'നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ, ഹിജാബ് നിരോധനം ഉടൻ പിൻവലിക്കും'; സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകത്തിൽ ഹിജാബ് നിരോധനം ഉടൻ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ആളുകൾക്ക് അവർ ഇഷ്ടപ്പെടുന്നത് എന്ത് വസ്ത്രങ്ങളും ധരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മൈസൂരിൽ ഒരു സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
'ആ തീരുമാനം ഞങ്ങൾ പിൻവലിക്കുകയാണ്, ഇപ്പോൾ സംസ്ഥാനത്ത് ഹിജാബ് നിരോധനമില്ല. സ്ത്രീകൾക്ക് ഹിജാബ് ധരിച്ച് പുറത്തിറങ്ങാം. ഉത്തരവ് തിരിച്ചെടുക്കാൻ ഞാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്', അദ്ദേഹം വ്യക്തമാക്കി. ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'വസ്ത്രം ധരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഓരോരുത്തരുടെ ഇഷ്ടമാണ്, അതിനെ ഞാൻ എന്തിന് എതിർക്കണം? നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ, ഇഷ്ടമുള്ളത് കഴിക്കൂ, ഞാൻ മുണ്ട് ധരിക്കുന്നു, നിങ്ങൾ ജീൻസ് ധരിക്കുന്നു, അതിനെന്താണ് പ്രശ്നം? അതൊക്കെ ഞാൻ എന്തിനാണ് ശ്രദ്ധിക്കുന്നത്. വോട്ട് കിട്ടാൻ വേണ്ടിയല്ല രാഷ്ട്രീയം ചെയ്യേണ്ടത്, അത് ഞങ്ങൾ ചെയ്യില്ല', സിദ്ധരാമയ്യ പറഞ്ഞു.
2022 ഫെബ്രുവരിയിലായിരുന്നു മുൻ ബി ജെ പി സർക്കാർ കർണാടകയിലെ കോളേജുകളിൽ ഹിജാബ് വിലക്കിയത്. ഉഡുപ്പിയിലെ കോളേജിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ക്ലാസിൽ കയറാൻ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നായിരുന്നു നടപടി. ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർഥിനികൾക്ക് ക്ലാസ് മുറികളിൽ പ്രവേശനം നിഷേധിക്കുകയായിരുന്നു. അതേസമയം ഉത്തരവിനെതിരെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമായിരുന്നു അരങ്ങേറിയത്.
തുടർന്ന് വിദ്യാർത്ഥികൾ നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കർണാടക ഹൈക്കോടതി നിരോധനം ശരിവച്ചു. ഹിജാബ് ധരിക്കല്‍ ഇസ്ലാം മതത്തില്‍ അനിവാര്യമല്ലെന്നും ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നുമായിരുന്നു കോടതി പറഞ്ഞത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അത് വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിന്റെ ലംഘനമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ വിധിക്കെതിരെ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ സുപ്രീം കോടതിയിൽ നിന്നും ഭിന്നവിധിയാണുണ്ടായത്.
ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകൾ ജസ്റ്റിസ് ഹേമന്ത് ഗുപ്ത തള്ളിയപ്പോൾ ജസ്റ്റിസ് സുധാൻഷു ധൂലിയ അനുമതി നൽകുകയായിരുന്നു. ഹിജാബ് ധരിക്കല്‍ മതാചാരമാണ് എന്നാല്‍ അനിവാര്യമായ മതാചാരമല്ല എന്നായിരുന്നു സർക്കാർ നിലപാട്.












Click it and Unblock the Notifications