ഭാര്യയുടെ അനുവാദമില്ലാതെ രണ്ട് തക്കാളിയെടുത്ത് ഭര്‍ത്താവ് കറിവെച്ചു; പിന്നീട് സംഭവിച്ചത്..!!
ഭോപ്പാല്‍: രാജ്യത്ത് വില പിടിവിട്ട് കുതിച്ചുയരുകയാണ്. പലരുടേയും പോക്കറ്റ് കാലിയാക്കുന്ന തരത്തിലാണ് തക്കാളി വില പ്രതിദിനം കൂടിക്കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളെ മാത്രമല്ല, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ മേഖലകളിലും തക്കാളിയുടെ വിലക്കയറ്റം വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വില കൂടുന്ന പശ്ചാത്തലത്തില്‍ തക്കാളി മോഷണത്തിന്റെ വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വന്ന് കൊണ്ടിരിക്കുകയാണ്.
അതിനിടയില്‍ ദാമ്പത്യ ജീവിതത്തിലും തക്കാളി വില്ലനാകുകയാണ്. തക്കാളി ഉപയോഗിച്ചതിന് ഭാര്യ പിണങ്ങിപ്പോയി എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവ്. മധ്യപ്രദേശിലെ ഷാഹ്ഡോലില്‍ നിന്നാണ് വിചിത്രമായ പരാതി ഉന്നയിച്ച് കൊണ്ട് യുവാവ് രംഗത്തെത്തിയിരിക്കുന്നത്. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചിരിക്കുകയാണ് യുവാവ്.

ചെറുകിട ഭക്ഷണശാല ഉടമയായ സന്ദീപ് ബര്‍മന്‍ ആണ് തന്റെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. താന്‍ ഭക്ഷണം പാചകം ചെയ്തപ്പോള്‍ രണ്ട് തക്കാളി ഉപയോഗിച്ചെന്നും ഇതിന്റെ പേരില്‍ താനും ഭാര്യ ആരതി ബര്‍മനും തമ്മില്‍ വഴക്കായി എന്നും സന്ദീപ് ബര്‍മന്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി താന്‍ ഭാര്യയെ അന്വേഷിക്കുകയാണ് എന്നാണ് സന്ദീപ് ബര്‍മന്‍ പറയുന്നത്.
'അവള്‍ എന്റെ മകളോടൊപ്പം വീട് വിട്ട് ഒരു ബസില്‍ കയറി. ഞാന്‍ മൂന്ന് ദിവസമായി അവളെ തിരയുന്നു, അവളുടെ ഫോട്ടോയും പൊലീസിന് നല്‍കി, പക്ഷേ അവര്‍ക്ക് അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല,' സന്ദീപ് ബര്‍മന്‍ പറഞ്ഞു. തന്റെ അനുവാദമില്ലാതെ ഭക്ഷണത്തില്‍ തക്കാളിയിട്ടതാണ് ആരതിയെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ ഭാര്യ അസ്വസ്ഥയാകുകയും അതിനെ ചൊല്ലി വഴക്കിടുകയും ചെയ്തുവെന്നാണ് സന്ദീപ് ബര്‍മന്‍ പറയുന്നത്.
താന്‍ ഭക്ഷണത്തില്‍ തക്കാളിയിട്ടത് ഭാര്യയ്ക്ക് ഇഷ്ടമായില്ലെന്നും സന്ദീപ് ബര്‍മന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സന്ദീപ് ബര്‍മന്‍ പരാതി നല്‍കിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭര്‍ത്താവുമായി വഴക്കിട്ട് മകളേയുമെടുത്ത് ആരതി ഉമരിയയിലുള്ള സഹോദരിയുടെ വീട്ടിലേക്കാണ് പോയിരിക്കുന്നത് എന്ന് ധന്‍പുരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞു. സന്ദീപും ആരതിയും ഫോണില്‍ സംസാരിച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ആരതി ഉടന്‍ മടങ്ങിയെത്തുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം തക്കാളി വില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ചില്ലറ വിപണികളില്‍ വെള്ളിയാഴ്ച മുതല്‍ കുറഞ്ഞ നിരക്കില്‍ തക്കാളി വില്‍ക്കാന്‍ തുടങ്ങുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉല്പാദന മേഖലകളില്‍ നിന്ന് തക്കാളി സംഭവിച്ച് പ്രധാന വിപണന കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്താം എന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.












Click it and Unblock the Notifications