Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് റഫാല്‍ കേസ്? കേന്ദ്രത്തെ വെട്ടിലാക്കിയ ഇടപാട്, മോദിക്കും രാഹുലിനും വിധി നിര്‍ണായകം

ദില്ലി: ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍ നിന്ന് 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് വിവാദമായത്. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ എല്ലാ ആരോപണങ്ങളും തള്ളിയ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് ഇടപാടുമായി മുന്നോട്ടുപോകുന്നതില്‍ പ്രശ്‌നമില്ലെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തരവിട്ടു.

Page

ഇതിനെതിരെ മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമര്‍പ്പിച്ച പുനപ്പരിശോധന ഹര്‍ജികളിലാണ് നാളെ വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച രാവിലെ 10.30ന് കേസില്‍ വിധി പറയും. വാദം കേള്‍ക്കല്‍ മെയ് പത്തിന് പൂര്‍ത്തിയാക്കിയ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.

റഫാലില്‍ അഴിമതിയുണ്ട്, തദ്ദേശീയ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തതില്‍ ചട്ടലംഘനം നടന്നു എന്നിവയാണ് ഹര്‍ജിക്കാരുടെ പ്രധാന ആരോപണങ്ങള്‍. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വന്‍ വിവാദമായിരുന്നു റഫാല്‍ അഴിമതി. രാഹുല്‍ ഗാന്ധി പ്രധാനമായും പ്രചാരണത്തില്‍ ഉന്നയിച്ച വിഷയവും ഇതുതന്നെയായിരുന്നു.

ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷന് വേണ്ടി തദ്ദേശീയ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തത് കേന്ദ്രസര്‍ക്കാരല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ദസ്സോയുടെ നടപടിയാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം ഹര്‍ജിക്കാര്‍ എതിര്‍ത്തു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അത് രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് നേട്ടമാകുമെന്നും കേന്ദ്രം പറയുന്നു. എന്നാല്‍ യുദ്ധവിമാനത്തിന്റെ വില പരസ്യപ്പെടുത്തിയാല്‍ എങ്ങനെയാണ് ദേശസുരക്ഷയെ ബാധിക്കുക എന്നു ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ ചോദ്യം ചെയ്തു.

തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. രേഖ കോടതിക്ക് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളസാക്ഷ്യത്തിന് നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രാലയം അംഗീകരിക്കാത്തതും ഒപ്പുവയ്ക്കാത്തതുമായ രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. തെറ്റായ രേഖകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞതെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളും ഹര്‍ജിക്കാര്‍ ഹാജരാക്കി. ഈ രേഖകള്‍ ഉദ്ധരിച്ച് ഹിന്ദു പത്രം ഫെബ്രുവരിയില്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഈ രേഖ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് കേന്ദ്രം വാദിച്ചത്. ഈ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. കോടതിയുടെ ഈ നിലപാട് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി.

കോടതി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചും നരേന്ദ്ര മോദിക്കെതിരെ ആയുധമാക്കിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്നാണ് അദ്ദേഹം നരേന്ദ്രമോദിക്കെതിരെ പ്രസംഗിച്ചത്. ഇക്കാര്യം കോടതി തന്നെ വിലിയിരുത്തിയെന്നും രാഹുല്‍ പറഞ്ഞു. രാഹുലിനെതിരെ ബിജെപി എംപി മീനാക്ഷി ലേഖി സുപ്രീംകോടതിയെ സമീപിച്ചു. കോടതി അലക്ഷ്യത്തിന് കേസെടുത്തതോടെ രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ ചൂടില്‍ പ്രസംഗിച്ചതാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. രാഹുല്‍ ഗാന്ധിക്കെതിരായ ഈ കേസിലും സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും. റഫാല്‍ കേസില്‍ വീണ്ടും അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടാല്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+