ഭരണം നിലനിർത്താൻ പുതുമുഖങ്ങളെ പരീക്ഷിക്കാൻ ബിജെപി.. മുതിർന്ന നേതാക്കളെ ഇറക്കി മറുപടി നൽകാൻ കോൺഗ്രസ്
ദില്ലി; ഫെബ്രുവരി 14 ന് ഒറ്റഘട്ടമായിട്ടാണ് ഉത്തരാഖണ്ഡിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 10 ന് ഫലം വരും. ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ ഭരണം തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 70 ൽ 57 സീറ്റ് നേടിയ വിജയിച്ച ബി ജെ പി ഇത്തവണ സംസ്ഥാനത്തെ പതിവ് തെറ്റിക്കും എന്നും അവകാശപ്പെടുന്നു.
എന്നാൽ ഇക്കുറി ബി ജെ പി കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് തന്നെയാണ് പുറത്തുവന്ന അഭിപ്രായ സർവ്വേകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് പല സർവ്വേകളും പ്രവചിക്കുന്നത്. ഈ സാഹചര്യത്തിൽ അട്ടിമറി ലക്ഷ്യം വെച്ച് ചില നിർണായക നീക്കങ്ങൾക്ക് തയ്യാറെടുക്കുകയാണ് ബി ജെ പി നേതൃത്വം.

പാർട്ടിക്കുള്ളിലെ ഭിന്നതകളാണ് ബി ജെ പിയുടെ പ്രാണനെടുക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരേയാണ് ബി ജെ പി മാറ്റിയത്. കടുത്ത വിഭാഗീയതയെത്തുടര്‍ന്ന് ത്രിവേന്ദ്ര സിങ് റാവത്തിനാണ് ആദ്യം മാറ്റി നിർത്തിയത്. പിന്നീട് തീരഥ് സിംഗ് റാവത്തിനെ മുഖ്യമന്ത്രിയാക്കി. അദ്ദേഹത്തിനെതിരെ നേതാക്കൾ കലാപക്കൊടി ഉയർത്തിയതോടെ പിന്നീട് പുഷ്‌ക്കര്‍ സിംഗ് ധാമി മുഖ്യമന്ത്രിയായി ചുമതലയേറ്റു.

നിലവിൽ ധാമിക്ക് കീഴിലാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഇതുവരെ നേതൃത്വം തയ്യാറായിട്ടില്ല. ജനവരി 16 ന് ചേരുന്ന പാർട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാകും അന്തിമ തിരുമാനം കൈക്കൊള്ളിക. അതിനിടെ ഇക്കുറി സ്ഥാനാർത്ഥികളായി പല പുതിയ മുഖങ്ങളേയും നേതൃത്വം അവതരിപ്പിച്ചേക്കുമെന്നാണ് സൂചനകൾ.

നിലവിൽ മുൻ കേന്ദ്രമന്ത്രിമാരും മന്ത്രിമാരും എം എൽ എമാരും എല്ലാം തന്നെ പല മണ്ഡലങ്ങളിലും സീറ്റുകൾക്കായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സിറ്റിംഗ് എം എൽ എമാർ ഉൾപ്പെടെ പലർക്കും സീറ്റ് ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. കുറഞ്ഞത് 18 മുതൽ 23 വരെ പുതുമുഖങ്ങളെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം മറുവശത്ത് കോൺഗ്രസും സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ കീഴിലാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അദ്ദേഹത്തെ നേതൃത്വം പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ പഞ്ചാബിൽ ദളിത് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച രീതിയിൽ ഉത്തരാഖണ്ഡിലും ദളിത് നേതാവിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാൻ കോൺഗ്രസ് തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

നേരത്തേ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ദളിത് നേതാവ് യശ്പാൽ ആര്യ പാർട്ടിയിലേക്ക് മടങ്ങിയെത്തിയതോടെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചേക്കുമെന്നുള്ള സൂചനകളും ഉണ്ട്. എന്നാൽ റാവത്തിനെ പോലൊരു മുതിർന്ന നേതാവിനെ തള്ളിക്കൊണ്ട് അത്തരമൊരു തിരുമാനം എത്രത്തോളം ഫലം കാണുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

അതേസമയം മറ്റ് സ്ഥാനാർത്ഥികളെ ജനവരി 18 ഓടെ നേതൃത്വം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നേരത്തേ ഒരു കുടുംബത്തിൽ നിന്നും ഒരു ടിക്കറ്റ് എന്ന ഫോർമുല അവതരിപ്പിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ പല ശക്തരായ നേതാക്കളുടേയും കുടുംബാംഗങ്ങൾ ടിക്കറ്റിനായി മുൻപന്തിയിൽ ഉണ്ടെന്നിരിക്കേ നിലപാട് മയപ്പെടുത്താനുള്ള സാധ്യത ഉണ്ടെന്നും റിപ്പോർട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ 45 സ്ഥാനാർത്ഥികളെ നേതൃത്വം പ്രഖ്യാപിച്ചേക്കും. നിലവിലുള്ള 11 സിറ്റിംഗ് എം എൽ എമാർക്കും നേതൃത്വം ടിക്കറ്റ് നൽകിയേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 10,000 വോട്ടുൾക്ക് പരാജയം രുചിച്ച നേതാക്കൾക്കും ഇക്കുറി അവസരം നൽകിയേക്കുമെന്നാണ് സൂചന.
ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ












Click it and Unblock the Notifications