അപകടമുണ്ടാക്കിയത് സിഗ്നല്‍ തെറ്റിച്ചുവന്ന ഗുഡ്‌സ് ട്രെയിന്‍; അന്വേഷണത്തിന് ഉത്തരവിട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം സിഗ്നല്‍ തെറ്റിച്ച് വന്ന ഗുഡ്സ് ട്രെയിന്‍. അസമിലെ സില്‍ച്ചാറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദായിലേക്ക് പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് സിഗ്നല്‍ തെറ്റിച്ച് വന്ന ഗുഡ്സ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ 15 പേരാണ് മരിച്ചത്.
ന്യൂ ജല്‍പായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്റ്റേഷന് അടുത്താണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ്, സഹായി, പാസഞ്ചര്‍ ട്രെയിനിന്റെ ഗാര്‍ഡ് എന്നിവരടക്കമുള്ളവരാണ് മരിച്ചത്. പ്രശസ്തമായ ഹില്‍ സ്റ്റേഷനായ ഡാര്‍ജിലിംഗിലേക്ക് യാത്ര ചെയ്യാന്‍ വിനോദസഞ്ചാരികള്‍ പതിവായി ഉപയോഗിക്കുന്നത് കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ആണ്.

വടക്കുകിഴക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചിക്കന്‍സ് കോറിഡോര്‍ എന്ന് വിളിക്കപ്പെടുന്ന ഇടുങ്ങിയ കരയിലൂടെയാണ് റൂട്ട് കടന്നുപോകുന്നത്. ഈ റൂട്ടില്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനമാണ് പ്രവര്‍ത്തിക്കുന്നത്. സമാന്തര ലൈനുകള്‍ ഉള്ളതിനാല്‍ തന്നെ തിരക്കേറിയ ഈ പാതയില്‍ ഒരേ സമയം ഒന്നിലധികം ട്രെയിനുകള്‍ ചുറ്റും വരാനുള്ള സാധ്യത കൂടുതലാണ്.
അപകടത്തില്‍ എക്സ്പ്രസ് ട്രെയിനിന്റെ അവസാനത്തെ മൂന്ന് കോച്ചുകള്‍ പാളം തെറ്റിയതായാണ് വിവരം. അപകടത്തെ തുടര്‍ന്ന് പത്ത് ട്രെയിനുകളെങ്കിലും വഴിതിരിച്ചുവിട്ടു. അതേസമയം അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഉദ്യോഗസ്ഥരുമായി സംസാരിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതബാധിതരെ സഹായിക്കാന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു,' അദ്ദേഹം പറഞ്ഞു. അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബംങ്ങള്‍ പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് അരലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ സംഭവസ്ഥലത്തെത്തി. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷവും ചെറിയ പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതം സഹായവും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
പരിക്കേറ്റവര്‍ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകട സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബോഗികള്‍ക്കിടയില്‍ കുടുങ്ങിയവരെ എല്ലാം ആശുപത്രിയില്‍ എത്തിച്ചുവെന്നും റെയില്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡല്‍ഹിയില്‍ വാര്‍ റൂമും തുറന്നിരുന്നു.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനിന് പിന്നില്‍ രണ്ട് പാഴ്‌സല്‍ വാനുകളും ഒരു ഗാര്‍ഡ് കോച്ചും ഉണ്ടായിരുന്നു. ഇത് കൂട്ടിയിടിയുടെ ആഘാതം ഗണ്യമായി കുറച്ചതായി വിശ്വസിക്കപ്പെടുന്നു. റെയില്‍വേ എല്ലാ ട്രെയിനുകളും പുതിയ എല്‍എച്ച്ബി കോച്ചുകള്‍ ഉപയോഗിച്ച് നവീകരിക്കുന്നുണ്ട്, എന്നാല്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മ്മിച്ച പഴയ കോച്ചുകള്‍ ഉപയോഗിച്ചാണ് കാഞ്ചന്‍ജംഗ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്.
കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ 4 ബോഗികളും ഗുഡ്‌സ് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കണ്ടെയിനറുകളുമാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയോടെ കാഞ്ചന്‍ ജംഗ എക്‌സ്പ്രസ് അപകടത്തില്‍ പെടാത്ത ബോഗികളുമായി യാത്ര പുനരാരംഭിച്ചു. യാത്രക്കാര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്നും റെയില്‍വേ അറിയിച്ചു. അതിനിടെ അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
അശ്വിനി വൈഷ്ണവ് മന്ത്രിയായിരിക്കെയാണ് ഏറ്റവും കൂടുതല്‍ ട്രെയിന്‍ അപകടങ്ങള്‍ നടന്നതെന്നും മന്ത്രി രാജി വെയ്ക്കാനോ ഉത്തരവാദിത്വം ഏറ്റെടുക്കാനോ തയാറാകുന്നില്ല എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. റെയില്‍വേ മന്ത്രാലയത്തിന്റെ ഗുരുതര വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.












Click it and Unblock the Notifications