'പാർട്ടി മാറിയതോടെ ഉത്തരവാദിത്തമില്ലാതായി', വിമാനങ്ങൾ വൈകുന്നതിൽ തരൂർ- സിന്ധ്യ വാക്പോര്
ഡല്‍ഹി: വിമാനങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വാക്‌പോരുമായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് എംപി ശശി തരൂരും. വിമാനങ്ങള്‍ വൈകുന്നത് മൂലമുളള പ്രശ്‌നങ്ങള്‍ മോദി സര്‍ക്കാരുണ്ടാക്കിയതാണ് എന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി രംഗത്ത് വന്നതിനെ തുടര്‍ന്നാണ് വാക്‌പോരിന് തുടക്കമായത്.
ശശി തരൂര്‍ വെറുതെയിരുന്ന് വിമര്‍ശനം ഉന്നയിക്കുന്നതാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നുമാണ് സിന്ധ്യ പ്രതികരിച്ചത്. സിന്ധ്യ പക്ഷം മാറിയതോടെ ജനങ്ങളോട് ഉത്തരവാദിത്തമില്ലായ്മ എന്നുളള മോദി സര്‍ക്കാരിന്റെ നയം കൂടി സ്വീകരിച്ചിരിക്കുകയാണെന്ന് തരൂര്‍ തിരിച്ചടിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് പോലെ, ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മോദി സര്‍ക്കാരിന്റെ പ്രശ്‌നങ്ങളല്ല എന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

തിരഞ്ഞെടുത്ത ചില വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ഈ വിഷയത്തില്‍ തരൂര്‍ ഗവേഷണം നടത്തിയെന്ന് പറയാനാകില്ല എന്ന് പ്രതികരിച്ച ജ്യോതിരാദിത്യ സിന്ധ്യ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വ്യോമയാന രംഗത്ത് ഉണ്ടായ വികസന നേട്ടങ്ങളുടെ കണക്കുകളും നിരത്തി. വ്യോമയാന രംഗത്ത് വളര്‍ച്ചയുണ്ടെന്ന് നിരാകരിക്കുന്നില്ലെന്ന് പ്രതികരിച്ച തരൂര്‍ സര്‍ക്കാരിന്റെ ആസൂത്രണത്തില്‍ വ്യക്തമായ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് കൊണ്ട് പരിഹാരമാര്‍ഗങ്ങള്‍ തയ്യാറാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി.
കോടിക്കണക്കിന് പണനഷ്ടം, ലക്ഷക്കണക്കിന് ആളുകളുടെ ജീവിതങ്ങള്‍ തടസ്സപ്പെട്ടു, ഈ ഉത്സവകാലത്ത് ആയിരക്കണക്കിന് ആളുകള്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താനായില്ല, ഇതൊക്കെ നടക്കുമ്പോള്‍ മറുവശത്ത് ബഹുമാനപ്പെട്ട മന്ത്രി ആളുകളെ ഓരോ പേര് വിളിച്ച് സമയം കളയുകയാണ് എന്നും തരൂര്‍ കുറ്റപ്പെടുത്തി. തന്റെ ഗവേഷണത്തിലും മറ്റുമല്ല, യാത്രക്കാരുടെ പ്രശ്‌നങ്ങളിലേക്ക് വേണം മന്ത്രി ശ്രദ്ധ കൊടുക്കാന്‍. അങ്ങനെ വന്നാല്‍ തന്റെ മന്ത്രാലയത്തിന്റെ പിടിപ്പുകേടുകളും തയ്യാറെടുപ്പുകളുടെ അഭാവവും അനവധി പഴുതുകളും അടക്കം പരിഹരിക്കാനുളള സമയം അദ്ദേഹത്തിന് ലഭിക്കും എന്നും എന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications