ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി, കഫീല്‍ ഖാനെതിരെ കേസെടുത്ത് യുപി പോലീസ്
ലഖ്‌നൗ: തന്റെ പുസ്തകത്തിലൂടെ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഡോ. കഫീല്‍ ഖാനെതിരെ കേസെടുത്ത് യുപി പോലീസ്. ലഖ്‌നൗവിലെ കൃഷ്ണ നഗര്‍ പോലീസ് ആണ് കേസ് കഫീല്‍ ഖാനും പേരറിയാത്ത മറ്റ് ചിലര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൃഷ്ണ നഗര്‍ സ്വദേശിയായ മനീഷ് ശുക്‌ളയാണ് കഫീല്‍ ഖാനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കഫീല്‍ ഖാന്റെ പുസ്തകം വിതരണം ചെയ്ത് ആളുകളെ സര്‍ക്കാരിനെതിരെ തിരിക്കാനും സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താനും ശ്രമിച്ചു എന്നാണ് പരാതി. നാലഞ്ച് ആളുകള്‍ മറ്റൊരാളുമായി ഫോണില്‍ നടത്തിയ സംസാരം താന്‍ കേട്ടു എന്നും മനീഷ് ശുക്‌ള പറയുന്നു.

കഫീല്‍ ഖാന്‍ രഹസ്യമായി ഒരു പുസ്തകം പ്രസിദ്ധീകരിച്ചുവെന്നും ഇത് സംസ്ഥാനത്തുടനീളം വ്യാപകമായി വിതരണം നടത്തുന്നുണ്ടെന്നും അവര്‍ പറയുന്നതായി താന്‍ കേട്ടുമെന്നും മനീഷ് ശുക്‌ള എന്നയാള്‍ പറയുന്നു. വഞ്ചന, ആള്‍മാറാട്ടം, സമാധാന ലംഘനത്തിനുളള അധിക്ഷേപം, മതത്തെ അപമാനിക്കാനായി ആരാധനാലയത്തെ കളങ്കപ്പെടുത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ അടക്കമുളള വകുപ്പുകള്‍ ആണ് യുപി പോലീസ് കഫീല്‍ ഖാനെതിരെ ചുമത്തിയിട്ടുളളത്.
2021 ഡിസംബറിലാണ് കഫീല്‍ ഖാന്റെ പുസ്തകമായ ദി ഗൊരഖ്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി- എ ഡോക്ടേഴ്‌സ് മെമോയിര്‍ ഓഫ് ഓ ഡെഡ്‌ലി മെഡിക്കല്‍ ക്രൈസിസ് പ്രസിദ്ധീകരിച്ചത്. ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കുറവ് കാരണം 63 കുട്ടികള്‍ മരണപ്പെട്ട സംഭവത്തിന് സാക്ഷിയാകേണ്ടി വന്നതും അതിന് ശേഷം നേരിട്ടതും അടക്കമുളള അനുഭവങ്ങള്‍ പുസ്തകത്തില്‍ കഫീല്‍ ഖാന്‍ വിശദീകരിക്കുന്നു. അന്ന് ശിശുരോഗ വിഭാഗത്തിന്റെ തലവന്‍ ആയിരുന്ന കഫീല്‍ ഖാന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications