തുരങ്ക നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; 36 പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ തുരങ്ക നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. 36 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ ആറിനും ഏഴിനും ഇടയിലായിരുന്നു അപകടം. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സംഘങ്ങളും പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയ പാതയില്‍ സില്‍ക്യാര മുതല്‍ ദണ്ഡല്‍ഗാവ് വരെ ബന്ധിപ്പിക്കുന്ന തുരങ്കത്തില്‍ ആണ് അപകടമുണ്ടായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് അറിഞ്ഞത് മുതല്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട് എന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. അപകടത്തില്‍പ്പെട്ട എല്ലാവരും സുരക്ഷിതമായി തിരിച്ചുവരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തുരങ്കത്തിനുള്ളിലേക്ക് ഓക്‌സിജന്‍ പൈപ്പുകള്‍ എത്തിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദീവസം നീണ്ട് നില്‍ക്കുന്ന രക്ഷാപ്രവര്‍ത്തനം വേണ്ടി വന്നേക്കാം എന്നാണ് ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്ന് 200 മീറ്റര്‍ മുന്നിലാണ് തുരങ്കം തകര്‍ന്നതെന്ന് ഉത്തരകാശി എസ് പി അര്‍പന്‍ യദുവന്‍ഷി പറഞ്ഞു. തുരങ്കത്തിനുള്ളിലേക്ക് ഭക്ഷണസാധനങ്ങളും അയക്കുന്നുണ്ടെന്നും തൊഴിലാളികളെ ഉടന്‍ രക്ഷപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തകര്‍ച്ചയിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവരുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും എസ് പി അര്‍പന്‍ യദുവംശി പറഞ്ഞു. തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നോക്കുന്ന എച്ച് ഐ ഡി സി എല്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, 36 ഓളം പേര്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.
അവരെ സുരക്ഷിതമായി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പൊലീസ് സേനയും എന്‍ ഡി ആര്‍ എഫും എസ് ഡി ആര്‍ എഫും സ്ഥലത്തുണ്ട് എന്നും ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ എല്ലാ ആളുകളെയും സുരക്ഷിതമായി രക്ഷിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications