നന്ദിയുണ്ട്, ഇനി എസ്പിയുടെ ആദര്‍ശം ബിജെപിയിലുമെത്തും; അപര്‍ണയുടെ കൂറുമാറ്റത്തില്‍ അഖിലേഷ്
ലഖ്‌നൗ: തന്റെ സഹോദരന്റെ ഭാര്യ അപര്‍ണ യാദവ് ബി ജെ പിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സമാജ് വാദി പാര്‍ട്ടിയുടെ ആശയങ്ങള്‍ ബി ജെ പിയ്ക്ക് പകര്‍ന്ന് നല്‍കാന്‍ അപര്‍ണയ്ക്കാവട്ടെ എന്ന് അദ്ദേഹം പറഞ്ഞു. അപര്‍ണയെ ബി ജെ പിയിലേക്ക് സ്വീകരിച്ചതിന് ബി ജെ പിയോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ക്ക് മത്സരിപ്പിക്കാന്‍ കഴിയാത്തവരെ പോലും ബി ജെ പി ഏറ്റെടുത്ത് മത്സരിപ്പിക്കുകയാണെന്നും അതിനോട് ബി ജെ പിയോട് കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ ബി ജെ പിയിലെത്തി അവിടെ ജനാധിപത്യം വളരുന്നതിന് കാരണമാവട്ടെയെന്നും അഖിലേഷ് പറഞ്ഞു. ബി ജെ പിയില്‍ ചേരുന്നതിന് മുന്‍പ് അപര്‍ണയോട് സംസാരിക്കാന്‍ സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവും തന്റെ പിതാവുമായ മുലായം സിംഗ് യാദവ് ശ്രമിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സമാജ് വാദി പാര്‍ട്ടിയില്‍ സര്‍വേകള്‍ നടത്തിയും വിജയ സാധ്യത പരിഗണിച്ചുമാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതെന്ന് അഖിലേഷ് പറഞ്ഞു.

ഇതോടെ സീറ്റ് തര്‍ക്കം മൂലമാണ് അപര്‍ണ പാര്‍ട്ടി വിട്ടതെന്ന് സംശയം ബലപ്പെട്ടു. ബുധനാഴ്ച രാവിലെ ദല്‍ഹിയില്‍ നിന്നാണ് അപര്‍ണ ബി ജെ പി അംഗത്വം സ്വീകരിച്ചത്. അഖിലേഷ് യാദവിന്റെ സഹോദരന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ യാദവ്. 2017ല്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ച അപര്‍ണ ബി ജെ പി നേതാവ് റീത്താ ബഹുഗുണ ജോഷിയോട് പരാജയപ്പെട്ടിരുന്നു.

ഏഴ് ഘട്ടങ്ങളിലായിട്ട് നടക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 10നാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്ത് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ 15.06 കോടി വോട്ടര്‍മാരാണുള്ളത്. സമാജ് വാദി പാര്‍ട്ടിയും ബി ജെ പിയും കൂടാതെ ബി എസ് പിയും കോണ്‍ഗ്രസുമാണ് മത്സരരംഗത്തുള്ള മറ്റ് കക്ഷികള്‍. സര്‍വേകളെല്ലാം ബി ജെ പിയ്ക്ക് തുടര്‍ഭരണം പ്രവചിക്കുന്നുണ്ടെങ്കിലും സമാജ് വാദി പാര്‍ട്ടി മുന്നേറ്റം നടത്തുമെന്നും പ്രവചനമുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ സംഭവ വികാസങ്ങള്‍ സമാജ് വാദി പാര്‍ട്ടിയ്ക്ക് ഊര്‍ജം നല്‍കുന്നതാണ്.

403 അംഗ നിയമസഭയില്‍ 312 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തിലാണ് ബി ജെ പി 2017 ല്‍ അധികാരത്തിലേറിയത്. ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാം. നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരില്‍ നിന്നാണ് ജനവിധി തേടുന്നത്. അതേസമയം ആദ്യം മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച അഖിലേഷ് യാദവ് മത്സരിക്കാനാണ് സാധ്യത. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ കന്നി അങ്കമായിരിക്കും ഇത്.

2012 ല്‍ അഖിലേഷ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നെങ്കിലും തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നില്ല. ലെജിസ്ലേറ്റിവ് കൗണ്‍സില്‍ വഴിയായിരുന്നു അന്ന് അഖിലേഷ് മുഖ്യമന്ത്രി പദത്തിലെത്തിയത്. അന്ന് കന്നൗജ് ലോക്‌സഭാ മണ്ഡലത്തിലെ എം പിയായിരുന്ന അഖിലേഷ് 38-ാം വയസില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന നേട്ടം കൂടി ഇതോടെ സ്വന്തമാക്കിയിരുന്നു. യോഗി ആദിത്യനാഥ് ഗൊരഖ്പൂരില്‍ മത്സരിക്കുമെന്നതിനാലാണ് അഖിലേഷിന് മേല്‍ മത്സരിക്കാന്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് അറിയാന്‍ കഴിയുന്നത്. ഒന്നിലധികം സീറ്റുകളില്‍ നിന്ന് അഖിലേഷിനെ മത്സരിപ്പിക്കാനാണ് സാധ്യത.
Recommended Video

അതേസമയം അഖിലേഷ് യാദവ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ താഴെയിറക്കാനുള്ള കഠിനശ്രമത്തിലാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മന്ത്രിമാരെയടക്കം സമാജ് വാദി പാര്‍ട്ടിയിലെത്തിച്ച അഖിലേഷ് ഒ ബി സി, പിന്നാക്ക, മുസ്ലീം, വോട്ടുകള്‍ ലക്ഷ്യമിട്ടാണ് തന്ത്രം മെനയുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മൂന്ന് മന്ത്രിമാരാണ് യോഗിയുടെ മന്ത്രിസഭയില്‍ നിന്ന് രാജി വെച്ച് എസ് പിയില്‍ ചേര്‍ന്നത്. ഇവരെല്ലാം ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ വലിയ പിന്തുണയും സമാജ് വാദി പാര്‍ട്ടിയ്ക്കുണ്ട്. ആര്‍ എല്‍ ഡിയുമായി സഖ്യമുള്ളതോടൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ്, സി പി ഐ എം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ അഖിലേഷിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications