം. മുഗള്‍ ഭരണാധികാരി ഔറംഗസേബ് ക്ഷേത്രത്തിന്റെ ഒരുഭാഗം പൊളിച്ചുവെന്നും അതുകൊണ്ട് സ്ഥലം വിട്ടുതരികയും പള്ളി പൊളിച്ചുനീക്കുകയും വേണമെന്നുമാണ് ആവശ്യം.
കഴിഞ്ഞ വര്‍ഷം മഥുരയിലെ സിവില്‍ കോടതി ഇതുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളിയിരുന്നു. 1947ലെയും 1991ലെയും നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജികള്‍ തള്ളിയത്. അതേസമയം, ഈ വര്‍ഷം ഫെബ്രുവരിയില്‍ മഥുര ജില്ലാ കോടതി സമാന ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റിക്ക് പ്രതികരണം തേടി നോട്ടീസ് അയക്കുകയും ചെയ്തു. പള്ളിയും ക്ഷേത്രവും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നത് ശരിവച്ച് 1967ല്‍ മഥുരയിലെ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി റദ്ദാക്കണമെന്നും ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.

ഡിസംബര്‍ ആറിന് പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്നാണ് ഹിന്ദുത്വ സംഘടനകളുടെ മുന്നറിയിപ്പ്. ഹിന്ദു മഹാസഭയാണ് ഭീഷണി മുഴക്കിയിട്ടുള്ളത്. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പള്ളിക്ക് എല്ലാ സുരക്ഷയും ഒരുക്കുമെന്ന് പോലീസ് അറിയിച്ചു. ചില സംഘടനകള്‍ ഡിസംബര്‍ ആറിന് ഈദ്ഗാഹ് മസ്ജിദിലേക്ക് മാര്‍ച്ച് നടത്തുമെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരു പരിപാടിക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ഗൗരവ് ഗ്രോവര്‍ പറഞ്ഞു.
ഹോട്ട് സ്‌റ്റൈല്‍ ലുക്കില്‍ നടി ജാന്‍വി കപൂര്‍; നടിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം
മഥുരയില്‍ ഈദ്ഗാഹ് മസ്ജിദും ശ്രീകൃഷ്ണ ക്ഷേത്രവും തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. പള്ളിക്കകത്ത് ഹൈന്ദവ ആചാര പ്രകാരമുള്ള കര്‍മങ്ങള്‍ നടത്തുമെന്നാണ് ഹിന്ദു മഹാസഭയുടെ ഭീഷണി. പള്ളി പൊളിച്ചുമാറ്റണമെന്ന് മറ്റൊരു ഹിന്ദുത്വ സംഘടനയായ നാരായണി സേന ആവശ്യപ്പെട്ടു. കൃഷ്ണ ക്ഷേത്രത്തിലേക്ക് ഇവര്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. നാരായണി സേനയുടെ നേതാക്കളെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കളക്ടര്‍ നവനീത് സിങ് ചഹല്‍ പറഞ്ഞു.
ഡിസംബര്‍ ആറിന് മഥുരയില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഖൗമി ഏകതാ മഞ്ച് എന്ന സംഘടന ആവശ്യപ്പെട്ടു. അനാവശ്യ വിവാദം ചിലര്‍ സൃഷ്ടിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അഖിലേന്ത്യാ തീര്‍ഥ പുരോഹിത് മഹാസഭ അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications