വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളുടെ 'പരിക്കുകള്‍' ഭേദമാക്കാന്‍ ജോധ്പൂർ തയ്യാർ; 360 കോടി രൂപയുടെ പദ്ധതി
ജോധ്പൂർ: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ കോച്ച് മെയിന്റനൻസ് സൗകര്യം 2026 ജൂണോടെ രാജസ്ഥാനിലെ ജോധ്പൂരിൽ പ്രവർത്തനസജ്ജമാകും. ഭഗത് കി കോഠി റെയിൽവേ സ്റ്റേഷനിൽ 360 കോടി ചെലവിലാണ് അത്യാധുനിക സൗകര്യം നിർമിക്കുന്നതെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയർ മേജർ അമിത് സ്വാമി വ്യക്തമാക്കി.
മെയിന്റനൻസ്-വർക്ക്ഷോപ്പ് ഡിപ്പോയുടെ ആദ്യ ഘട്ടം 2026 ജൂണോടെ പൂർത്തിയാകും. ഇതിൽ 600 മീറ്റർ ട്രാക്ക് ഉണ്ടാകും . അതായത് 24 സ്ലീപ്പർ കോച്ചുകൾ ഒരേസമയം പരിപാലിക്കാൻ കഴിയും. രണ്ടാം ഘട്ടം 2027 ജൂണോടെ പൂർത്തിയാകും. 178 മീറ്റർ ട്രാക്കും വർക്ക്ഷോപ്പ്, സിമുലേറ്റർ സൗകര്യവുമാണ് രണ്ടാഘട്ടത്തില്‍ ഉള്‍പ്പെടുക.

ഡെഡിക്കേറ്റഡ് വീൽ റാക്ക് സിസ്റ്റം, സ്പെഷ്യലൈസ്ഡ് ടെസ്റ്റിംഗ് ലാബ്, ലേറ്റസ്റ്റ് സിമുലേറ്ററുകൾ എന്നിവയും ജോധ്പൂരിൽ സജ്ജമാകും . ഇത് ഹൈ-ടെക് ഉപകരണങ്ങളുടെ പരിശീലനത്തിനും വിലയിരുത്തലിനും സഹായിക്കും. ഇന്ത്യൻ റെയിൽവേയുടെ കൃത്യത, സുരക്ഷ, പ്രകടനം എന്ന ലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകികൊണ്ടാണ് വന്ദേ ഭാരത് സ്ലീപ്പർ കോച്ച് മെയിന്റനൻസ് സൗകര്യം പ്രാവർത്തികമാക്കുന്നതെന്നും മേജർ അമിത് സ്വാമി പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ ചെലവ് 167 കോടി രൂപയും രണ്ടാം ഘട്ടത്തിലെ ചെലവ് 195 കോടി രൂപയുമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. റെയിൽവേ വികാസ് നിഗം ലിമിറ്റഡ് (ആർ വി എൻ എൽ) കൈനറ്റ് റെയിൽവേ സൊല്യൂഷൻ (റഷ്യ-ഇന്ത്യ ജോയിന്റ് വെഞ്ചർ) എന്നീ സാങ്കേതിക പങ്കാളികളുമായി ചേർന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ മാത്രമായിരിക്കും ഇവിടെ മെയിന്റയിന്‍സ് ചെയ്യുക. "ഡിപ്പോയിൽ മൂന്ന് ട്രെയിനുകൾ ഒരേസമയം പരിശോധിക്കാനും പരിപാലിക്കാനും കഴിയും. വർക്ക്ഷോപ്പിൽ മുഴുവൻ ട്രെയിൻ റേക്ക് ലിഫ്റ്റ് ചെയ്യൽ, ബോഗി ട്രാൻസ്ഫർ (ഡ്രോപ്പ് പിറ്റ് ടേബിൾ), വീൽ ടേണിംഗ് സിസ്റ്റം എന്നിവയുണ്ടാകും," അമിത് സ്വാമി വ്യക്തമാക്കി. അതേസമയം ബിജ്വാസൻ (ദില്ലി), താനിസന്ദ്ര (ബെംഗളൂരു), ആനന്ദ് വിഹാർ (ദില്ലി), വാഡി ബന്ദർ (മുംബൈ) എന്നിവിടങ്ങളിലും സമാനമായ പദ്ധതി ഉടന്‍ നിലവില്‍ വരും. രാജ്യത്ത് കൂടുതല്‍ വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍ കോച്ചുകള്‍ സർവ്വീസ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മെയിന്‍റയിന്‍സ് കേന്ദ്രങ്ങളും നിർമ്മിക്കുന്നത്.












Click it and Unblock the Notifications