ഉത്തരകാശി ടണൽ ദുരന്തം; സർക്കാരിന്റെ പാരിതോഷികത്തോട് മുഖം തിരിച്ച് രക്ഷാപ്രവർത്തകർ, കാരണം ഇത്...
ന്യൂഡൽഹി: സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച റാറ്റ്-ഹോൾ ഖനിത്തൊഴിലാളികൾ സർക്കാർ ധനസഹായം നിരസിച്ചു. അടുത്തിടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നൽകിയ 50,000 രൂപയുടെ ചെക്കുകൾ ഏറ്റുവാങ്ങാൻ ഇവർ വിസമ്മതിക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച പാരിതോഷികം ഒരിക്കലും തങ്ങൾ വഹിച്ച പങ്കിന് ആനുപാതികമല്ലെന്ന് റാറ്റ് ഹോൾ ഖനിത്തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
"അതൊരു നിരാശാജനകമായ സാഹചര്യമായിരുന്നു. കുടുങ്ങിപ്പോയ തൊഴിലാളികളിലേക്ക് എത്താൻ യന്ത്രങ്ങൾക്ക് കഴിയാതെ വന്നപ്പോഴാണ് ഞങ്ങൾ എത്തിയത്. ഒരു മുൻവ്യവസ്ഥയും മുന്നോട്ട് വയ്ക്കാതെയാണ് ജീവൻ പണയപ്പെടുത്തി ഞങ്ങൾ അവശിഷ്‌ടങ്ങൾക്ക് ഇടയിലൂടെ കൈകൊണ്ട് തുരന്നത്. മുഖ്യമന്ത്രിയുടെ നടപടിയെ ഞങ്ങൾ അഭിനന്ദിക്കുന്നു, പക്ഷേ ഞങ്ങൾക്ക് നൽകിയ തുകയിൽ തൃപ്‌തരല്ല. ," റാറ്റ്-ഹോൾ മൈനർമാരുടെ ടീമിന്റെ തലവനായ വക്കിൽ ഹസ്സൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

"ഈ ഓപ്പറേഷനിൽ റാറ്റ്-ഹോൾ ഖനിത്തൊഴിലാളികളുടെ പങ്ക് വീരോചിതമായിരുന്നു, പക്ഷേ അവർക്ക് സർക്കാരിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ല" അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത 12 റാറ്റ്-ഹോൾ ഖനി തൊഴിലാളികളും ഒന്നിച്ചാണ് ഉത്തരാഖണ്ഡ് സർക്കാരിന്റെ സഹായധനം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടെടുത്തത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത റാറ്റ്-ഹോൾ ഖനിത്തൊഴിലാളികൾക്ക് സ്ഥിരം ജോലിയാണ് അവർ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ചെക്കുകൾ കൈമാറിയ അന്നുതന്നെ ഞാൻ മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ചിരുന്നു. രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനെ തുടർന്നാണ് ഞങ്ങൾ മടങ്ങിയത്. എന്നാൽ, വാഗ്‌ദാനം പാലിച്ചില്ലെങ്കിൽ ഈ ചെക്കുകൾ തിരികെ നൽകും" ഹസ്സൻ പറഞ്ഞു. 12 റാറ്റ് ഹോൾ ഖനിത്തൊഴിലാളികളെയും മുഖ്യമന്ത്രി 50,000 രൂപ വീതം ചെക്ക് നൽകി ചൊവ്വാഴ്‌ചയാണ് ആദരിച്ചത്.
അതേസമയം, ഉത്തരകാശിയിൽ കുടുങ്ങിപ്പോയ തൊഴിലാളികൾക്ക് എംഎസ് സ്‌റ്റീൽ പൈപ്പുകൾ ഉപയോഗിച്ച് രക്ഷപ്പെടാനുള്ള ഒരു പാസേജ് തയ്യാറാക്കുന്നതിനായി റാറ്റ്-ഹോൾ ഖനിത്തൊഴിലാളികൾ തുരങ്കത്തിന്റെ തകർന്ന ഭാഗത്തെ അവശിഷ്‌ടങ്ങൾക്കിടയിലൂടെ 15 മീറ്ററോളം തുരന്നിരുന്നു. ഇവരുടെ ഇടപെടലാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്.
ആഗർ മെഷീനുകളുടെ സഹായത്തോടെ തൊഴിലാളികളിലേക്ക് എത്താനുള്ള ശ്രമങ്ങൾ ഫലം കാണാത്തതിനെ തുടർന്നാണ് റാറ്റ്-ഹോൾ ഖനന തൊഴിലാളികളെ ഇവിടേക്ക് എത്തിക്കാൻ തീരുമാനിച്ചത്. നവംബർ 12നാണ് തുരങ്കം ഭാഗികമായി തകർന്നതിനെ തുടർന്ന് പതിനേഴു ദിവസത്തോളം തൊഴിലാളികൾ തുരങ്കത്തിന്റെ അടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു.












Click it and Unblock the Notifications