പശ്ചിമബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി, ആദ്യ റൗണ്ടിൽ വൻ മുന്നേറ്റവുമായി തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ തൃണമൂൽ കോൺഗ്രസിനാണ് ലീഡ്. 136 പഞ്ചായത്ത് സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്ത് സീറ്റുകളിലും 445 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമാണ് തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 21 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം ഇടത് സഖ്യത്തിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ജൂൺ 8 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അക്രമങ്ങളിൽ 18 പേരായിരുന്നു കൊല്ലപ്പെട്ടത്. നിരവധി പേർക്ക് അക്രമങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെ 65,000 പേരടങ്ങുന്ന കേന്ദ്രസേനയെയും 70,000 വരുന്ന സംസ്ഥാന പോലീസിനെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
അതേസമയം സുരക്ഷയ്ക്കിടയിലും വോട്ടെൽ കേന്ദ്രങ്ങളിൽ വ്യാപക അക്രമങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാവിലെയോടെ വോട്ടെണ്ണൽ കേന്ദ്രമായ ഡയമൗണ്ട് ഹാർബറിലെ ഫക്രിചന്ദ് കോളേജിന് സമീപത്ത് ബോംബേറ് നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൗണ്ടിങ് ഏജന്റുമാരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നില്ലെന്നുള്ള പരാതികളും ഉയരുന്നുണ്ട്. പാർട്ടി ഏജന്റുമാരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ബിജെപി പ്രവർത്തകർ കത്വ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. അതിനിടെ മുർഷിദാബാദിലെ ഹരിഹർപരയിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ ചിലർ മർദ്ദിച്ചതായും റിപ്പോർട്ടുണ്ട്.
അതിനിടെ അക്രമം അഴിച്ചുവിടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ആനന്ദ് ബോസ് മുന്നറിയിപ്പ് നൽകി. ഗുണ്ടകളെ കളത്തിലിറക്കി അവർക്ക് പിന്നിൽ കളിക്കുന്ന രാഷ്ട്രീയ നേതാക്കളെ വെറുതെ വിടില്ലെന്നും ഗവർണർ പറഞ്ഞു.
22 ജില്ലാ പരിഷത്തുകളിലുള്ള 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2018 ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനായിരുന്നു മുന്നേറ്റം. അന്ന് 90 ശതമാനം പഞ്ചായത്ത് സീറ്റുകളിലും 22 ജില്ലാ പരിഷത്തുകളിലും തൃണമൂലിനായിരുന്നു വിജയിക്കാൻ സാധിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്. അതുകൊണ്ട് തന്നെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു ഇത്തവണ നടന്നത്.












Click it and Unblock the Notifications