മകന് ഫീസടയ്ക്കാന്‍ പണമില്ല; നഷ്ടപരിഹാരം പ്രതീക്ഷിച്ച് ബസ്സിന് മുന്നില്‍ ചാടിയ അമ്മ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ മകന്റെ കോളേജ് ഫീസടയ്ക്കാന്‍ പണമില്ലാതെ ബസ്സിന് മുന്നില്‍ ചാടിയ അമ്മയ്ക്ക് ദാരുണാന്ത്യം. ഇവര്‍ അപകടമുണ്ടായാല്‍ സര്‍ക്കാരില്‍ നിന്ന് ആശ്വാസ ധനം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ബസ്സിന് മുന്നില്‍ ചാടിയത്. സേലത്താണ് സംഭവം നടന്ന്. കളക്ടര്‍ ഓഫീസിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയായ പാപ്പാത്തിയാണ് മരിച്ചത്. മകന് കോളേജ് ഫീസ് നല്‍കാന്‍ ഇവര്‍ക്ക് മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു. അതിന്റെ ബുദ്ധിമുട്ടിലായിരുന്നു ഇവര്‍.
തനിക്ക് അപകടം സംഭവിച്ചാല്‍ പണം ലഭിക്കുമെന്നും, അത് മകന്റെ വിദ്യാഭ്യാസത്തിന് സഹായകരമാകുമെന്നും ഇവര്‍ കരുതി. ഇതേ തുടര്‍ന്നായിരുന്നു ഇവര്‍ ആത്മഹത്യാ ശ്രമം നടത്തിയത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.പാപ്പാത്തി റോഡിലൂടെ നടക്കുന്നതും ബസ് ഇടിച്ച് തെറിപ്പിക്കുന്നതുമാണ് 48 സെക്കന്‍ഡുള്ള വീഡിയോയില്‍ ഉള്ളത്. അത്യാവശ്യം തിരക്കുള്ള റോഡാണിത്. എതിരെ ബസ് വരുന്നത് വീഡിയോയില്‍ കാണാം. ഇവര്‍ ബസ്സിന് മുന്നിലേക്ക് നടക്കുകയായിരുന്നു.

ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഈ നീക്കത്തില്‍ ബസ്സ് ഡ്രൈവര്‍ക്കും യാതൊന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇടിയും ആഘാതം ഗുരുതരമായിരുന്നു. അപകടമരണത്തിലാണ് അധികൃതര്‍ കേസ് എടുത്തത്. എന്നാല്‍ വീഡിയോ പുറത്തുവന്നതോടെ സംഭവത്തെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിക്കുകയാണ്. പാപ്പാത്തി ജീവിതത്തില്‍ നിറയെ പ്രശ്‌നങ്ങള്‍ ഉള്ളവരാണെന്നാണ് നാട്ടുകാരും പറയുന്നത്.
മകന്റെ പഠനത്തിനുള്ള പണം കൈയ്യില്‍ ഇല്ലാത്തതിനാല്‍ പാപ്പാത്തി ഏറെ നാളായി വലിയ വിഷമത്തിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം അപകടത്തില്‍ മരിക്കുകയോ, പരിക്കേല്‍ക്കുകയോ ചെയ്താല്‍ ബന്ധുക്കള്‍ സര്‍ക്കാരില്‍ നിന്ന് സഹായധനം ലഭിക്കുമെന്ന് പാപ്പാത്തിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു.
സംഭവം ദിവസം തന്നെ ഇവര്‍ ആദ്യം ഒരു ബസ്സിന് മുന്നില്‍ ചാടാന്‍ ശ്രമിച്ചപ്പോള്‍ എതിരെ വന്ന ബൈക്ക് ഇടിച്ച് ഇവര്‍ക്ക് പരിക്കേറ്റിരുന്നു. ഇത് കഴിഞ്ഞ് മിനുട്ടുകള്‍ക്കുള്ളിലാണ് ഇവര്‍ ബസ്സിന് മുന്നിലേക്ക് ചാടിയത്. ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. പതിനെട്ട് വര്‍ഷമായി മകനും, മകളും അടങ്ങിയ കുടുംബത്തെ ഇവരാണ് സംരക്ഷിച്ച് കൊണ്ടുപോയിരുന്നത്.ഇവരുടെ രണ്ട് മക്കളും കോലേജിലാണ്. മകള്‍ അവസാന വര്‍ഷം ഇലക്ട്രോണിക് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. മകന്‍ പോളിടെക്‌നിക്ക് കോളേജില്‍ ആര്‍ക്കിടെക്ച്ചര്‍ പഠിക്കുകയാണ്.
പോലീസ് ആരാണ് ഇവരെ തെറ്റിദ്ധരിപ്പിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. 45000 രൂപയായിരുന്നു കോളേജില്‍ അടയ്ക്കാന്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പതിനായിരം രൂപ മാത്രമായിരുന്നു ഇവരുടെ ശമ്പളം. ഇവര്‍ കടം വാങ്ങിയാണ് മക്കളെ പഠിപ്പിച്ചിരുന്നതെന്നും സൂചനയുണ്ട്. അതേസമയം പാപ്പാത്തിയുടെ മകന്‍ ഈ ആരോപണങ്ങളെല്ലാം തള്ളി. എല്ലാം വ്യാജ വാര്‍ത്തകളാണ്. ഞങ്ങളുടെ ബന്ധുക്കള്‍ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. സത്യം പുറത്തുവരുമെന്നും കുട്ടി പറഞ്ഞു.












Click it and Unblock the Notifications