രാഹുലിന്റെ അച്ഛനാരാണെന്നതിന് തെളിവ് ചോദിച്ചിട്ടുണ്ടോയെന്ന് അസം മുഖ്യമന്ത്രി, മറുപടിയുമായി കോണ്‍ഗ്രസ്
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് അസം മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. 2016 ലെ ഉറി ആക്രമണത്തിന് മറുപടിയായി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് രാഹുല്‍ ഗാന്ധി തെളിവ് ചോദിച്ചതാണ് ഹിമന്ത ബിശ്വ ശര്‍മയെ ചൊടിപ്പിച്ചത്. 'ഉത്തരാഖണ്ഡിന്റെയും രാജ്യത്തിന്റെയും അഭിമാനമായിരുന്ന ജനറല്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ പാകിസ്ഥാനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. തുടര്‍ന്ന് രാഹുല്‍ ഗാന്ധി തെളിവ് ചോദിച്ചു. നിങ്ങള്‍ ഏത് അച്ഛന്റെ മകനാണെന്ന് ഞങ്ങള്‍ എപ്പോഴെങ്കിലും തെളിവ് അന്വേഷിച്ചിട്ടുണ്ടോ? എന്നായിരുന്നു ഹിമന്തയുടെ ചോദ്യം.
ബി ജെ പി സ്ഥാനാര്‍ത്ഥി രാജേഷ് ശുക്ലയുടെ പ്രചാരണത്തിനായി ഉത്തരാഖണ്ഡിലെ ഉധംസിംഗ് നഗറിലെ കിച്ച ടൗണില്‍ എത്തിയതായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മ. സായുധ സേനയോട് തെളിവ് ചോദിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശം?, സ്‌ട്രൈക്ക് നടത്തിയെന്ന് പട്ടാളം പറഞ്ഞാല്‍, അത് നടത്തിയെന്ന് തന്നെയാണ്. അതിന്റെ പേരില്‍ എന്തിനാണ തര്‍ക്കമെന്നും അദ്ദേഹം ചോദിച്ചു. നിങ്ങള്‍ ബിപിന്‍ റാവത്തില്‍ വിശ്വസിച്ചില്ലേ? സായുധ സേനയില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരാഖണ്ഡിലെ മക്കളില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയാണെന്നും ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു. അവര്‍ ഒരിക്കലും ജനക്ഷേമത്തില്‍ ശ്രദ്ധിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിനെ ശിക്ഷിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചതിനാല്‍ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിലപ്പോള്‍ അവര്‍ പറയും ഇന്ത്യ ഒരു രാഷ്ട്രമല്ല, സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ജിന്നയുടെ ആത്മാവ് കോണ്‍ഗ്രസിലേക്ക് കടന്നോ എന്ന് തോന്നും. മദ്രസകള്‍ തുറക്കുന്നത് ശരിയാണെന്നും മുസ്ലീം സര്‍വകലാശാലകള്‍ തുറക്കുന്നത് ശരിയാണെന്നും അവര്‍ പറയുന്നുവെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. ഹിജാബ് ധരിക്കുന്നത് ശരിയാണെന്നും അവര്‍ പറയുന്നു. അവരുടെ ധ്രുവീകരണ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നത് ആവശ്യമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം ഇത് വലിയൊരളവില്‍ അവസാനിക്കുമെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഹിമന്ത ബിശ്വ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബി ജെ പിയുടെ നിലവാരമാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. പരാമര്‍ശം പ്രതിഷേധാര്‍ഹവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മുന്‍ കോണ്‍ഗ്രസ് മന്ത്രി തിലക് രാജ് ബെഹാര്‍ പറഞ്ഞു.












Click it and Unblock the Notifications